2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കന്നഡ രാഷ്ട്രീയത്തിലെ സവര്‍ക്കര്‍ വാഴ്ത്തുകള്‍

   

പ്രൊഫ. റോണി കെ. ബേബി

കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ ഹിന്ദു മഹാസഭാ നേതാവും ഗാന്ധി വധക്കേസില്‍ ആരോപണവിധേയനുമായ വി.ഡി സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ച കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന്റെ നടപടിക്കെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
അധികം വൈകാതെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കര്‍ണാടകയില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവച്ച് ബി.ജെ.പി നടത്തുന്ന ശ്രമങ്ങളില്‍ ഏറ്റവും ഒടുവിലത്തെയാണ് വി.ഡി സവര്‍ക്കറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. ടിപ്പു ജയന്തിക്കെതിരായ പ്രതിഷേധം, ഹിജാബ് തുടങ്ങിയവയൊക്കെ ധ്രുവീകരണത്തിനുവേണ്ടി ഉപയോഗിച്ച ബി.ജെ.പി ഇപ്പോള്‍ സവര്‍ക്കറെ മുന്നില്‍ നിറുത്തുകയാണ്. സംസ്ഥാനത്തെ സ്‌കൂളുകളിലും സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍.
ബെളഗാവിയിലെ സുവര്‍ണ വിധാന്‍ സൗധയിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചത്. ബെളഗാവിയുമായുള്ള സവര്‍ക്കറുടെ ബന്ധമടക്കം ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി നിയമസഭയില്‍ ചിത്രം സ്ഥാപിച്ചത്. 1950ല്‍ ബെളഗാവിയിലെ ഹിന്‍ഡാല്‍ഗ സെന്‍ട്രല്‍ ജയിലില്‍ സവര്‍ക്കര്‍ നാലു മാസത്തോളം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലി ഖാന്റെ ഡല്‍ഹി സന്ദര്‍ശനത്തിനെതിരായ പ്രതിഷേധം തടയാനാണ് സവര്‍ക്കറെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സവര്‍ക്കര്‍ ബോംബെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനുശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.

ഒരേ നിരയില്‍ ഗാന്ധിയും സവര്‍ക്കറും

മഹാത്മാ ഗാന്ധി അടക്കമുള്ള ആറ് സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പമാണ് സവര്‍ക്കറുടെ ചിത്രം പ്രതിഷ്ഠിച്ചത്. മഹാത്മാഗാന്ധി, ഡോ. ബി.ആര്‍ അംബേദ്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, സ്വാമി വിവേകാനന്ദന്‍, സാമൂഹികപരിഷ്‌കര്‍ത്താവ് ബസവേശ്വരന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറുടെയും സ്ഥാനം എന്നത് കടുത്ത അപമാനകരം തന്നെയാണ്. ലോകത്ത് മറ്റൊരിടത്തും ഒരു രക്തസാക്ഷിയായ മഹാനായ നേതാവിന്റെ ചിത്രത്തിനൊപ്പം വധ ഗൂഢാലോചനയില്‍ ആരോപണവിധേയനായ വ്യക്തിയുടെ ചിത്രവും വച്ചിട്ടുണ്ടാവില്ല. ആര്‍.എസ്.എസ് അടക്കമുള്ള സംഘ്പരിവാര്‍ സംഘടനകള്‍ സവര്‍ക്കറെ വീണ്ടും മുഖ്യധാരാ ചര്‍ച്ചകളിലേക്ക് തിരികെ കൊണ്ടുവരികയും സജീവമായി നിലനിര്‍ത്തുകയും ചെയ്യാനുള്ള ശ്രമത്തിലാണ്. വിനായക് ദാമോദര്‍ സവര്‍ക്കറിനു പകരം ‘വീര സവര്‍ക്കര്‍’ എന്ന വിശേഷണമാണ് ആര്‍.എസ്.എസ് ഉപയോഗിക്കുന്നത്.

സവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനിയോ ?

