
പശ്ചിമേഷ്യ, പ്രത്യേകിച്ച് അറബ്രാഷ്ട്രങ്ങള്‍ പ്രതിസന്ധികളെ നേരിട്ടുകൊണ്ടാണ് മുന്നോട്ടു നീങ്ങുന്നതെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായി സാമ്പത്തിക,സാമൂഹിക രംഗങ്ങളില്‍ ചടുലതയോടെ മുന്നേറുകയാണ് സഊദി അറേബ്യ. പൊതുവേയുള്ള സാമ്പത്തികമാന്ദ്യം ഇവിടെയുമുണ്ട്, ലോകമാസകലം ബാധിച്ച തീവ്രവാദ ഭീഷണിയും ഒരു വശത്തുണ്ട്, എങ്കിലും അതൊന്നും രാജ്യത്തിന്റെ യശസ്സിനെ കളങ്കമേല്‍പ്പിക്കാതെ കരുത്തോടെ കാത്തുരക്ഷിക്കാന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെയും കിരീടാവകാശിയും മകനുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെയും നേതൃത്വങ്ങള്‍ക്കു കഴിയുന്നു.
സാമ്പത്തികരംഗത്ത് അറബ്രാജ്യങ്ങള്‍ അടുത്തകാലത്തു നേരിട്ട പ്രതിസന്ധി മുന്നില്‍ക്കണ്ട് സ്തുത്യര്‍ഹമായ പരിഹാരപ്രവര്‍ത്തനമാരംഭിച്ചത് സഊദി അറേബ്യയാണ്. ആധുനിക സഊദിയുടെ സാമ്പത്തികരംഗം ശക്തമാക്കിയ എണ്ണയുടെ വിലയിടിവുണ്ടാക്കിയ തിരിച്ചടി തന്നെയാണു പുതിയ സഊദിയെ വാര്‍ത്തെടുക്കാന്‍ ഭരണാധികാരികള്‍ക്കു പ്രചോദനമായത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണയുല്‍പ്പാദന രാജ്യമെന്ന ഖ്യാതി നേടിയ സഊദിക്ക് അടുത്തകാലം വരെ എണ്ണപ്പണമുള്ളതിനാല്‍ മറ്റു രാജ്യങ്ങള്‍ക്കേറ്റ മാന്ദ്യം ബാധിച്ചിരുന്നില്ല.
എന്നാല്‍, എണ്ണ വിപണിയിലെ തുടര്‍ച്ചയായ ചാഞ്ചാട്ടം ആ അവസ്ഥ മാറ്റിമറിച്ചു. പ്രതിസന്ധിയറിയാത്ത രാഷ്ട്രം പ്രതിസന്ധി നേരിടേണ്ട അവസ്ഥയിലെത്തി. ഇതോടെയാണ് എണ്ണയില്‍ മാത്രം കണ്ണുനട്ടാല്‍ പോരെന്ന തിരിച്ചറിവുണ്ടായത്. ആ തിരിച്ചറിവ് ഉടന്‍ തന്നെ പ്രാവര്‍ത്തികമാക്കിയെന്നതാണ് സഊദി ഭരണാധികാരികളുടെ മിടുക്ക്.
നിലവിലെ ഭരണാധികാരി സല്മാന് രാജാവ് മൂന്നുവര്‍ഷം മുമ്പ് ചുമതലയേല്‍ക്കുമ്പോള്‍ സാമ്പത്തികരംഗം കടുത്ത വെല്ലുവിളി നേരിടുകയായിരുന്നു. രാജാവ് അതിനുള്ള പോംവഴികള്‍ തേടുകയും പുതിയ മാര്‍ഗങ്ങള്‍ വെട്ടിത്തുറക്കുകയും ചെയ്തു. അതിനായി സഊദി വിഷന്‍ 2030 ഉം ദേശീയ പരിവര്‍ത്തന പദ്ധതി 2020 ഉം പ്രഖ്യാപിച്ചു. അതിനൊത്തു കാര്യങ്ങള്‍ മുന്നോട്ടു നീക്കി. അതോടെ തകര്‍ച്ചയില്‍നിന്നു സാമ്പത്തികരംഗം അത്ഭുതകരമായി കരകയറാന്‍ തുടങ്ങി.
