2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സഊദി മന്ത്രിസഭയില്‍ അഴിച്ചുപണി: പുതിയ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു

തൊഴില്‍, സാമൂഹിക, വികസന വകുപ്പ് മന്ത്രി അല്‍ ഗഫിസിനെ മാറ്റി

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സഊദിയില്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി. ശനിയാഴ്ച പുലര്‍ച്ചെയാണ് സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ രാജ കല്‍പ്പന പുറത്തുവന്നത്. നിലവിലെ പല മന്ത്രിമാരെ മാറ്റിയും വകുപ്പുകള്‍ വിഭജിച്ചും ചില അതോറിറ്റികള്‍ക്ക് രൂപം നല്‍കിയുമാണ് അഴിച്ചുപണികള്‍ നടന്നത്.

രാജകുടുംബങ്ങളിലെ ഏറ്റവും ഉന്നതിയിലുള്ളവരുമായി ബന്ധപ്പെട്ടു കിടക്കുന്ന റോയല്‍ കോര്‍ട്ടില്‍ റോയല്‍ പ്രൊട്ടക്റ്റഡ് കൗണ്‍സിലിന് രൂപം നല്‍കിയതാണ് ഏറ്റവും പ്രധാനം. സഊദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ വകുപ്പ് മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചത്.

നിലവിലെ തൊഴില്‍ സാമൂഹിക വികസനമന്ത്രി അലി ബിന്‍ നാസിര്‍ അല്‍ ഗഫീസിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. പകരം
തൊഴില്‍സാമൂഹിക വികസന മന്ത്രിയായി എന്‍ജിനീയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍ രാജ്ഹിയെ നിയമിച്ചു. 2016 ലായിരുന്നു അല്‍ ഖഫീസ് മന്ത്രിയായി ചുമതലയേറ്റത്. തുടര്‍ന്ന് സഊദിവല്‍ക്കരണമടക്കം വിവിധ നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് സ്ഥാന ചലനം.

സാംസ്‌കാരിക, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തെ വിഭജിച്ച് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയമായും സാംസ്‌കാരിക മന്ത്രാലയമായും പ്രത്യേകമാക്കി പ്രഖ്യാപിച്ചു. പ്രിന്‍സ് ബദ്ര്‍ ബിന്‍ അബ്ദുല്ലാഹ് ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് ആണ് പുതിയ സാംസ്‌കാരിക മന്ത്രി. എന്‍ജിനീയര്‍ ഹൈതം ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്ലാഹ് അല്‍ ഉഹൈലിയെ കമ്മ്യുണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രിയായി നിയമിച്ചു.

എക്‌സലന്‍സി റാങ്കോടെയാണ് നിയമനം. മക്കയിലെയും പുണ്യ നഗരികളുടെയും മേല്‍നോട്ടത്തിനായി റോയല്‍ അതോറിറ്റിക്ക് രൂപം നല്‍കി. സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് സ്ഥാനമേറ്റെടുത്ത ശേഷം ഇത് ആറാം തവണയാണ് മന്ത്രിസഭയില്‍ സമൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കി രാജ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

മറ്റു സ്ഥാന പ്രഖ്യാപനങ്ങള്‍

ശൈഖ് സ്വാലിഹ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ശൈഖിനെ സ്‌റ്റേറ്റ് മന്ത്രിയായും കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് അംഗമായും സുരക്ഷാ, രാഷ്ട്രീയ കാര്യ സമിതി കൗണ്‍സില്‍ അംഗമായും പ്രഖ്യാപിച്ചു.

ശൈഖ് അബ്ദുല്‍ ലത്വീഫ് അല്‍ ശൈഖിനെ ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രിയായി നിയമിച്ചു.

അബ്ദുല്ലാഹ് ബിന്‍ സാലിം അല്‍ മുതാനിയെ മന്ത്രി റാങ്ക് പദവിയോടെ ശൂറാ കൗണ്‍സില്‍ ഡെപ്യുട്ടി സ്പീക്കറായി നിയമിച്ചു.

ഡോ: ഖാലിദ് ബിന്‍ സ്വാലിഹ് അല്‍ സുല്‍ത്താനെ കിംഗ് അബ്ദുല്ല സിറ്റി ഫോര്‍ എനര്‍ജി പ്രസിഡന്റായി നിയമിച്ചു. മന്ത്രി റാങ്ക് പദവിയോടെയാണ് നിയമനം.

ട്രാസ്ന്‍പോര്‍ട്ട് ഡെപ്യുട്ടി മന്ത്രി എന്‍ജിനീയര്‍ സഅദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഖലാബിനെ സ്ഥാനത്ത് നിന്നും ഒഴിവാക്കി.

മുഹമ്മദ് ബിന്‍ തവീലാഹ്അല്‍ സലാമിയെ എക്‌സലന്റ് റാങ്ക് പദവിയോടെ സിവില്‍ സര്‍വീസ് മന്ത്രി അസിസ്റ്റന്റ് ആയി നിയമിച്ചു.

ഹഫര്‍ അല്‍ ബാഥ്വിന്‍ സര്‍വ്വകലാശാല ഡയറക്റ്റര്‍ സ്ഥാനത്ത് നിന്നും ഡോ: അബ്ദുല്‍ അസീസ് അല്‍ സുവയാനെ മാറ്റി പകരം ഡോ: മുഹമ്മദ് ബിന്‍ അബ്ദുല്ലാ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഖഹ്താനിയെ നിയമിച്ചു.

റോയല്‍ കമ്മീഷന്‍ ഫോര്‍ ജുബൈല്‍, യാമ്പു ചെയര്‍മാനായും മന്ത്രിയായും അബ്ദുല്ല ബിന്‍ ഇബ്‌റാഹീം ബിന്‍ അബ്ദുല്ല അല്‍ സഅദാനെ നിയമിച്ചു.

അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ തഖഫിയെ ദേശീയ സുരക്ഷാ തലവന്റെ ഉപദേശകനായി നിയമിച്ചു. എക്‌സലന്‍സി റാങ്കോടെയാണ് നിയമനം.

എന്‍ജിനീയര്‍ ഖാലിദ് ബിന്‍ സാലിഹ് ബിന്‍ മുഹമ്മദ് അല്‍ മുദൈഫിര്‍നെയും എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല ബിന്‍ അലി അല്‍ അബ്ദുല്‍ കരീമിനെയും ഊര്‍ജ്ജ, വ്യവസായ, മിനറല്‍ റിസോഴ്‌സസ് ഡെപ്യുട്ടി മന്ത്രിയായും എഞ്ചിനീയര്‍ നാസിര്‍ ബിന്‍ അബ്ദുല്‍ റസാഖ് ബിന്‍ യൂസുഫ് അല്‍ നഫീസിയെ എക്‌സലന്‍സി റാങ്കോടെ അസിസ്റ്റന്റ് ആയും നിയമിച്ചു.

ഡോ: നാസിര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ദാഔദ് നെ മിനിസ്റ്റര്‍ റാങ്ക് പദവിയോടെ ഡെപ്യുട്ടി ആഭ്യന്തര മന്ത്രിയായി നിയമിച്ചു.

എഞ്ചിനീയര്‍ ബദ്ര്‍ ബിന്‍ അബ്ദുല്ലാ ബിന്‍ മൊഹന്ന ദുലാമിയെ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് റോഡ്‌സ് ഡെപ്യുട്ടി മന്ത്രിയായും നിയമിച്ചതായി റോയല്‍ കോര്‍ട്ട് ശനിയാഴ്ച്ച പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്ഥാനവയില്‍ വ്യക്തമാക്കി.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.