2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

‘അഫലിയോണ്‍ പ്രതിഭാസം’ യാഥാര്‍ത്ഥ്യം അറിയാം

‘നാളെ മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് 22 വരെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തണുപ്പ് കൂടുതലായിരിക്കും. ഇതിനെ അഫെലിയോണ്‍ പ്രതിഭാസം എന്ന് പറയുന്നു. നാളെ 05.27 മുതല്‍ ഭൂമി സൂര്യനില്‍ നിന്ന് വളരെ അകലെയാകുന്ന അഫിലിയോണ്‍ പ്രതിഭാസം നമുക്ക് അനുഭവപ്പെടും. നമുക്ക് ഈ പ്രതിഭാസം കാണാന്‍ കഴിയില്ല, പക്ഷേ അതിന്റെ ആഘാതം നമുക്ക് അനുഭവിക്കാന്‍ കഴിയും. ഇത് 2022 ഓഗസ്റ്റ് വരെ നീണ്ടുനില്‍ക്കും. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയെ ബാധിക്കുന്ന തണുപ്പ് മുന്‍കാല തണുപ്പിനേക്കാള്‍ കൂടുതലായി നമുക്ക് അനുഭവപ്പെടും. അതിനാല്‍, പ്രതിരോധശേഷി ശക്തമാക്കുന്നതിന് ചിട്ടയായ വ്യായാമവും, ശരിയായ ആഹാരവും, ധാരാളം വിറ്റാമിനുകളും മിനറല്‍സുകളും കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഉപേക്ഷിച്ചും തനതായ ശുദ്ധജലം, കരിക്ക്, ലെമണ്‍ ജ്യൂസ് etc ശരിയായ ഉറക്കം, മാനസ്സിക സംഘര്‍ഷങ്ങളില്‍ പെടാതെയും പങ്കെടുക്കാതെയും, ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും നമ്മളിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം 5 പ്രകാശ മിനിറ്റ് അല്ലെങ്കില്‍ 90,000,000 കി.മീ. 152,000,000 കി.മീ വരെ അഫെലിയോണ്‍ എന്ന പ്രതിഭാസം 66% കൂടുതല്‍. ഈ വിവരം എല്ലാ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കുക’

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സ് ആപില്‍ പ്രചരിക്കുന്ന സന്ദേശമാണിത്. സത്യത്തില്‍ ശാസ്ത്രീയ അടിത്തറകളൊന്നുമില്ലാത്ത ഒരു പ്രചാരണമാണിത്. എന്താണ് ‘അഫെലിയോണ്‍ പ്രതിഭാസം’ എന്നും അത് സംബന്ധിച്ച വിശദീകരണങ്ങളും നോക്കാം.

ഭൂമിയില്‍ നിന്ന് സൂര്യന്‍ ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ദിവസത്തെയാണ് അഫലിയോണ്‍ ദിനം എന്ന് പറയുന്നത്. 2022ലെ അഫലിയോണ്‍ ദിനം ഇന്നാണ് അഥവാ ജൂലൈ 4 ന്. ഇന്ന് സൂര്യന്‍ ഭൂമിയില്‍ നിന്ന് ഏകദേശം 15 കോടി 21 ലക്ഷം കിലോമീറ്റര്‍ അകലെ ആണ് സ്ഥിതി ചെയ്യുന്നത്. ഗ്രീനിച്ച് സമയം രാവിലെ 7 ന് അഥവാ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ന് ആയിരിക്കും സൂര്യന്‍ ഇത്രയും അകലത്തില്‍ ഉണ്ടാകുക. കോഴിക്കോട്ട് നിന്ന് ഇന്ന് ഉച്ചയ്ക്ക് 12.30ന് സൂര്യനിലേക്കുള്ള ദൂരം അളന്നാല്‍ 152,098,455 km (94,509,598 mi) ഉണ്ടാകും.

