2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മതനിന്ദ: സഊദിയിൽ സർവ്വകലാശാലയിൽ നിന്ന് പിരിച്ചുവിട്ട പ്രൊഫസർ ഇന്ത്യക്കാരൻ ആണെന്ന് സൂചന

ജിസാൻ സർവ്വകലാശായിലെ ഡിപ്പാർട്ട്മെന്റ് മേധാവിയെയാണ് പിരിച്ചു വിട്ടത്

      റിയാദ്: മതനിന്ദയുടെ പേരിൽ സഊദിയിൽ ഉന്നത ജോലി നഷ്ടമായ ഉദ്യോഗസ്ഥൻ ഇന്ത്യൻ പ്രൊഫസർ ആണെന്ന് സൂചന. മുസ്‌ലിംകളെ ഇകഴ്ത്തി പോസ്റ്റിട്ട ഇന്ത്യൻ പ്രൊഫസർ നീരജ് ബേദിയെയാണ് സർവ്വകലാശാല അധികൃതർ പുറത്താക്കിയതെന്നാണ് വിവരം. പ്രൊഫസറെ പുറത്താക്കിയതായി സർവ്വകലാശാല ട്വിറ്ററിൽ അറിയിച്ചെങ്കിലും ഇയാളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.

    എന്നാൽ സർവകലാശാലയുടെ ട്വിറ്റർ മെസ്സേജിന് താഴെ നീരജ് ബേദി എന്ന ഇന്ത്യൻ പ്രൊഫസറുടെ വർഗീയപരാമർശമുള്ള ട്വീറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളുമായി നിരവധി പേർ കമന്റ് രേഖപ്പെടുത്തിയതോടെയാണ് പിരിച്ചുവിടപ്പെട്ട പ്രൊഫസ്സർ ഇന്ത്യക്കാരനാണെന്ന് വ്യക്തമായത്.

 

      തീവ്രവാദത്തെയും ഭീകര വാദത്തെയും ഇസ്‌ലാം  മതവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ആരോപണങ്ങളാണ് പ്രൊഫസര്‍ പങ്കുവെച്ചത്.  സര്‍ക്കാര്‍ സര്‍വകലാശാലയില്‍ ഉയര്‍ന്ന വേതനവും ആനുകൂല്യങ്ങളും പറ്റി ഡിപ്പാര്‍ട്ട്മെന്‍റ് മേധാവിയായി ജോലി ചെയ്യുന്ന വിദേശ പ്രൊഫസറെയാണ് മതനിന്ദ നടത്തിയതിന് പിരിച്ചുവിട്ടതെന്നായിരുന്നു നേരത്തെയുള്ള വാർത്തകൾ. സഊദിയുടെ നയവിരുദ്ധമായ തീവ്രവാദ ചട്ടവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ജിസാന്‍ സര്‍വകലാശാല വ്യക്തമാക്കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

       ഇസ്‌ലാം മതത്തെ മോശമായി ചിത്രീകരിച്ചും, നരേന്ദ്രമോദിയെ പുകഴ്ത്തിയും, കൊറോണ പരത്തിയത് മുസ്‌ലിംകളാണ് എന്ന രീതിയിലുമുള്ള മെസ്സേജുകളാണ് ഇയാൾ പോസ്റ്റ് ചെയ്തതായി പറയുന്ന സ്ക്രീൻഷോട്ടുകളിൽ കാണുന്നത്.

മാത്രമല്ല ഇയാളുടെ ട്വിറ്റർ അകൗണ്ടിൽ മുസ്‌ലിംകൾക്കെതിരെ നിരവധി പരാമർശങ്ങളും പലപ്പോഴായി വ്യാപകമായി ഉപയോഗിച്ചതിന്റെയും സ്ക്രീൻ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. അതേസമയം, ഇയാളുടെ പേരിൽ പ്രചരിക്കുന്ന വർഗീയ പരാമർശങ്ങൾ പോസ്റ്റ് ചെയ്ത ട്വിറ്റർ അക്കൗണ്ട് ഇപ്പോൾ നിലവിലില്ല. പ്രതിഷേധം കനത്തതോടെ അക്കൗണ്ട് ഡിലീറ്റ് ആക്കി എന്നാണ് കരുതുന്നത്.

     ഇയാളുടെ വർഗീയത പടർത്തുന്ന പോസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ഉയർന്നിരുന്നത്. ഇതിനിടെയാണ് സംഭവം സർവ്വകലാശാലയുടെ ശ്രദ്ധയിൽ പെട്ടതും പ്രൊഫസർക്കെതിരെ നടപടിയെടുത്തതും. വിവിധ ഗൾഫ് നാടുകളിൽ അടുത്തിടെ ഇത്തരം പിരിച്ചു വിടൽ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സഊദിയിൽ ആദ്യമായാണ് ഉയർന്ന ജോലിയിലിരിക്കുന്ന ഒരു ഇന്ത്യക്കാരൻ ഇത്തരത്തിലുള്ള വർഗീയ പരാമർശത്തിന്റെ പേരിൽ നടപടി നേരിടുന്നത്.

       വർഷങ്ങളോളമായി ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും കൈപറ്റി ജിസാൻ യൂണിവേഴ്സിറ്റിയിൽ ഡിപ്പാർട്മെന്റ് മേധാവിയായി ജോലി ചെയ്തിരുന്ന ഇയാൾ വിദ്യാർത്ഥികൾക്ക് മാർക്ക് കുറച്ചു നൽകിയിരുന്നതായും പരാതിയുണ്ട്. അതേസമയം, ജോലിയിൽ നിന്നും പിരിച്ചു വിട്ടെങ്കിലും നിയമ നടപടികൾ ഇയാൾ നേരിടേണ്ടി വരും. മതനിന്ദക്ക് കടുത്ത ശിക്ഷയാണ് സഊദിയിൽ നേരിടേണ്ടി വരിക. ഏവർക്കും പാഠമാകുന്ന തരത്തിലുള്ള ശിക്ഷകൾ നൽകണമെന്ന് ആവശ്യവുമായി ട്വിറ്ററിൽ നിരവധി പേർ  രംഗത്തെത്തിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.