
റിയാദ്: പെട്രോകെമിക്കല്‍ രംഗത്തെ ആഗോള ഭീമന് കമ്പനിയായ സഊദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് (സാബിക്) ഇന്ത്യന്‍ എണ്ണകമ്പനിയിലേക്ക് കണ്ണ് വെക്കുന്നു. ഒ.എന്‍.ജി.സി പെട്രോ അഡീഷന്‍സ് ലിമിറ്റഡ് (ഒപെല്‍) ന്റെ പകുതി ഷെയര്‍ വാങ്ങുന്നതിനാണ് സാബിക് ഒരുങ്ങുന്നതെന്നു സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 4.6 ബില്യണ്‍ ഡോളര്‍ ഷെയറിന്റെ പകുതിയാണ് സാബിക് ലക്ഷ്യമിടുന്നത്.
50 ശതമാനം ഷെയറുമായി ഒ.എന്‍.ജി.സിയാണ് ഒപെലിലെ പ്രധാന ഷെയര്‍ ഹോള്‍ഡര്‍. ഒപെലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പെട്രോ കെമിക്കല്‍ പ്ലാന്റ് ഗുജറാത്തിലെ ബറൂച് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ 13,500 കോടി ഇന്ത്യന്‍ രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച പെട്രോകെമിക്കല്‍ കമ്പനിയാണ് ഒപെല്‍. കഴിഞ്ഞ വര്‍ഷം കമ്മീഷന് ചെയ്ത പ്ലാന്റിന്റെ ആകെ ശേഷി 1.1 മില്ലിന് ടണ്‍ പെട്രോകെമിക്കലാണ്. പ്ലാന്റിന്റെ മുഴുവന്‍ ശേഷിയോടെയുള്ള പ്രവര്‍ത്തനം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായത്.
നേരത്തെയും നിരവധി വിദേശ കമ്പനികള്‍ ഒപെല്‍ കമ്പനിയെ ഏറ്റെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. കഴിഞ്ഞവര്‍ഷം കമ്പനി തങ്ങളുടെ ഷെയറുകള്‍ വില്‍ക്കുന്നതിനായി സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോ, കുവൈത് പെട്രോകെമിക്കല്‍ കമ്പനി എന്നിവയുമായി ചര്‍ച്ച നടത്തിയിരുന്നു.
ലോകത്തെ പെട്രോകെമിക്കല്‍ കമ്പനികളിലെ ഏറ്റവും വലുതും ആഗോള തലത്തിലെ എത്തിലീന്‍ ഗ്ലൈക്കോള്‍ ഉല്പാദകരിലെ രണ്ടാം സ്ഥാനവും പൊളി എത്തിലീന്‍ ഉല്പാദകരില് ലോകത്തെ മൂന്നാം സ്ഥാനവും പോളിഫിന്സ്, പൊളി പ്രോപ്പര്ലീന് ഉല്പാദകരിലെ നാലാം സ്ഥാനവും അലങ്കരിക്കുന്ന സഊദിയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമാണ് സഊദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്പറേഷന് (സാബിക്). കൂടാതെ, മേത്ല്‍ ടിര്‍ട്ട് ബ്യുട്ടീലതര്. ഗ്രാനുലാര്‍ യൂറിയ, പൊളി കാര്ബോണെറ്റ്, പോളിതെര് ഇമിഡ് എന്നിവയുടെ ലോകത്തെ മുന്‍നിര ഉല്പാദകരും കൂടിയാണ് സാബിക്ക്.