പതിവ് പ്രതിഭാസം, ആശങ്ക വേണ്ട

ജനുവരി 4 നാണ് സൂര്യന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നത്. ഇതിനെ പെരി ഹീലിയോണ്‍ എന്ന് വിളിക്കും. എല്ലാ വര്‍ഷവും ഭൂമി സൂര്യനെ പരിക്രമണം ചെയ്യുമ്പോള്‍ വരുന്ന പ്രതിഭാസമാണിത്. പുരാതന ഗ്രീക്ക് ഭാഷയില്‍ നിന്നാണ് ഈ പേര് വന്നത്. അഫ് – (അകലെ) പെരി – ( അടുത്ത് ) എന്നാണ് അര്‍ഥം. സൂര്യന്‍ അടുത്തും അകലെയും എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജൂണിലെ അയനം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷമാണ് അഫലിയോണ്‍ ഉണ്ടാകുന്നത്. ഡിസംബറിലെ അയനം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷം പെരി ഹീലിയോന്‍ ഉണ്ടാകുന്നു. 2023 ല്‍ അഫലിയോണ്‍ ജൂലൈ 7 ന് ഉച്ചയ്ക്ക് 1.30 നാണ്. 2024 ല്‍ ഇത് ജൂലൈ 5 ന് രാവിലെ 10:36 നും ആണ് ഉണ്ടാകുക.

ഇത്തവണത്തെ പ്രത്യേകത

ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലം 14 കോടി 96 ലക്ഷം കിലോമീറ്റര്‍ ആണ്. ഇതാണ് ഒരു ആസ്‌ട്രോണോമിക്കല്‍ യൂണിറ്റ് (AI). സാധാരണയായി സൗരയൂഥത്തില്‍ ഗ്രഹങ്ങള്‍ തമ്മില്‍ ഉള്ള അകലം കണക്കാക്കാന്‍ ആസ്‌ട്രോണോമിക്കല്‍ യൂണിറ്റ് ആണ് ഉപയോഗിക്കുന്നത്. 10 ആസ്‌ട്രോണോമിക്കല്‍ യൂണിറ്റ് അകലെ എന്നാല്‍ 150 കോടി കിലോമീറ്റര്‍ അകലെ എന്ന് അര്‍ഥം.
ഇന്ന് 15 കോടി 21 ലക്ഷം കി.മീ അകലെയാണ് സൂര്യന്‍ എന്നതാണ് പ്രത്യേകത. അതായത് 500 പ്രകാശ സെക്കന്റ് അകലെ. അതായത് സൂര്യനിലെ പ്രകാശം ഇന്ന് ഭൂമിയില്‍ എത്താന്‍ 8 മിനുട്ടും 20 സെക്കന്റും വേണ്ടി വരും. പ്രകാശം സെക്കന്റില്‍ 3 ലക്ഷം കി.മീ ആണ് സഞ്ചരിക്കുക.

