
റിയാദ്: ചിതറിക്കിടന്ന വിവിധ പ്രദേശങ്ങളെയും ഗോത്രവിഭാഗങ്ങളെയും ഒരുമിപ്പിച്ച് അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവിന്റെ നേതൃത്വത്തില്‍ ഒരു രാഷ്ട്രമായി കോര്‍ത്തിണക്കി ആധുനിക സഊദി അറേബ്യ രൂപീകൃതമായിട്ട് 92 വര്‍ഷം പൂര്‍ത്തിയാവുന്നു. സപ്തംബര്‍ 23 വെള്ളിയാഴ്ചയാണ് സഊദി ദേശീയ ദിനാഘോഷം. രാജ്യത്തുടനീളം ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇത് ഞങ്ങളുടെ വീട് എന്ന പ്രമേയത്തില്‍ ഈ വര്‍ഷം നടക്കുന്ന ആഘോഷപരിപാടികള്‍ക്ക് സഊദി ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി തലവന്‍ തുര്‍ക്കി അല്‍ ശെയ്ഖ് തുടക്കംകുറിച്ചു. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും സപ്തംബര്‍ 26 വരെ വിപുലമായ ആഘോഷപരിപാടികള്‍ അരങ്ങേറും.
കണ്ണഞ്ചിപ്പിക്കുന്ന എയര്‍ ആന്റ് മറൈന്‍ ഷോയാണ് ചെങ്കടല്‍ തീരത്തെ പരമ്പരാഗത തുറമുഖ നഗരിയായ ജിദ്ദയില്‍ ഒരുക്കുന്നത്. റിയാദ്, ദമ്മാം, മക്ക, മദീന, അസീര്‍, തബൂക്ക്, ജുബൈല്‍, ത്വാഇഫ്, ഹായില്‍, അബഹ, അല്‍ഖോബാര്‍, അല്‍ഹസ, നജ്റാന് തുടങ്ങി വിവിധ നഗരങ്ങളിലും വിവിധ പരിപാടികള്‍ നടക്കും.
സൗദി സൈനിക വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ഫൈറ്റര്‍ ജെറ്റുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, കപ്പലുകള്‍ എന്നിവ ഉപയോഗിച്ചാണ് എയര്‍ ആന്റ് മറൈന്‍ ഷോ സംഘടിപ്പിക്കുന്നത്. രാജ്യത്തെ പ്രമുഖ 13 നഗരങ്ങളിലായി 34 എയര്‍ ആന്റ് മറൈന്‍ ഷോ അരങ്ങേറും. ദേശീയദിന പരേഡില്‍ സൈനിക വാഹനങ്ങള്‍, മോട്ടാര്‍ സൈക്കിള്‍ സ്ക്വാഡ്, കുതിരപ്പട അണിനിരക്കും.
ഒമ്പത് ദിവസത്തെ ആഘോഷത്തില്‍ 12 മെഗാ എന്റര്‍ടെയിന്‍മെന്റ് ഫെസ്റ്റിവലുകളാണുള്ളത്. ദേശീയദിനമായ വെള്ളിയാഴ്ച 18 നഗരങ്ങളില്‍ കരിമരുന്ന് പ്രകടനമുണ്ടാവും. പച്ച, വെള്ള നിറങ്ങള്‍ കൊണ്ട് 300 മീറ്റര്‍ ഉയരത്തില്‍ ആകാശത്ത് വര്ണപ്പൂക്കളമായിരിക്കും തീര്‍ക്കുക.
Comments are closed for this post.