
ശൂറ കൗണ്‍സില്‍ മന്ത്രാലയത്തിന് ശുപാര്‍ശ നല്കി
ജിദ്ദ: കൂടുതല്‍ വീട്ടുജോലിക്കാരുണ്ടെങ്കില്‍ ലെവി ഈടാക്കുന്ന നിയമം പിന്‍വലിക്കണമെന്ന് സഊദി ശൂറ കൗണ്‍സില്‍ സഊദി മാനവവിഭവശേഷി മന്ത്രാലയത്തിന് ശുപാര്‍ശ നല്കി. ശൂറ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. മിഷ്അല്‍ അല്‍ സുലമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനമാണ് ഈ ശുപാര്‍ശ നല്‍കിയത്.
സഊദി പൗരന്മാരുടെ വീടുകളില്‍ വിദേശികളായ വീട്ടുജോലിക്കാരുടെ എണ്ണം നാലില്‍ കൂടുതലുണ്ടെങ്കില്‍ കൂടുതലായുള്ള ഓരോ ജോലിക്കാരുടെ പേരിലും വാര്‍ഷിക ലെവി നല്‍കണമെന്ന നിയമം കഴിഞ്ഞ മെയ് 22 മുതലാണ് പ്രാബല്യത്തിലായത്. വിദേശികളാണ് വീട്ടുജോലിക്ക് ആളുകളെ നിര്‍ത്തുന്നതെങ്കില്‍ ജോലിക്കാരുടെ എണ്ണം രണ്ടില്‍ കൂടുതലായാലും ലെവി നല്‍കണം.
വീട്ടുജോലിക്കാരല്ലാത്ത എല്ലാ വിഭാഗം വിദേശ തൊഴിലാളികള്‍ക്കും വാര്‍ഷിക ലെവി ഈടാക്കുന്ന നിയമം നേരത്തേ നിലവിലുണ്ട്. വീട്ടുജോലിക്കാര്‍ക്ക് മാത്രമായി നല്കിവന്നിരുന്ന ഇളവ് പരമിതപ്പെടുത്താനും കൂടുതല്‍ ജോലിക്കാരുണ്ടെങ്കില്‍ ലെവി ഈടാക്കാനും കഴിഞ്ഞ മെയ് മുതലാണ് തുടങ്ങിയത്. ഇത് പുനപ്പരിശോധിക്കണമെന്നാണ് ശൂറ കൗണ്‍സില്‍ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തത്.
അധികമായുള്ള ഓരോ വീട്ടുജോലിക്കാരുടെയും പേരില്‍ തൊഴിലുടമ വര്‍ഷത്തില്‍ 9,600 റിയാലാണ് ലെവി നല്‍കേണ്ടത്. രാജ്യത്തെ നിയമപ്രകാരം ശൂറ കൗണ്‍സിലിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെങ്കിലും തീരുമാനമെടുക്കാനുള്ള അവകാശം മന്ത്രിസഭയില്‍ നിക്ഷിപ്തമാണ്.
Comments are closed for this post.