റിയാദ്: ആഗോള എണ്ണ വിപണിയിൽ സഹകരണ കരാറിൽ നിന്നും റഷ്യ പിന്മാറിയതോടെ പകരം വീട്ടാനൊരുങ്ങി റഷ്യക്കെതിരെ കൂടുതൽ നീക്കങ്ങളുമായി സഊദി. കുറഞ്ഞ നിരക്കിൽ എണ്ണ വാഗ്ദാനം ചെയ്ത് പ്രധാന വിപണികളിൽനിന്ന് റഷ്യയെ പുറത്താക്കാനാണ് സഊദി ശ്രമം. ഇതിനായി ആഗോള എണ്ണ വിപണിയിൽ കുറഞ്ഞ വിലയിൽ റഷ്യയുടെ വിഹിതം സ്വന്തമാക്കുന്നതിനാണ് സഊദി അറേബ്യ ശ്രമങ്ങൾ ഊർജിതമാക്കിയത്. യൂറോപ്പ് മുതൽ ഇന്ത്യ വരെ ലോകത്തെങ്ങുമുള്ള വിപണികളിൽ റഷ്യൻ ക്രൂഡ് ഓയിൽ വിഹിതം സ്വന്തമാക്കാനാണ് ശ്രമം.
ഇതിനകം തന്നെ ഫ്രഞ്ച് കമ്പനിയായ ടോട്ടൽ, ഇറ്റാലിയൻ കമ്പനിയായ ഇനി, അസർബൈജാൻ കമ്പനിയായ സോകാർ, ഫിൻലാന്റ് കമ്പനിയായ നെസ്റ്റെ ഓയിൽ, സ്വീഡിഷ് കമ്പനിയായ പ്രൈം ഓയിൽ ആന്റ് ഗ്യാസ് എന്നിവ അടക്കം യൂറോപ്പിൽ റഷ്യൻ എണ്ണ വാങ്ങുന്ന വൻകിട റിഫൈനറികളുമായി സഊദി ദേശീയ കമ്പനിയായ അറാംകോ ചർച്ചകൾ നടത്തുന്നുണ്ട്. വളരെ ആകർഷകമായ നിരക്കിൽ അടുത്ത മാസം ലോഡ് ചെയ്യുന്നതിന് റിഫൈനറി കമ്പനികൾ കൂടുതൽ സഊദി ക്രൂഡ് ഓയിലിന് ഓർഡർ നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
ഫെബ്രുവരി 20 ന് ഒരു ബാരൽ എണ്ണക്ക് 59.3 ഡോളറായിരുന്നു വില. വ്യാഴാഴ്ചയോടെ ഇത് 33.3 ഡോളറായി കുറഞ്ഞു. ഇതിനിടക്ക് ഞായറാഴ്ച 28 ഡോളറായും കൂപ്പു കുത്തിയിരുന്നു. വിലയിടിവ് തടയുന്നതിനായി നേരത്തെയുള്ള കരാർ പ്രകാരം
പ്രതിദിന ഉൽപാദനത്തിൽ 15 ലക്ഷം ബാരലിന്റെ അധിക കുറവ് വരുത്തുന്നതിന് ഒപെക്, റഷ്യ കരാർ പൊളിഞ്ഞതോടെയാണ് ആഗോള എണ്ണ വിപണിയിൽ ഏറ്റവും വലിയ ഉത്പാദകരായ സഊദി തങ്ങളുടെ കളി തുടങ്ങിയത്. സഊദി ഉൾപ്പെടുന്ന
കൂട്ടായ്മയായ ഒപെക്കിനെയും സംഘടനക്ക് പുറത്തുള്ള റഷ്യ അടക്കമുള്ള സ്വതന്ത്ര ഉൽപാദകരെയും ചേർത്ത് രൂപീകരിച്ച ഒപെക് പ്ലസ് ഗ്രൂപ്പ് കരാർ പൊളിഞ്ഞതോടെ ഉൽപാദനം വലിയ തോതിൽ ഉയർത്താൻ സഊദി യുഎഇയും തീരുമാനിക്കുകയായിരുന്നു.
സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയുടെ പരമാവധി പ്രതിദിന സുസ്ഥിര ഉൽപാദന ശേഷി 12 ദശലക്ഷം ബാരലിൽനിന്ന് 13 ദശലക്ഷം ബാരലായി ഉയർത്തുന്നതിനാണ് ഊർജ്ജ മന്ത്രാലയം അനുമതി നൽകിയത്. നിലവിൽ പ്രതിദിനം ശരാശരി 9.8 ദശ ലക്ഷം ബാരൽ തോതിലാണ് കമ്പനിയുടെ ഉൽപാദനം. ഇതിനേക്കാൾ 25 ശതമാനം അധികം ക്രൂഡോയിൽ അടുത്ത മാസം മുതൽ വിതരണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചത്. ഇതിനു പിന്നാലെ അടുത്ത മാസം മുതൽ പ്രതിദിന ഉൽപാദനം 40 ലക്ഷം ബാരലിലേക്ക് ഉയർത്താൻ ആലോചിക്കുന്നതായി യുഎഇയും വ്യക്തമാക്കിയത്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.