
കല്‍പ്പറ്റ: ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മൈനോരിറ്റി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അഞ്ചു ദിവസം കൂടി സാവകാശം നല്കി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം.
ഇന്നലെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനും സ്കൂള്‍ അധികൃതര്‍ക്ക് ഇത് പരിശോധിച്ച് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാനുമുള്ള അവസാന ദിവസം.
എന്നാല്‍ ഇതിനിടെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന പൊതുവിദ്യഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പിനും രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റിനും പകരം വില്ലേജ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്ന നിര്‍ദേശം വന്നു.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസങ്ങളിലാണ് ഇത്തരത്തിലൊരു അറിയിപ്പ് വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും ലഭിച്ചത്. ഇതോടെ മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവരെല്ലാം വരുമാന സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനിലൂടെ അപേക്ഷിച്ച് കൈപ്പറ്റി ഇവ അപേക്ഷയില്‍ അപ്ലോഡ് ചെയ്യാനുള്ള പെടാപാടിലായിരുന്നു.
ഒരേസമയം ആയിരക്കണക്കിന് ആളുകള്‍ ഒന്നിച്ച് സൈറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വെബ്സൈറ്റും പണിമുടക്കി. ഇതോടെ വിദ്യാര്‍ഥികളും സ്കൂള്‍ അധികൃതരും ആശങ്കയിലായിരുന്നു.
സ്കൂള്‍ അധികൃതര്‍ക്ക് വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ പരിശോധിച്ചതിനു ശേഷം അവ അപ്ലോഡ് ചെയ്യാന്‍ ഫെബ്രുവരി അഞ്ച് വരെയും സമയം അനുവദിച്ച മന്ത്രാലയം ജില്ല, സംസ്ഥാന അധികാരികള്‍ക്ക് അപേക്ഷകള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യാനായി ഫെബ്രുവരി 20 വരെയും സമയം അനുവദിച്ചിട്ടുണ്ട്.