
പശ്ചിമേഷ്യയിൽ ഇടം നേടിയ ഏക രാജ്യവും സഊദിയാണ്
റിയാദ്: കൊവിഡ് മഹാമാരി നില നിൽക്കെ യാത്ര ചെയ്യാൻ സുരക്ഷിതമായ രാജ്യങ്ങളിൽ സഊദി അറേബ്യക്ക് ആറാം സ്ഥാനം. വൈറസ് വ്യാപനം നിയന്ത്രണ വിധേയമായി തുടരുന്നതാണ് സഊദിയെ ഈ സ്ഥാനത്തേക്കുയർത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളെ കുറിച്ച് വെഗോ ട്രാവല്‍ ബ്ലോഗ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് സഊദിക്ക് നേട്ടം സമ്മാനിച്ചത്. സഊദി വാർത്താ ഏജൻസിയും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ലോകാടിസ്ഥാനത്തിൽ ആറാം സ്ഥാനം നിലനിർത്തുമ്പോൾ തന്നെ പശ്ചിമേഷ്യയിലെ ഏറ്റവും സുരക്ഷിതമായ രാജ്യവും സഊദി അറേബ്യ ആണ്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഏറ്റവും മികച്ച നിലയില്‍ പ്രതിരോധിക്കുന്ന രാജ്യമായതിനാലാണ് സഊദിക്ക് ഈ അംഗീകാരം ലഭിച്ചത്. പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതില്‍ രാജ്യങ്ങളുടെ കഴിവ്, ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമത, തീവ്രപരിചരണ യൂണിറ്റുകളുടെ ലഭ്യത, മികച്ച ആരോഗ്യ പ്രവര്‍ത്തകര്‍, രോഗികളെ ഉള്‍ക്കൊളളാനുളള ശേഷി തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ലോക രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്.
പട്ടികയിൽ ഒന്നാം ഓസ്ട്രേലിയക്കാണ്. ന്യൂസിലാന്റ്, സിംഗപ്പൂര്‍, സാംബിയ, ക്യൂബ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
അതേസമയം, സഊദിയിൽ ഇത് വരെ
356,911 രോഗബാധയാണ് കണ്ടെത്തിയത്. 9,542,102 ടെസ്റ്റുകൾ നടത്തിയപ്പോഴാണ് ഇവ കണ്ടെത്തിയത്. എന്നാൽ, ഇവരിൽ 346,023 പേരും രോഗമുക്തി നേടിയിട്ടുണ്ട്. 5,870 രോഗികൾ മരണത്തിനും കീഴടങ്ങി. നിലവിൽ 5,018 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 675 രോഗികൾ ഗുരുതരാവസ്ഥയിലാണ്.