ചെന്നൈ: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിക്കാത്തത് തന്നെയാണ് സനാതനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമെന്ന് ഉദയനിധി സ്റ്റാലിന്‍. സനാതനധര്‍മ പരാമര്‍ശത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ശക്തമായ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് വീണ്ടും തന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും തമിഴ്‌നാട് കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ ഉദയനിധി രംഗത്തെത്തിയത്.
‘രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റ് ഉദ്ഘാടനത്തിലേക്ക് ക്ഷണിക്കപ്പെട്ടിട്ടില്ല. ഇത് തന്നെയാണ് സനാതനത്തിലെ വിവേചനത്തിന്റെ ഏറ്റവും വലിയ ഉദാഹരണം’ അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സനാതന ധര്‍മവുമായി ബന്ധപ്പെട്ട തന്റെ പരാമര്‍ശത്തിന് മാപ്പു പറയില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
#WATCH | Chennai | On being asked if he can give any example of practices of caste discrimination that need to be eradicated, Tamil Nadu Minister Udhayanidhi Stalin says "President Droupadi Murmu was not invited for the inauguration of the new Parliament building, that is the… pic.twitter.com/dU79QmDaqK
— ANI (@ANI) September 6, 2023
സനാതനധര്‍മത്തെ മലേറിയ, കൊതുക്, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച സനാതനധര്‍മ അബോലിഷന്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സംഭവം വിവാദമായതോടെ നിരവധി പേര്‍ മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.
എന്നാല്‍ വ്യാപകമായ എതിര്‍പ്പ് വകവെക്കാതെ തന്റെ നിലപാടില്‍സ ഉറച്ചു നില്‍ക്കുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. വിവേചനത്തെ വ്യക്തമാക്കുന്ന മഹാഭാരതത്തിലെ ഭാഗവും അധ്യാപക ദിനത്തോടനുബന്ധിച്ച് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ കഴിഞ്ഞ ദിവസം അദ്ദേഹം പരാമര്‍ശിച്ചിരുന്നു. പെരുവിരല്‍ ചോദിക്കാതെ ഗുരുദക്ഷിണ തേടുന്ന അധ്യാപകരുമായുള്ള ബന്ധം എക്കാലവും ദ്രാവിഡര്‍ തുടരുമെന്നായിരുന്നു കുറിപ്പ്.
താഴ്ന്ന ജാതിക്കാരനായതിനാല്‍ ദ്രോണാചാര്യരുടെ കീഴില്‍ അമ്പെയ്ത്ത് പഠിക്കാന്‍ സാധിക്കാതിരുന്ന വ്യക്തിയായിരുന്നു ഏകലവ്യന്‍. പിന്നീട് സ്വന്തം പ്രയത്‌നത്തിലൂടെ അദ്ദേഹം ദ്രോണാചാര്യരുടെ ശിഷ്യനായ അര്‍ജുനനേക്കാള്‍ അമ്പെയ്ത്തില്‍ മികച്ചതായി. ഇതില്‍ അരിശംപൂണ്ട ദ്രോണാചാര്യര്‍ ഏകലവ്യന്റെ പെരുവിരല്‍ ആവശ്യപ്പെട്ടു. ഇത് ഏകലവ്യന്റെ അമ്പെയ്ത്ത് ഇല്ലാതാക്കി. ശരിയായ അധ്യാപകര്‍ എന്നും ചിന്തിക്കുന്നത് ശിഷ്യരുടെ നല്ല ഭാവിയെക്കുറിച്ചാണെന്നും അദ്ദേഹം കുറിച്ചു.
സുപ്രിം കോടതി അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി പൊലിസ് ഉദയനിധിക്കെതിരെ കേസെടുത്തിരുന്നു. ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിനീത് പരാതി നല്‍കിയത്. അഭിഭാഷകര്‍ നല്‍കിയ സമാന പരാതിയില്‍ ഉത്തര്‍പ്രദേശ് പൊലിസും മന്ത്രിക്കെതിരെ കേസെടുത്തിട്ടുണ്ട്. പരാമര്‍ശത്തെ അനുകൂലിച്ചതിന് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖാര്‍ഗെക്കെതിരെയും യു.പി പൊലിസ് കേസെടുത്തിട്ടുണ്ട്.
ഉദയനിധി സ്റ്റാലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 262 പ്രമുഖര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് കത്ത് നല്‍കിയിരുന്നു. മുന്‍ ജഡ്ജിമാരും വിമുക്ത ഭടന്മാരും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചത്.
Comments are closed for this post.