ഭൂമി സൂര്യനെ ചുറ്റുന്നത് ദീര്‍ഘ വൃത്താകൃതിയില്‍

പെരി ഹീലിയോണ്‍ സമയത്ത് ഈ അകലം 14 കോടി 70 ലക്ഷം കി.മീ ആയി കുറയും. 1.67 % വ്യതിയാനം ഈ പ്രതിഭാസം ഉണ്ടാകുമ്പോള്‍ ദൂരത്തില്‍ വരും. ഭൂമി സൂര്യന് ചുറ്റം വൃത്താകൃതിയില്‍ കറങ്ങുന്നു എന്നായിരുന്നു പഴയ കാലത്ത് കരുതിയിരുന്നത്. 17 മത്തെ നൂറ്റാണ്ടില്‍ ജൊഹന്നാസ് കെപ്ലര്‍ എന്ന ജര്‍മന്‍ അസ്‌ട്രോണമര്‍ ആണ് ദീര്‍ഘവൃത്താകൃതിയില്‍ ഉള്ള ഓര്‍ബിറ്റ് ഉണ്ടെന്ന് കണ്ടെത്തിയത്. ഭൂമി സൂര്യനെ ചുറ്റുന്നത് ദീര്‍ഘ വൃത്താകൃതിയില്‍ ഉള്ള ഒരു ഓര്‍ബിറ്റില്‍ കൂടി ആണ് ( Elliptical shape ) എന്നതിനാലാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഇതിന്റെ eccetnrictiy 0.0167 ആണ്..
ഒരു വൃത്തത്തിന്റെ eccetnrictiy പൂജ്യവും ആണ്. eccetnrictiy കൂടുന്തോറും അത് കൂടുതല്‍, കൂടുതല്‍ ദീര്‍ഘ വൃത്തം ആകും. ഇവിടെ ഭൂമിയുടെ ഭ്രമണപഥത്തിന്റെ eccetnrictiy 0. 0167 എന്നത് പൂജ്യത്തോട് അടുത്ത സംഖ്യ ആണ്.
അതിനാല്‍ ഭൂമിയുടെ ഭ്രമണപഥം അത്രയ്ക്ക് വലിയ ദീര്‍ഘവൃത്തം അല്ല എന്നര്‍ഥം. eccetnrictiy 1 ആകുമ്പോള്‍ അതൊരു പരാബോളയും 1 ല്‍ കൂടുതല്‍ ആകുമ്പോള്‍ ഹൈപ്പര്‍ബോളയും ആകും.

വാട്‌സ് ആപ്പ് പ്രചാരണത്തില്‍ കഴമ്പില്ല

വാട്‌സ് ആപ്പ് പോസ്റ്റില്‍ പ്രചരിക്കുന്നതു പോലെ അസ്വഭാവികതയൊന്നും ഇതിലില്ല. ഭൂമിയിലെ ചൂട് പെരി ഹീലിയന്‍ സമയത്ത് കൂടുമെന്നോ അഫലിയോണ്‍ സമയത്ത് കുറയുമെന്നോ ഉള്ള വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. ആരുടെയോ മനസില്‍ തെളിഞ്ഞ ഒരു സംശയം മാത്രമാകും അത്. ഭൂമി യില്‍ നിന്ന് സൂര്യന്‍ അകലെ ആകുമ്പോള്‍ ചൂട് കുറഞ്ഞ് തണുപ്പ് വരുമല്ലോ എന്ന ചിന്തയാകും ഇത്തരം വാട്‌സ് ആപ്പ് പോസ്റ്റ്‌ന് പിന്നില്‍ എന്നു വേണം കരുതാന്‍. അയനങ്ങള്‍ ഋതു മാറ്റം ഭൂമിയില്‍ വരുത്താറുണ്ട്. കഴിഞ്ഞ അയനത്തിന് ശേഷം നമുക്ക് മഴക്കാലം വന്നിരിക്കുന്നു. ചൂടും തണുപ്പും മഴയും എല്ലാം ഭൂമിയിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. സോളാര്‍ റേഡിയേഷന്‍ നമ്മുടെ മഴയെ ബാധിക്കാറുണ്ട്. പക്ഷേ അഫലിയോണ്‍ 3 മാസം തണുപ്പ് കൂട്ടുമെന്ന പ്രചാരണം വ്യാജമാണ്. ഇപ്പോഴത്തെ കേരളത്തിലെ തണുപ്പ് കാല വര്‍ഷക്കാറ്റ് ലോവര്‍ ലെവലില്‍ ശക്തി കൂടിയത് മൂലമാണ്. സംശയമുള്ളവര്‍ക്ക് 2 ദിവസം മഴ നില്‍ക്കുമ്പോള്‍ ബോധ്യമാകും.

കടപ്പാട് metbeatnews.com

ആ വാട്‌സ് ആപ്പ് പ്രചാരണത്തിന്റെ വസ്തുത എന്ത്? വിശദമായി വായിക്കാം


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.