2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

നെതർലാൻ്റിലെ സഊദി എംബസിക്ക് നേരെ വെടിവെപ്പ്

ജിദ്ദയിൽ യൂറോപ്യൻ രാജ്യങ്ങളുടെ കോൺസുലേറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്ത പരിപാടിയിൽ ബോംബ് സ്ഫോടനം നടന്നതിന് പിന്നാലെയാണ് സംഭവം

അബ്‌ദുസ്സലാം കൂടരഞ്ഞി

    റിയാദ്: നെതർലാൻ്റിലെ സഊദി എംബസിക്ക് നേരെ ആക്രമണം. ഹേഗിലെ സഊദി എംബസിക്ക് നേരെ നടന്ന വെടി വെപ്പ് അക്രമത്തിൽ എംബസി കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു. നിരവധി തവണ എംബസി കെട്ടിടത്തിനു നേരെ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ. പ്രാദേശിക സമയം പുലർച്ചെ ആറു മണിക്കാണ് സംഭവമെന്ന് പോലീസ് വക്താവ് സ്‌റ്റീവൻ വാൻ സന്തേൻ അറിയിച്ചു. അക്രമത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിൽ സഊദി അറേബ്യ അപലപിച്ചു.

    എംബസിക്ക് നേരെ നടന്ന ആക്രമണത്തെ അപലപിക്കുന്നതായും ഇത് ഭീരുത്വമാണെന്നും സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. സംഭവം നടന്നയുടനെ എംബസി സുരക്ഷാ ഉദ്യോഗസ്ഥർ നെതർലാൻഡ്‌ സുരക്ഷാ അധികൃതരെ ഉടനടി അറിയിച്ചതായും ഹേഗിലെ എംബസിയിലേക്കുള്ള റോഡ് അടച്ച് അധിക സുരക്ഷാ നടപടികൾ സ്വീകരിച്ചതായും സഊദി വാർത്താ ഏജൻസി വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നെതർലാൻഡിലെ സഊദി പൗരന്മാരോട് ജാഗ്രത പാലിക്കാൻ അധികൃതർ ആഹ്വാനം ചെയ്‌തു.

   ഹേഗിലെ സഊദി അറേബ്യ എംബസിക്ക് നേരെ നിരവധി വെടിയുതിർത്തതായും ആർക്കും പരിക്കേറ്റില്ലെന്നും അന്വേഷണം നടക്കുന്നതായും ഡച്ച് പോലീസ് നേരത്തെ അറിയിച്ചിരുന്നു. കെട്ടിടത്തിന് പുറത്ത് നിരവധി വെടിയുണ്ടകൾ പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രാദേശിക മാധ്യമങ്ങൾ വെടിയുണ്ടയേറ്റ് തുളകൾ വീണ ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. അക്രമത്തിന്റെ പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

    കഴിഞ്ഞ ദിവസം ജിദ്ദയിലെ ഒരു സെമിത്തേരിയിൽ യൂറോപ്യൻ രാജ്യങ്ങളുടെ കോൺസുലേറ്റ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ പങ്കെടുത്ത ഒരു പരിപാടിയിൽ സ്ഫോടനം ഉണ്ടായതിനു പിറകെയാണു നെതർലാൻ്റിലെ സഊദി എംബസിക്ക് നേരെ വെടിവെപ്പ് ഉണ്ടായിരിന്നത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തെ അനുസ്മരിപ്പിക്കുന്ന വാർഷിക ചടങിനിടെ ഫ്രാൻസ് ഉൾപ്പെടെയുള്ള നിരവധി കോൺസുലേറ്റുകൾ പങ്കെടുത്ത ജിദ്ദയിലെ അമുസ്‌ലിം സെമിത്തേരിയിൽ ബുധനാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. ജിദ്ദയിലെ സ്ഫോടനത്തിൽ ഒരു സഊദി സെക്യൂരിറ്റി ഉദ്യോഗസ്ഥനും ഒരു ഗ്രീക്ക് കോൺസുലേറ്റ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.