2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ്-19: ആഘാതം പരിഹരിക്കാൻ വിവിധ മഖേലകളിൽ ആശ്വാസ പദ്ധതികളുമായി സഊദി

സാമൂഹിക നിധി രൂപീകരിച്ചു നീക്കിവെച്ചത് 50 കോടി റിയാൽ
 
തൊഴിൽ മേഖല പ്രതിസന്ധി നേരിടാൻ 17 ബില്യൺ റിയാൽ

അബ്ദുസ്സലാം കൂടരഞ്ഞി

    റിയാദ്: കൊവിഡ്-19 പ്രതിസന്ധി പരിഹരിക്കുന്നതിന് സഊദി 50 കോടി റിയാൽ  നീക്കിവെച്ചു. പ്രതിസന്ധി ലഘൂകരിക്കുന്നതിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ജനറൽ അതോറിറ്റി ഫോർ ഔഖാഫും ചേർന്ന് സാമൂഹികനിധി സ്ഥാപിച്ചാണ് പ്രതിസന്ധി പരിഹരിക്കാനായി പ്രത്യേക തുക നീക്കി വെച്ചത്. വിവിധ മന്ത്രാലയങ്ങൾ നൽകിയ തുക ഉപയോഗിച്ചാണ് പ്രത്യാഘാതം പരിഹരിക്കുന്നതിനുള്ള തുക കണ്ടെത്തിയത്. നിലവിൽ 50 കോടി റിയാലാണ് നീക്കി വെച്ചത്.
    മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി നിധി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മൂലധനമായ അൻപത് കോടി റിയാലിലേക്ക് 10 കോടി റിയാൽ ഔഖാഫ് അതോറിറ്റിയുടെ സംഭാവനയും അഞ്ചു കോടി റിയാൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സംഭാവനയും അഞ്ചു കോടി റിയാൽ സ്വകാര്യ ഫൗണ്ടേഷനുകളുടെയും കമ്പനികളുടെയും സംഭാവനയുമാണ്. 
     മൂലധനത്തിലെ ശേഷിക്കുന്ന ഭാഗം സമാഹരിക്കുന്നതിന് വ്യവസായികളുടെയും വ്യക്തികളുടെയും മറ്റു ഫൗണ്ടേഷനുകളുടെയും സഹായം തേടും. കൊറോണ വ്യാപനം ഏറ്റവുമധികം ബാധിച്ച ദരിദ്രർ, വികലാംഗർ, വിധവകൾ, വിവാഹമോചിതർ, തടവുകാരുടെ കുടുംബങ്ങൾ, വയോജനങ്ങൾ, തൊഴിലാളികൾ, പാവപ്പെട്ട വിദ്യാർഥികൾ, ഉംറക്കും സിയാറത്തിനും സഊദിയിൽ എത്തി കുടുങ്ങിയവർ തുടങ്ങി സഹായം ഏറ്റവും കൂടുതൽ ആവശ്യമായ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള സാമൂഹിക പദ്ധതികൾക്ക് നിധിയിൽ നിന്ന് ധനസഹായം നൽകുകയും ഈ ലക്ഷ്യത്തോടെ പൊതുസമൂഹത്തിന്റെ പങ്കാളിത്തം പ്രയോജനപ്പെടുത്തുകയും ചെയ്യും. 
    അതോടൊപ്പം തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിഹരിക്കാനായി പതിനേഴു ബില്യൺ റിയാലും നീക്കി വെച്ചിട്ടുണ്ട്. കൊറോണ വൈറസ് പ്രതിസന്ധിയുടെ ഫലമായുണ്ടാകുന്ന സാമ്പത്തിക, തൊഴിൽ മേഖല പ്രതിസന്ധികളെ നേരിടാനായി സഊദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് തുക നീക്കി വെച്ചത് . പ്രതിസന്ധി നേരിടുന്ന സ്വകാര്യമേഖലയെ സഹായിക്കാനായാണ് സ്വകാര്യ മേഖലയിലെ സാമ്പത്തിക തൊഴിൽ വളർച്ചക്ക് സഹായകമായി ഇത്രയും തുക നീക്കി വെച്ചതെന്ന് സഊദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വക്താവ് നാസർ ബിൻ അബ്ദുറഹ്മാൻ അൽ ഹസനി വ്യക്തമാക്കി 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.