റിയാദ്: മക്കയിലെത്തുന്ന സന്ദർശകർക്കും തീർഥാടകർക്കും പുതിയ നിർദേശവുമായി ഹജ്ജ്, ഉംറ മന്ത്രാലയം. മസ്ജിദുൽ ഹറമിൽ കിടന്നുറങ്ങുന്നത് ഒഴിവാക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം. മസ്ജിദുൽ ഹറമിൽ കിടന്നുറങ്ങുന്നത് മറ്റു തീർഥാടകർക്കും എമർജൻസി സർവീസുകൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. മന്ത്രാലയത്തിന്റെ വ്യവസ്ഥകളും നിർദേശങ്ങളും മുഴുവൻ തീർഥാടകരും പാലിക്കണമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.
മസ്ജിദുൽ ഹറമിൽ സന്ദർശനത്തിനെത്തുന്ന സന്ദർശകരും തീർഥാടകരും പള്ളിയുടെ ഇടനാഴികളിലും നമസ്കാര സ്ഥലങ്ങളിലും എമർജൻസി വാഹനങ്ങളുടെയും ഭിന്നശേഷിക്കാർക്കുള്ള വാഹനങ്ങളുടെയും പാതയിലും കിടക്കുകയോ ഉറങ്ങുകയോ ചെയ്യരുതെന്നാണ് മന്ത്രാലയത്തിന്റെ ആവശ്യം. ഇതിനായി സന്ദർശകരും തീർഥാടകരും സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം, കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെ അവശേഷിച്ചവർ കൂടി സൗദി വിട്ടതോടെ ഈ വർഷത്തെ ഇന്ത്യൻ തീർഥാടകർ പൂർണമായി തിരിച്ചെത്തി. കോഴിക്കോട്ടേയ്ക്ക് രണ്ടും കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേയ്ക്ക് ഓരോ വിമാനങ്ങളുമാണ് ബുധനാഴ്ച മലയാളി തീർഥാടകരുടെ അവസാന സംഘം മടങ്ങിയത്. ആകെ 1,750,25 തീർഥാടകരാണ് ഇത്തവണ ഹജ്ജ് ചെയ്തത്.
Comments are closed for this post.