
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. ഒന്നാം ക്ലാസ് മുതല്‍ ഒന്‍പതാം തരം വരേയുള്ള ക്ലാസുകള്‍ക്കാണ് രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ക്ക് ഈ സമയം ഓഫ് ലൈനിലായിരിക്കും ക്ലാസ്.
അതേ സമയം സ്കൂള്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കണം. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ സംവിധാനം ലഭിക്കുന്നുവെന്നു ഉറപ്പാക്കണം. ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ സ്കൂള്‍ അടക്കുകയും വേണം. ഇതിനുള്ള അധികാരം സ്കൂള്‍ മേലധികാരിക്കുണ്ടായിരിക്കും. അതേ സമയം പുറത്തിറങ്ങിയ മാര്‍ഗരേഖയെക്കുറിച്ച് നാളെ നടക്കുന്ന കൊവിഡ് അവലോകനയോഗത്തില്‍ വീണ്ടും പരിശോധിക്കും.
രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. അതേസമയം, 10,11,12 ക്ലാസുകാര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഓഫ്ലൈന് ക്ലാസുകള്‍ തുടരും.
കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ തുടരും. പുതുക്കിയ ടൈംടേബിള്‍ കൈറ്റ് പ്രസിദ്ധീകരിക്കും. ഒന്നു മൂതല്‍ ഒമ്പതുവരെ കാസുകള്‍ വീണ്ടും ഡിജിറ്റല്‍ പഠനത്തിലേക്കും ഓണ്‍ലൈന്‍ പഠനത്തിലേക്കും മാറുന്നതിനാല്‍ പഠനത്തുടര്‍ച്ച ഉറപ്പുവരുത്തണം. രക്ഷിതാക്കളുമായുള്ള ആശയവിനിമയത്തിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഫലപ്രദമായി ഉപയോഗപ്പെടുത്തണം.
സ്കൂള്‍തല എസ്.ആര്.ജി.കള്‍ ഫലപ്രദമായി ചേരണം. കുട്ടികളുടെ പഠനപുരോഗതി കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ ഫീഡ്ബാക്ക് നല്‍കണം. എല്ലാ അധ്യാപകരും സ്കൂളില്‍ ഹാജരാകണം. എല്ലാ സ്കൂളുകളുടേയും ഓഫിസ് കോവിഡ് നിയന്ത്രണങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും മാര്‍രേഖയില്‍ പറയുന്നു.