സംഘ്പരിവാര്‍ മഹത്വവല്‍ക്കരിക്കുന്ന വി.ഡി സവര്‍ക്കര്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? എന്താണ് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ സവര്‍ക്കറുടെ പങ്ക്? സവര്‍ക്കര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നോ? ഈ ചോദ്യങ്ങളുടെയൊക്കെ ഉത്തരം കിടക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിവേരുകളിലാണ്. ഹിന്ദുമഹാസഭയുടെ നേതാവായിരുന്നു വി.ഡി സവര്‍ക്കര്‍ എന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍. സ്വാതന്ത്ര്യസമരത്തിലും സ്വാതന്ത്ര്യാനന്തരവും ദേശീയവാദികള്‍ മുന്നോട്ടുവച്ച മതേതരരാഷ്ട്രം എന്ന സങ്കല്‍പ്പത്തെ എതിര്‍ത്തുകൊണ്ട്, ഇന്ത്യയുടെ ദേശീയത ‘ഹിന്ദുത്വ’ എന്ന സ്വത്വബോധത്തില്‍ അധിഷ്ഠിതമായി വാര്‍ത്തെടുക്കേണ്ടതാണെന്ന് സവര്‍ക്കര്‍ വാദിച്ചു. ആദ്യകാലഘട്ടങ്ങളില്‍ ബ്രിട്ടിഷ് ആധിപത്യത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്ന സവര്‍ക്കര്‍, പില്‍ക്കാലത്ത് എഴുതിയിരുന്നത് മുസ്ലിങ്ങളില്‍ നിന്ന് ഹിന്ദുക്കളെ മോചിപ്പിക്കുന്നതിനെക്കുറിച്ചാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്ത് ഹിന്ദുരാഷ്ട്രസ്ഥാപനം മാത്രമായിരുന്നു സവര്‍ക്കറുടെയും സംഘടനയുടെയും ലക്ഷ്യം അല്ലാതെ രാജ്യത്തിന്റെ സ്വാതന്ത്ര്യമായിരുന്നില്ല. നാസിക് കലക്ടറായിരുന്ന എ.എം.ടി ജാക്‌സനെ അദ്ദേഹത്തിന്റെ യാത്രയയപ്പ് ചടങ്ങിനിടെ അനന്ത് ലക്ഷ്മണ്‍ കന്‍ഹാരേ എന്ന യുവാവ് വെടിവച്ചു കൊലപ്പെടുത്തിയതിന് ഉപയോഗിച്ച തോക്ക് സവര്‍ക്കര്‍ ഇംഗ്ലണ്ടില്‍ നിന്നും ഒളിച്ചുകടത്തിയതാണെന്ന് തെളിഞ്ഞതോടെയാണ് 1910ല്‍ അദ്ദേഹത്തെ ബ്രിട്ടിഷ് പൊലിസ് അറസ്റ്റു ചെയ്യുന്നത്. ഈ കേസിലാണ് സവര്‍ക്കര്‍ക്ക് 50 വര്‍ഷത്തെ തടവുശിക്ഷ ലഭിക്കുന്നത്. ഇതിനെയാണ് സ്വാതന്ത്ര്യസമരത്തിലെ സവര്‍ക്കറുടെ പങ്കായി സംഘ്പരിവാര്‍ ചിത്രീകരിക്കുന്നത്. ഇതല്ലാതെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന ഒരു സമരങ്ങളിലും അതിന്റെ ഓരത്തുപോലും സവര്‍ക്കറുടെ സാന്നിധ്യം ഉണ്ടായിട്ടില്ല. പകരം ബ്രിട്ടിഷുകാരുമായി ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തെ അട്ടിമറിക്കുന്നതിനാണ് സവര്‍ക്കര്‍ അഹോരാത്രം പരിശ്രമിച്ചത്. 1942ല്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയപ്പോള്‍ സവര്‍ക്കറുടെ ഹിന്ദു മഹാസഭ ആ നീക്കത്തെ നിശിതമായി വിമര്‍ശിക്കുകയാണ് ചെയ്തത്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും ബ്രിട്ടിഷ് സര്‍ക്കാരിനെ അനുകൂലിക്കാനും ഹിന്ദു മഹാസഭയിലെ തന്റെ അനുയായികളോട് ആഹ്വാനം ചെയ്യുകയാണ് അദ്ദേഹം ചെയ്തത്.

പ്രസിദ്ധമായ സവര്‍ക്കറുടെ
മാപ്പപേക്ഷകള്‍

സവര്‍ക്കറെ സ്വാതന്ത്ര്യസമരസേനാനിയാക്കാന്‍ മത്സരിക്കുന്നവര്‍ ബ്രിട്ടിഷുകാര്‍ക്ക് അദ്ദേഹം മാപ്പപേക്ഷ എഴുതി നല്‍കിയതിനെ സൗകര്യപൂര്‍വം വിസ്മരിക്കുന്നു എന്നതാണ് കൗതുകകരം. ശിക്ഷാ ഇളവുകള്‍ തേടിക്കൊണ്ട് അഞ്ചുതവണ സവര്‍ക്കര്‍ ബ്രിട്ടിഷ് സര്‍ക്കാരിന് മാപ്പപേക്ഷ അയച്ചിരുന്നു. ജയിലിലെത്തി ഒരു മാസത്തിനു ശേഷം 1911ല്‍ സവര്‍ക്കര്‍ ആദ്യത്തെ മാപ്പപേക്ഷ നല്‍കി. ദിവസങ്ങള്‍ക്കകം അത് നിരസിക്കപ്പെട്ടു.

