2022 September 30 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർക്കാനുള്ള ഇസ്‌റാഈൽ നീക്കം അപലപനീയം, തടയാൻ അന്താരാഷ്ട്ര സമൂഹം രംഗത്ത് വരണം: സഊദി അറേബ്യ

അബ്ദുസലാം കൂടരഞ്ഞി

      റിയാദ്: വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർക്കാനുള്ള ഇസ്‌റാഈൽ നീക്കം അപലപനീയമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും സഊദി അറേബ്യ. ഈ നീക്കം തടയാൻ അന്താരാഷ്ട്ര സമൂഹം രംഗത്ത് വരണമെന്നും സഊദി അറേബ്യ ആവശ്യപ്പെട്ടു. ഫലസ്‌തീൻ ജനവിഭാഗത്തിന്റെ ഭൂപ്രദേശങ്ങൾ പിടിച്ചെടുക്കുമെന്ന ഇസ്‌റാഈൽ അധിനിവേശ ഭീഷണിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ (ഒ.ഐ.സി) അടിയന്തിര യോഗത്തിൽ അധ്യക്ഷ സ്ഥാനം വഹിച്ച സഊദി വിദേശ കാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ആണ് ഫലസ്‌തീൻ ഇസ്‌റാഈൽ വിഷയത്തിൽ സഊദി, അറബ് നയം വ്യക്തമാക്കിയത്.

    പലസ്തീനികൾ വ്യാപകമായി വിമർശിക്കുകയും നിരസിക്കുകയും ചെയ്‌ത യുഎസ് സമാധാന പദ്ധതിയിൽ പറഞ്ഞിരിക്കുന്നതുപോലെ വെസ്റ്റ് ബാങ്ക് സെറ്റിൽമെന്റുകളും ജോർദാൻ താഴ്വാരയും കൂട്ടിച്ചേർക്കാനാണ് ഇസ്‌റാഈൽ ഉദ്ദേശിക്കുന്നത്. ഇക്കാര്യം അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇസ്‌റാഈൽ കടന്നു കയറ്റ നടപടിക്കെതിരെ കർശന നിലപാട് സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണമെന്നും ഇസ്‌റാഈൽ നിലപാട് അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ജനസംഖ്യാശാസ്‌ത്രത്തിൽ മാറ്റം വരുത്താനാണ് ഇസ്‌റാഈൽ വാസസ്ഥലങ്ങൾ ലക്ഷ്യമിടുന്നതെന്ന ഫലസ്‌തീൻ ആരോപിച്ചു. അറബ് സമാധാന സംരംഭത്തിൽ നിന്ന് ഞങ്ങൾ പിന്മാറില്ലെന്ന് ഫലസ്‌തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ മാലികി വ്യക്തമാക്കി. ഒ.ഐ.സി സെക്രട്ടറി ജനറൽ യൂസഫ് അൽ-ഉതൈമീനും ഇസ്‌റാഈൽ അധിനിവേശ നയങ്ങൾ അതിശക്തമായി എതിർത്തു. ഇസ്‌റാഈൽ നീക്കം അന്താരാഷ്ട്ര നിയമങ്ങളേയും ഇക്കാര്യത്തിൽ പ്രസക്തമായ യുഎൻ പ്രമേയങ്ങളും ലംഘിക്കുന്നതാണെന്നും അദ്ദേഹം സമ്മേളനത്തിൽ വ്യക്തമാക്കി. നിയമവിരുദ്ധമായ ഇസ്‌റാഈലി നീക്കത്തെ നേരിടുന്നതിൽ ഫലസ്‌തീൻ നേതൃത്വത്തിന്റെ തീരുമാനങ്ങളെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ പിന്തുണയ്ക്കുന്നുവെന്നും ഫലസ്‌തീൻ ഭൂപ്രദേശങ്ങളിൽ നിയമ വിരുദ്ധമായ എന്തെങ്കിലും മാറ്റം വരുത്തുന്നത് ദ്വിരാഷ്ട്ര പരിഹാരത്തെ ഭീഷണിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

     കിഴക്കൻ ജറുസലേമിനെ തലസ്ഥാനമായി 1967 ലെ അതിർത്തികളെ അടിസ്ഥാനമാക്കി ഒരു പരമാധികാര രാഷ്ട്രം സ്ഥാപിക്കാനുള്ള പലസ്തീൻ ജനതയുടെ അവകാശത്തെ ഒ.ഐ.സി പൂർണ്ണമായും പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒഐസി അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ അംഗ രാജ്യങ്ങളിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരാണ് ഇസ്‌റാഈൽ നീക്കത്തെ പ്രതിരോധിക്കാനുള്ള യോഗത്തിൽ പങ്കാളികളായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.