2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സാമ്പത്തിക രംഗത്ത് സഊദി ശക്തം തന്നെ; വിദേശ നിക്ഷേപങ്ങളിൽ ഗൾഫിൽ ഒന്നാം സ്ഥാനത്ത്, ബാങ്കിംഗ് മേഖല നിക്ഷേപത്തിലും വര്‍ധനവ് 

അബ്‌ദുസ്സലാം കൂടരഞ്ഞി 

      റിയാദ്: കൊവിഡ് പ്രതിസന്ധിക്കിടെയും സഊദി സാമ്പത്തിക രംഗം ശക്തമാണെന്ന് കണക്കുകൾ. ഗൾഫ് രാജ്യങ്ങൾ വിദേശങ്ങളിൽ നടത്തിയ നിക്ഷേപങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതോടൊപ്പം ബാങ്കിംഗ് മേഖലയിലെ നിക്ഷേപത്തിലും വര്‍ധനവ് രേഖപ്പെടുത്തി. ഈ വർഷം രണ്ടാം പാദത്തിൽ ഗൾഫ് രാജ്യങ്ങൾ വിദേശങ്ങളിൽ നടത്തിയ ആകെ നിക്ഷേപത്തിൽ 49 ശതമാനവും സഊദി വിഹിതമാണ്. ഇതേ കാലയളവിൽ ഗൾഫ് രാജ്യങ്ങൾ വിവിധ ലോക രാജ്യങ്ങളിൽ 70 പദ്ധതികളിലാണ് നിക്ഷേപങ്ങൾ നടത്തിയതെന്നാണ് കണക്കുകൾ. ഇതിൽ പകുതിയും സഊദിയുടെ നിക്ഷേപമാണ്.

       ആകെ നിക്ഷേപത്തിന്റെ 38 ശതമാനവുമായി യു എ ഇ യാണ് രണ്ടാം സ്ഥാനത്ത്. ബഹ്‌റൈൻ പത്ത് ശതമാനവും ഖത്തർ രണ്ടു ശതമാനവും കുവൈത്ത് ഒരു ശതമാനവും നിക്ഷേപങ്ങൾ നടത്തി. അതേസമയം, രണ്ടാം പാദത്തിൽ ഒമാൻ വിദേശ പദ്ധതികളിൽ നിക്ഷേപങ്ങൾ നടത്തിയിട്ടില്ല. ഗൾഫ് രാജ്യങ്ങൾ ആകെ 490 കോടി ഡോളറാണ് വിദേശങ്ങളിൽ മുടക്കിയതെന്നാണ് കണക്കുകൾ. കൽക്കരി-എണ്ണ-ഗ്യാസ്, പുനരുപയോഗ ഊർജം, ധനസേവനങ്ങൾ, ഗതാഗതം-സംഭരണം, ഭക്ഷ്യവസ്തുക്കൾ-പാനീയങ്ങൾ എന്നീ അഞ്ചു  മേഖലകളിലാണ് രണ്ടാം പാദത്തിൽ ഗൾഫ് രാജ്യങ്ങൾ വിദേശങ്ങളിൽ മുഖ്യമായും നിക്ഷേപങ്ങൾ നടത്തിയത്. 

        രണ്ടാം പാദത്തിൽ അറബ് രാജ്യങ്ങളിലെ വിദേശ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും എത്തിയത് സഊദി, യു.എ.ഇ, രാജ്യങ്ങളിലാണ്. ആകെ വിദേശ നിക്ഷേപങ്ങളിൽ 65.4 ശതമാനവും ഈ രണ്ടു രാജ്യങ്ങളിലുമാണ് എത്തിയതെന്നും ദി അറബ് ഇൻവെസ്റ്റ്‌മെന്റ് ആന്റ് എക്‌സ്‌പോർട്ട് ക്രെഡിറ്റ് ഗാരണ്ടി കോർപറേഷൻ (ദമാൻ) റിപ്പോർട്ടിൽ വ്യക്തമാക്കി. അതേസമയം, രണ്ടാം പാദത്തിൽ അറബ് രാജ്യങ്ങളിലെ വിദേശ നിക്ഷേപ പദ്ധതികളുടെ എണ്ണത്തിൽ 30 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

        അതോടൊപ്പം, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സഊദി ബാങ്കിങ് മേഖലയിൽ 9 ശതമാനത്തിന്റെ വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ബാങ്കുകളിലെ നിക്ഷേപം വര്‍ധിച്ചത് രാജ്യത്തിന്റെ സമ്പദ് ഘടനക്ക് കരുത്ത് പകരുന്നതാണെന്ന് സാമ്പത്തിക വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ദേശീയ ബാങ്കായ സാമയാണ് ഈ വര്‍ഷത്തെ രണ്ടാം പാദ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഒമ്പത് ശതമാനത്തിന്റെ വളര്‍ച്ചയാണ് രണ്ടാം പാദത്തില്‍ ഉണ്ടായത്. 151.5 ബില്യണ്‍ റിയാലിന്റെ അധിക നിക്ഷേപമാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ബാങ്കുകളിലെ ആകെ നിക്ഷേപം 1.8 ട്രില്യണ്‍ കടന്നു. കഴി‍ഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.69 ട്രില്യണ്‍ റിയാലായിരുന്നു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.