2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദി അരാംകോ എണ്ണ തുറമുഖത്തിന് നേരെയും താമസ കേന്ദ്രങ്ങൾക്ക് നേരെയും ഹൂതി മിസൈൽ ആക്രമണം; ഒഴിവായത് വൻ ദുരന്തം

റാസ്‌തന്നൂറ മേഖലയിലെ എണ്ണ സംഭരണ യാഡിലേക്കാണ് ഡ്രോൺ എത്തിയത്

വൈകീട്ട് ദഹ്‌റാനിലെ അരാംകോ ജീവനക്കാരുടെ താമസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി മിസൈലും

അരാംകോ, സഊദി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി 14 ഡ്രോൺ, 8 മിസൈൽ അയച്ചതായി ഹൂതികൾ

സംഭവത്തിൽ ഊർജ്ജ മന്ത്രാലയം അപലപിച്ചു

     റിയാദ്: കിഴക്കൻ സഊദിയിലെ എണ്ണമേഖല ലക്ഷ്യമാക്കി ഹൂതികൾ തൊടുത്ത മിസൈലുകൾ സഊദി വ്യോമ സേന തകർത്തു. ദമാമിനടുത്ത റാസ്‌തന്നൂറ മേഖല ലക്ഷ്യമാക്കിയാണ് യമനിലെ ഹൂതികൾ മിസൈലുകൾ തൊടുത്തത്. സംഭവത്തിൽ സഊദി ഊർജ്ജ മന്ത്രാലയം അപലപിച്ചു. ഞായറാഴ്ച രാവിലെയും വൈകീട്ടുമാണ് ആക്രമണങ്ങൾ നടന്നത്. രാവിലെ നടന്ന ആക്രമണത്തിൽ റാസ്‌തന്നൂറ മേഖലയിലെ എണ്ണ സംഭരണ യാഡിലേക്കാണ് ഡ്രോൺ വന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണകയറ്റുമതി തുറമുഖം കൂടിയാണിത്. ഇവിടേക്ക് കടൽ ഭാഗത്ത് നിന്നെത്തിയ ഡ്രോൺ ആണ് ആക്രമണം നടത്തിയതെന്നും ആൾനാശമോ കനത്ത നാശനഷ്ടമോ ഉണ്ടായില്ലെന്ന് ഊർജ്ജ മന്ത്രാലയം പ്രസ്താവനയിൽ; പറഞ്ഞു.

    വൈകുന്നേരം സഊദി അരാംകോ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കൂടുതൽ ആക്രമണ ശ്രമങ്ങൾ നടന്നതായും ഊർജ്ജ മന്ത്രാലയം അറിയിച്ചു. ദഹ്‌റാനിലെ സഊദി അരാംകോ ജീവനക്കാരുടെ താമസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് മിസൈൽ കുതിച്ചെത്തിയത്. ആയിരക്കണക്കിന് ജീവനക്കാരും കുടുംബങ്ങളും താമസിക്കുന്ന മേഖലയിൽ മിസൈൽ തകർന്നു വീണെങ്കിലും ആളപായമോ നാശ നഷ്ടമോ ഉണ്ടായിട്ടില്ലെന്നും സഊദി ഊർജ്ജ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

   അതേസമയം, റാസ്‌തന്നൂറ മേഖലയിലെ അരാംകോ കേന്ദ്രങ്ങളും ദമാം, അസീർ, ജിസാൻ മേഖലയിലെ സൈനിക കേന്ദ്രങ്ങളും ലക്ഷ്യമാക്കി പതിനാല് ആയുധ ഡ്രോണുകളും എട്ട് മിസൈലുകളും ഉപയോഗിച്ച് ആക്രമിച്ചതായി ഹൂതികൾ അറിയിച്ചു. സംഭവത്തിന് പിന്നാലെ കിഴക്കൻ മേഖലയിലെ തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാൻ സഊദിയിലെ അമേരിക്കൻ മിഷൻ ആഹ്വാനം ചെയ്‌തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.