2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഊദിയുടെ റയ്യാന ബര്‍നാവി ഇന്ന് ബഹിരാകാശത്തേക്ക്

അഷറഫ് ചേരാപുരം

സഊദിയുടെ റയ്യാന ബര്‍നാവി ഇന്ന് ബഹിരാകാശത്തേക്ക്

ദുബൈ: സഊദി അറേബ്യയുടെ ചരിത്രത്തില്‍ പുതിയ അധ്യായം തീര്‍ത്ത് രാജ്യത്തെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ഇന്ന് പുറപ്പെടുന്നു. റയ്യാന ബര്‍നാവി ആണ് ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ സഊദി വനിത.സഊദിയിലെ പ്രശസ്ത യുദ്ധവിമാന പൈലറ്റായ അലി അല്‍ ഖര്‍നിയും ദൗത്യത്തില്‍ റയ്യാനക്കൊപ്പമുണ്ടാവും.ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്‌സിയം സ്‌പേസാണ് ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. എ.എക്‌സ്2 എന്ന സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായാണ് ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സന്റെറില്‍ നിന്ന് ഇന്ന് പ്രാദേശിക സമയം വൈകീട്ട് 5.37 നാണ് സ്‌പെയ്‌സ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സഹായത്തോടെ ഡ്രാഗണ്‍ സ്‌പേസ്‌ക്രാഫ്റ്റില്‍ ദൗത്യസംഘവുമായി കുതിച്ചുയരുക.ജോണ്‍ ഷോഫ്‌നര്‍ ആണ് ദൗത്യത്തിന്റെ പൈലറ്റ്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 10 ദിവസം ചെലവഴിക്കുന്ന രീതിയിലാണ് യാത്ര പദ്ധതിയിട്ടിരിക്കുന്നത്.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ശാസ്ത്ര ദൗത്യത്തില്‍ പങ്കെടുക്കുന്ന ആദ്യത്തെ സഊദി, അറബ്, മുസ്ലിം വനിതയാണ് റയാന ബര്‍നാവി. സ്തനാര്‍ബുദ ഗവേഷകകൂടിയാണ് ഇവര്‍. രണ്ട് അമേരിക്കക്കാര്‍ കൂടി ഉള്‍പ്പെട്ട നാലംഗ സംഘമാണ് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ കാപ്‌സ്യൂളില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്നത്. സഊദി അറേബ്യയിലെ ജനങ്ങളുടെയും എല്ലാ വനിതകളുടേയും പ്രതീക്ഷകളെയും സ്വപ്നങ്ങളെയും പ്രതിനിധാനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും റയ്യാന പറഞ്ഞു. ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയെന്ന നേട്ടം അടുത്തിടെ യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നയാദി കൈവരിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.