1913ല്‍ എഴുതിയ രണ്ടാമത്തെ മാപ്പപേക്ഷയില്‍ സവര്‍ക്കര്‍ സ്വയം വിശേഷിപ്പിച്ചത് ‘ധൂര്‍ത്തനായ പുത്രന്‍’ എന്നാണ്. പൂര്‍ണമായും ബ്രിട്ടിഷ് സര്‍ക്കാരിന് വിധേയനായിരിക്കാം എന്ന് ഉറപ്പു നല്‍കുകയും സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കളെ ‘വഴിതെറ്റിയവര്‍’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 1921 വരെ തുടര്‍ച്ചയായി സവര്‍ക്കര്‍ ബ്രിട്ടിഷുകാര്‍ക്ക് മാപ്പപേക്ഷകള്‍ നല്‍കിയതായി രേഖകള്‍ പറയുന്നു.

ഒരു മാപ്പപേക്ഷയില്‍ സവര്‍ക്കര്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘ഭരണകൂടത്തിന് അനുകൂലമായുള്ള എന്റെ മാറ്റം, എന്നെ ഒരിക്കല്‍ വഴികാട്ടിയായി കണ്ടിരുന്ന ഇന്ത്യയിലും വിദേശത്തുമുള്ള വഴിതെറ്റിയ യുവാക്കളെ തിരിച്ചുകൊണ്ടുവരികയും ചെയ്യും. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന ഏത് വിധത്തിലുള്ള സേവനവും നല്‍കാന്‍ ഞാന്‍ തയാറാണ്. എന്തെന്നാല്‍, എന്റെ ഈ മാറ്റം പൂര്‍ണമനസ്സോടു കൂടിയതാണ്. ഭാവിയിലും എന്റെ പെരുമാറ്റം അത്തരത്തില്‍ത്തന്നെ ആയിരിക്കുകയും ചെയ്യും. ബലവാന്മാര്‍ക്കു മാത്രമേ ദയാലുക്കളാകാനാകൂ. സര്‍ക്കാരിന്റെ രക്ഷാകര്‍തൃകവാടങ്ങളിലേക്കല്ലാതെ ഈ ധൂര്‍ത്തപുത്രന്‍ മറ്റെങ്ങോട്ട് പോകാനാണ്?’. ബ്രിട്ടിഷ് സര്‍ക്കാരിന് വിധേയനായിരുന്നുകൊള്ളാം എന്ന വാഗ്ദാനം ഇന്ത്യ സ്വാതന്ത്രമാകുന്ന നിമിഷംവരെ അണുവിട തെറ്റാതെ പാലിച്ചയാളെ സ്വാതന്ത്ര്യസമരസേനാനിയായി അവതരിപ്പിക്കുന്നത് സ്വാതന്ത്ര്യസമരത്തെ അധിക്ഷേപിക്കലാണ്.

ഗാന്ധിയില്‍നിന്ന് സവര്‍ക്കറിലേക്ക്

2003ല്‍ അടല്‍ ബിഹാരി ബാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ സവര്‍ക്കറിന്റെ ഛായാചിത്രം പാര്‍ലമെന്റ് മന്ദിരത്തില്‍ അനാച്ഛാദനം ചെയ്തതും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. തീവ്ര ഹിന്ദുത്വയില്‍ അധിഷ്ഠിതമായ ഹിംസാത്മകദേശീയതക്ക് അസ്ഥിവാരമിട്ട സവര്‍ക്കറെ അഹിംസാത്മക ബഹുസ്വരതയുടെ പ്രവാചകനായ ഗാന്ധിയോട് ചേര്‍ത്തുനിറുത്താനുള്ള സംഘ്പരിവാറിന്റെ ശ്രമങ്ങള്‍ ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ നേര്‍ചിത്രംകൂടിയാണ്. ലോകം ആദരിക്കുന്ന മഹാത്മാ ഗാന്ധിയല്ല സംഘ്പരിവാരത്തിന്റെ ആത്മീയ ആചാര്യന്‍ ‘വീര സവര്‍ക്കറാണ്’ ഇന്ത്യയുടെ യഥാര്‍ത്ഥ ഐക്കണ്‍ എന്നുപോലും പ്രഖ്യാപിക്കപ്പെടുന്ന കാലം അതിവിദൂരമല്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.