ജിപിടി35 നെക്കാൾ കേമൻ ഇമേജുകളും ടെക്‌സ്റ്റ് ഇൻപുട്ടുകളും സ്വീകരിക്കും
സാൻ ഫ്രാൻസിസ്‌കോ: അറിയില്ലേ ചാറ്റ് ജിപിടിയെ. ആവശ്യമുള്ള കാര്യങ്ങൾ അതെന്തുമാകട്ടെ പ്രസംഗം കുറിപ്പ് പ്രബന്ധം തുടങ്ങി കഥയും കവിതയും വരെ ഒന്നു ചോദിച്ചാൽ അടുത്ത നിമിഷം ഉത്തരം നൽകുന്ന ‘ഭീകര’നെ. നിർമിത ബുദ്ധിയിലെ രാക്ഷസൻ. കിംവദന്തികളും ഊഹാപോഹങ്ങളും വിവാദങ്ങളും ഒപ്പം എതിർപ്പുകളും ഏറെ ഉണ്ടായെങ്കിലും ലോകം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു ഈ ബുദ്ധി രാക്ഷസനെ. മനുഷ്യർ പ്രതികരിക്കും പോലെ തന്നെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഭാഷാ മോഡലിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് നിർമാതാക്കൾ.
ആഗോള സോഫ്റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഓപൺ എഐ ആണ് ഇമേജുകളും ടെക്‌സ്റ്റ് ഇൻപുട്ടുകളും സ്വീകരിക്കുന്ന തരത്തിലുള്ള ഏറ്റവും പുതിയ പതിപ്പായ ജിപിടി 4 പ്രഖ്യാപിച്ചത്.
ചാറ്റ് ജിപിടി ചാറ്റ്‌ബോട്ടിന് അടിസ്ഥാനമായ ജിപിടി3.5 ന്റെ പുതിയ അപ്‌ഡേറ്റാണിത്. പുതിയ മോഡൽ മുമ്പത്തേക്കാളും കൂടുതൽ ക്രിയാത്മകവും, ഉപഭോക്താക്കളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതാണെന്നും, വളരെ കൃത്യതയോടെ ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ചാറ്റ് ജിപിടി ജനപ്രിയമായതോടെ അതിന്റെ അപ്‌ഡേറ്റഡ് പതിപ്പിനായുള്ള കാത്തിരിപ്പിലായിരുന്നു ഉപഭോക്താക്കൾ. ജിപിടി4 വരുന്നതോടെ ചാറ്റ് ജിപിടിയുടെയും കഴിവുകൾ മെച്ചപ്പെടുമെന്നാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ.
കൂടുതൽ ക്രിയാത്മകവും സങ്കീർണമായ പ്രശ്‌നങ്ങൾക്ക് മുൻ പതിപ്പുകളേക്കാൾ കൂടുതൽ കൃത്യതയോടെ പരിഹാരം കാണാൻ ഇതിന് സാധിക്കുമെന്നും ഓപ്പൺ എഐ വ്യക്തമാക്കി. ഭാവിയിൽ വാക്കുകൾക്കൊപ്പം ചിത്രങ്ങളും നിർദേശങ്ങളായി നൽകാനാകും. അതുകൊണ്ട് ജിപിടി4 നെ ഒരു ‘മൾട്ടി മോഡൽ’ എന്നാണ് ഓപ്പൺ എഐ വിശേഷിപ്പിക്കുന്നത്. തൊഴിൽ പരവും, അക്കാദമികവുമായ ചില ജോലികളിൽ മനുഷ്യന് തുല്യമായ രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാൻ ജിപിടി 4ന് സാധിക്കുമെന്ന് ഓപ്പൺ എഐ പറയുന്നു. എങ്കിലും യഥാർത്ഥ ലോക പശ്ചാത്തലത്തിൽ മനുഷ്യനേക്കാൾ പിറകിലാണ് ജിപിടി4 എന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. അതേസമയം ചിത്രങ്ങൾ നൽകാനാകുന്ന സൗകര്യം ഇപ്പോൾ അവതരിപ്പിച്ചിട്ടില്ല.
പരീക്ഷയെഴുതിച്ചു, കിട്ടിയത് അമ്പരപ്പിക്കുന്ന മാര്‍ക്ക്
വിവിധ മേഖലയില്‍ ചാറ്റ് ജിപിടി മികവ് തെളിയിക്കുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ബാര്‍ പരീക്ഷയില്‍ ലോ സ്‌കൂള്‍ ഡിഗ്രിയുള്ളവരേക്കാള്‍ മിടുക്ക് കാട്ടിയിരിക്കുകയാണ് ജിപിടി4 . ( ChatGPT Perform Better in Bar Exam Score). നിയമ പ്രൊഫസര്‍മാരും നിയമ സാങ്കേതിക കമ്പനിയായ കേസ്‌ടെക്സ്റ്റിലെ രണ്ട് ജീവനക്കാരും ചേര്‍ന്ന് നടത്തിയ ബാര്‍ പരീക്ഷയില്‍ 297 എന്ന അമ്പരപ്പിക്കുന്ന മാര്‍ക്കാണ് ചാറ്റ് ജിപിടി നേടിയത്. മിക്ക സംസ്ഥാനങ്ങളിലും പ്രാക്ടീസ് ചെയ്യാന്‍ ഈ സ്‌കോര്‍ ധാരാളമാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. അറിവും ഡാറ്റയും കൂടാതെ യുക്തിയും വിലയിരുത്തുന്ന പരീക്ഷയിലാണ് ചാറ്റ്ജിപിടി ഗംഭീര സ്‌കോര്‍ കരസ്ഥമാക്കിയത്. നിയമം വിശദീകരിച്ചുള്ള ലഘു ഉപന്യാസങ്ങളും നീണ്ട ഉപന്യാസങ്ങളും മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും ഉള്‍പ്പെട്ട പരീക്ഷയാണ്ഈ നിര്‍മിത ബുദ്ധിരാക്ഷസന്‍ പുഷ്പം പോലെ പാസായത്.
