
റിയാദ്: സഊദിയിൽ ഫ്രീ ഇക്കോണമിക് സോൺ വരുന്നുവെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സഊദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ്. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഫ്രീ ഇക്കോണമിക് സോൺ സംബന്ധിച്ച ഗവണ്മെന്റിന്റെ അവലോകനം അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സഊദി ബജറ്റ് 2021 ഫോറത്തിൽ സംസാരികുകയായിരുന്നു മന്ത്രി. ഫ്രീ ഇക്കോണമിക് സോണുകളെ ചില നികുതികളിൽ നിന്ന് ഒഴിവാക്കുമെന്നും പ്രത്യേക നിയമനിർമ്മാണ അന്തരീക്ഷവും പ്രത്യേക ആനുകൂല്യങ്ങളും സോണുകൾക്ക് മാത്രമായി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ വ്യവസായങ്ങൾ നിർമ്മിക്കാൻ താൽപ്പര്യമുള്ള പ്രാദേശിക, വിദേശ നിക്ഷേപകരെ രാജ്യത്തിലേക്ക് ആകർഷിക്കു തരത്തിലായിരിക്കും പ്രവർത്തനങ്ങൾ. നിലവിലുള്ള നിക്ഷേപങ്ങളെ ആകർഷിക്കാൻ സാമ്പത്തിക മേഖല ലക്ഷ്യമിടുന്നില്ല. ഗുണപരമായ സമ്പദ്വ്യവസ്ഥയായ ഫാർമസ്യൂട്ടിക്കൽസ്, ബയോടെക്നോളജി, ഡിജിറ്റൽ വ്യവസായങ്ങൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ മെച്ചപ്പെടുത്തുന്നതിനും ഫ്രീ സോണുകൾ ലക്ഷ്യമിടുന്നുവെന്നും അൽ ഫാലിഹ് അഭിമുഖത്തിൽ വ്യക്തമാക്കി.