
റിയാദ്: ഇസ്റാഈൽ സംഘം സഊദിയിൽ സന്ദർശനം നടത്തിയതായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സഊദി സന്ദർശനം നടത്തുന്ന അമേരിക്കൻ സ്റ്റേറ്റ് സിക്രട്ടറിയോടൊപ്പം കൂടിക്കാഴ്ച്ച നടത്തിയതായി വാർത്ത നിഷേധിച്ച് സഊദി വിദേശ കാര്യ മന്ത്രാലയം രംഗത്തെത്തി. വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്നും റിപ്പോർട്ട് നിരസിക്കുന്നുവെന്നും സഊദി വിദേശ കാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വ്യക്തമാക്കി.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോയുടെ സന്ദർശന വേളയിൽ കിരീടാവകാശിയും ഇസ്റാഈൽ ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമ വാർത്തകൾ ശ്രദ്ധയിൽ പെട്ടു. അത്തരം ഒരു കൂടിക്കാഴ്ച്ചയും നടന്നിട്ടില്ലെന്നും അമേരിക്കൻ സഊദി ഉദ്യോഗസ്ഥർ മാത്രമായിരുന്നു കൂടിക്കാഴ്ച്ചയിലെന്നും വിദേശ കാര്യ മന്ത്രി കൂട്ടിച്ചേർത്തു. നിയോമിലെ വിമാനത്താവളത്തിൽ സ്റ്റേറ്റ് സെക്രട്ടറി പോംപിയോയുടെ യാത്രയയപ്പ് യോഗത്തിൽ കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയിൽ ഞാനും പങ്കെടുത്തിരുന്നു. ഇസ്റാഈലിൽ നിന്നുള്ള ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു എസ് സ്റ്റേറ്റ് സിക്രട്ടറി മൈക്ക് പോംപിയോ സഊദിയിൽ സന്ദർശനത്തിലെത്തിയ അതെ സമയത്ത് ഇസ്റാഈലിൽ നിന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇസ്റാഈൽ ചാര സംഘടന തലവൻ യോസഫ് മെർ കോഹെനും സഊദിയിലെ ചെങ്കടൽ തീരത്തെ നിയോമിൽ എത്തിയെന്ന തരത്തിലായിരുന്നു ഇന്ന് വാർത്ത പ്രചരിച്ചിരുന്നത്. ഇസ്റാഈലിലെ ആർമി റേഡിയോ, കൻ റേഡിയോ എന്നിവ പുറത്ത് വിട്ട വാർത്ത റോയിട്ടേഴ്സും റിപ്പോർട്ട് ഹെയ്തിരുന്നു. ഇസ്റാഈലിൽ നിന്നും ഇരുവരും അതീവ രഹസ്യമായാണ് സഊദിയിൽ എത്തിയതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.