2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്: നടപടി പൊതു അഭിപ്രായം മാനിച്ചെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഒന്നാംക്ലാസ്​ പ്രവേശനത്തിന് ആറ് വയസ്സ്​​ നിർബന്ധമാക്കുന്നത്​ പൊതു അഭിപ്രായം മാനിച്ച് മാത്രമേ നടപ്പാക്കാനാകൂവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സ്കൂള്‍ പ്രവേശനത്തിന് കേന്ദ്ര നിർദേശപ്രകാരം ആറ് വയസ്സാണ് പ്രായം കണക്കാക്കുന്നത്. എന്നാൽ കേരളത്തില്‍ നിലവില്‍ അഞ്ച് വയസ്സാണ് പ്രവേശന പ്രായം. ആറ് വയസ്സ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദിവസം വീണ്ടും കേന്ദ്രം നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി നിലപാട് അറിയിച്ചത്.

പൊതുസമൂഹത്തിന്റെയും രക്ഷാകർത്താക്കളുടെയും അക്കാദമിക വിദഗ്ധരുടെയും അഭിപ്രായം മാനിച്ച് മാത്രമേ ഇതിൽ മാറ്റം വരുത്താനാകൂവെന്ന്​ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നിയമസഭയിലെ ചോദ്യത്തിന്​ മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

അതേസമയം, 2020ൽ പാസാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വയസ്സ് മുതൽ മൂന്ന് വർഷത്തെ പ്രീ-പ്രൈമറി വിദ്യാഭ്യാസം ആണ് നൽകേണ്ടത്. ശേഷം ആറാം വയസ്സിലാണ് ഒന്നാം ക്ലാസ്സിൽ ചേർക്കേണ്ടത്.

കേരളം അടക്കം പല സംസ്ഥാനങ്ങളും ഈ നിർദേശം നടപ്പിലാക്കിയിട്ടില്ല. കേരളത്തിൽ കേന്ദ്രീയ വിദ്യാലായങ്ങൾ മാത്രമാണ് ആറ് വയസ്സ് നിർദേശം നടപ്പാക്കിയത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ സംസ്ഥാങ്ങങ്ങൾക്ക് വീണ്ടും നിർദേശം നൽകിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.