പ്രത്യേകത
ടെക്‌സ്റ്റ് മാത്രം ഉപയോഗിക്കാവുന്ന മുന്‍ ക്രമീകരണത്തെക്കാള്‍ ഉപരി പുതിയ മോഡലിന് ടെക്‌സ്റ്റും ഇമേജുകളുമുള്ള ഒരു പ്രോംപ്റ്റ് സ്വീകരിക്കാന്‍ കഴിയുമെന്നതും ജിപിടി4 ന്റെ സവിശേഷതയാണ്. ടെക്‌സ്റ്റ്, ഓഡിയോ, വീഡിയോ എന്നിവ സംയോജിപ്പിക്കുന്ന മള്‍ട്ടിമോഡല്‍ സിസ്റ്റമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പല ഗവേഷകരും വിശ്വസിക്കുന്നു. ടെക്സ്റ്റ്, ഇമേജ് ഇന്‍പുട്ടുകള്‍ സ്വീകരിക്കാനും ടെക്സ്റ്റ് ഔട്ട്പുട്ടുകള്‍ പുറത്തുവിടാനും സിസ്റ്റത്തിന് കഴിയുമെന്ന് ഓപ്പണ്‍ എഐ പറയുന്നു. പുതിയ മോഡലിന് ചിത്രങ്ങളോടും ടെക്സ്റ്റുകളോടും പ്രതികരിക്കാന്‍ കഴിയുമെന്നതിന് അപ്പുറം സര്‍ഗ്ഗാത്മകവും സാങ്കേതികവുമായ എഴുത്തുകളോട് സംവദിക്കാനും കഴിയും.
എന്നാല്‍ ജിപിടി4 ന്റെ പ്രാഥമിക മോഡല്‍ എന്നത് മുന്‍ ജിപിടി മോഡലുകള്‍ പോലെ തന്നെയാണുള്ളത്. കൂടാതെ അനുവാദം ആവശ്യമുള്ളതും പൊതുവായി ലഭ്യമായതുമായ ഡാറ്റ ഉപയോഗിച്ചാണ് ഇത് പരിശീലിപ്പിച്ചിരിക്കുന്നതും. GPT 4 അനുവദനീയമല്ലാത്ത കാര്യങ്ങളോട് പ്രതികരിക്കാനുള്ള സാധ്യത 82 ശതമാനം കുറവാണെന്നാണ് കമ്പനി പറയുന്നത്. കൂടാതെ, വസ്തുതാപരമായ കാര്യങ്ങള്‍ ചെയ്യുന്നതിനുളള സാധ്യത 40 ശതമാനം കൂടുതലാണെന്നും ഓപ്പണ്‍ എഐ വിശദീകരിക്കുന്നു ഇതിനായി, സിസ്റ്റം ആറ് മാസത്തെ സുരക്ഷാ പരിശീലനത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍, തെറ്റുകള്‍ വരുത്തുകയോ ദോഷകരമായ ഉള്ളടക്കം പുറപ്പെടുവിക്കുകയോ ചെയ്യുന്നില്ലെന്ന് ഇതിനര്‍ത്ഥമില്ലെന്നും കമ്പനി വെളിപ്പെടുത്തി.
ഉപയോഗം
മുമ്പത്തെ ChatGPT AI ചാറ്റ്‌ബോട്ട് പോലെ തന്നെയാണ് ChatGPT 4 ഉം ഉപയോഗിക്കുക. എന്നാല്‍ ജിപിടി4 ന്റെ കഴിവുകള്‍ ഇപ്പോള്‍ ചാറ്റ് ജിപിടിയുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനായ ചാറ്റ് ജിപിടി പ്ലസിലാണ് ലഭിക്കുക. മൈക്രോസോഫ്റ്റിന്റെ ബിങ് ബ്രൗസറിലും ജിപിടി4 പരീക്ഷിക്കുന്നുണ്ട്. ചാറ്റ് ജിപിടി പ്ലസ് സബ്‌സ്‌ക്രൈബേഴ്‌സിന് chat.openai.com വഴി ജിപിടി4 ലഭ്യമാകുമെന്നും അതേസമയം ഡെവലപ്പര്‍മാര്‍ക്ക് ജിപിടി4 ന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസ് (എപിഐ) വെയ്റ്റ്‌ലിസ്റ്റിനായി സൈന്‍ അപ്പ് ചെയ്യാമെന്നും കമ്പനി വിശദമാക്കുന്നു.
Comments are closed for this post.