2022 July 01 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പ്രവാസി മടക്കം: വന്ദേ ഭാരത്‌ മിഷൻ നാലാം ഘട്ടത്തിൽ സഊദി പ്രവാസികൾ പുറത്ത്, കേരളത്തിലേക്ക് സഊദിയിൽ നിന്ന് 11 സർവ്വീസുകളെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്

അബ്‌ദുസ്സലാം കൂടരഞ്ഞി

     റിയാദ്: അടിയന്തിര സാഹചര്യത്തിൽ ഉള്ള പ്രവാസികളെ കൊണ്ട് പോകുന്നതിനുള്ള വന്ദേ ഭാരത്‌ മിഷൻ പദ്ധതിയുടെ നാലാം ഘട്ടത്തിൽ സഊദി പ്രവാസികൾ പുറത്ത്. വിവിധ രാജ്യങ്ങളിൽ നിന്നും കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രഖ്യാപിച്ച 136 സർവീസുകളിൽ ഒന്ന് പോലുംസഊദിയിൽ നിന്നും പ്രഖാപിച്ചിട്ടില്ല. ജൂലൈ ഒന്നു മുതല്‍ 14 വരെ 136 സര്‍വീസുകളാണ് ഗള്‍ഫ് ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്നു ഇന്ത്യയിലേക്ക് നടത്തുന്നത്. നേരത്തെ, ജൂണ്‍ 16 മുതല്‍ 22 വരെ നടത്തിയ മൂന്നാം ഘട്ടത്തിലും സഊദിയിൽ നിന്നു കേരളത്തിലേക്ക് സര്‍വീസ് അനുവദിച്ചിരുന്നില്ല. ചാര്‍ട്ടേഡ് വിമാനങ്ങളടക്കം വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തേക്ക് ദിവസം 40-50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ജൂലായില്‍ ഈ എണ്ണം വര്‍ധിക്കുമെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെയാണ് പുതിയ ലിസ്റ്റിൽ സഊദിയെ പാടെ തഴഞ്ഞിരിക്കുന്നത്.

    വിവിധ രാജ്യങ്ങളിൽ നിന്നുള്ള 136 വിമാന സർവീസുകളിൽ കേരളത്തിലേക്ക് 94 വിമാനങ്ങള്‍ നാലാം ഘട്ടത്തില്‍ എത്തിച്ചേരും. യുഎഇ (39), ബഹ്‌റിന്‍ (39), ഒമാന്‍ (13), മലേഷ്യ (2), സിങ്കപ്പൂര്‍ (1) എന്നിങ്ങനെയാണ് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിമാന സര്‍വീസുകളുടെ എണ്ണം. 14 ദിവസങ്ങളിലായി കേരളത്തിലേക്ക് 16,638 വിദേശ മലയളികളെ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ ഒന്നിന് ബഹ്‌റൈന്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ പുറപ്പെടും. 177 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിമാനങ്ങളാണ് വന്ദേ ഭാരത് മിഷനില്‍ ഉപയോഗിക്കുന്നത്.

     അതേസമയം, വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസില്‍ സഊദിയിൽ നിന്ന് കേരളത്തിലേക്ക് 11 സര്‍വീസുകള്‍ നടത്തുമെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിന്റെ ആധികാരികതയിൽ സംശയം ഉയർന്നിട്ടുണ്ട്. 158 വിമാന സര്‍വീസുകളുടെ വിവരങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതിലാണ് കേരളത്തിലേക്ക് 11 സര്‍വീസുകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുളളത്. എന്നാൽ,
വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിൽ (https://www.mea.gov.in/phase-4.htm) ഇവ ഇടം നേടിയിട്ടില്ല. മാത്രമല്ല, വന്ദേ ഭാരത് മിഷന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ എംബസിയും എയര്‍ ഇന്ത്യയും ഔദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല. EVAC SCH PHASE 4 എന്ന ഹെഡിങ്ങിലുള്ള ലിസ്റ്റാണ് പ്രചരിക്കുന്നത്. ഇതേ കുറിച്ചുള്ള വ്യക്തത ഉടൻ തന്നെ വരുമെന്നും കേരളത്തിലേക്ക് സർവ്വീസുകൾ ഉണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലാണ് സഊദിയിലെ പ്രവാസികൾ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News