കഴിഞ്ഞവര്‍ഷമാണ് സഊദി ഭരണചരിത്രത്തില്‍ കാതലായ മാറ്റം വരുത്തി മുഹമ്മദ് ബിന്‍ നായിഫിനെ മാറ്റി പകരം സ്വന്തം മകനായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനിലേയ്ക്കു ഭരണത്തിന്റെ സിരാകേന്ദ്രം പറിച്ചുനട്ടത്. ഇതിനെതിരേ പാശ്ചാത്യമാധ്യമങ്ങള്‍ വാര്‍ത്തകള്‍ മെനഞ്ഞെങ്കിലും ഫലമുണ്ടായില്ല. എന്നു മാത്രമല്ല, പ്രതീക്ഷിച്ചതിനേക്കാള്‍ കുതിപ്പു രാജ്യത്തിനുണ്ടായി.
ഏറ്റവും വാര്‍ത്താപ്രാധാന്യം നേടിയതും വിമര്‍ശകര്‍ കഥകള്‍ മെനഞ്ഞതും വനിതകളുടെ പൊതുരംഗപ്രവേശനമായിരുന്നു. രാജ്യപുരോഗതിയില്‍ സ്ത്രീസാന്നിധ്യവും സംഭാവനയും ഉറപ്പുവരുത്തണമെന്ന നിലപാടു കൊണ്ടുവരാന്‍ പല കാലത്തായി വിവിധ ഭരണാധികാരികള്‍ ശ്രമിച്ചിരുന്നെങ്കിലും നടപ്പാവാതെ പോയി. അതിലൊന്നായിരുന്നു വനിതകള്‍ക്കു ഡ്രൈവിങ് അനുമതി. സ്ത്രീകള്‍ വാഹനമോടിക്കുന്നതിനെതിരേ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന പ്രതിഷേധ സ്വരങ്ങള്‍ തന്ത്രപൂര്‍വം ഊതിക്കെടുത്തിയാണ് കിരീടാവകാശി അതു നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയത്.
2030 ആകുമ്പോഴേയ്ക്കും സഊദിയെ അത്യാധുനിക രാജ്യമാക്കി മാറ്റുകയെന്നതാണു സഊദി വിഷന്‍ 2030 ലൂടെ മുഹമ്മദ് ബിന്‍ സല്മാന് ലക്ഷ്യമിടുന്നത്. എണ്ണ വിപണിയെ ആശ്രയിക്കാതെ തന്നെ അതു നടപ്പാക്കാനാണു ലക്ഷ്യം. ആ ഉദ്ദേശ്യം സഫലമാകുമെന്ന് ഇതിനകം തന്നെയുണ്ടായ പ്രതിഫലനങ്ങള്‍ വ്യക്തമാക്കുന്നു. രണ്ടുഘട്ടമായി നടപ്പിലാക്കുന്ന വിഷന്‍ 2030 രാജ്യത്തിന്റെ മുഖച്ഛായ മാറ്റി മറിക്കുമെന്നാണു പ്രതീക്ഷ. അതിനു മുന്നോടിയായി ദേശീയ പരിവര്‍ത്തന പദ്ധതി 2020 നു ശക്തമായ തുടക്കമിട്ടു കഴിഞ്ഞു.
രാജ്യം എത്ര വലിയ സാമ്പത്തിക ഞെരുക്കം അനുഭവിച്ചപ്പോഴും പുണ്യനഗരികളുടെ വികസന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉദാസീനതയുമുണ്ടായില്ല. അതിവേഗമാണ് അവിടങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നത്.
സാമ്പത്തിക വിഷമത്തില്‍നിന്നു രക്ഷനേടാന്‍ സഊദി അറേബ്യയില്‍ നടക്കുന്ന പരിഷ്കാരപ്രവര്‍ത്തനങ്ങള്‍, പക്ഷേ മലയാളികളടക്കമുള്ള വിദേശികള്‍ക്കു തിരിച്ചടിയാണ്. ഒരുകാലത്ത് സ്വന്തം ജീവിതം കെട്ടിപ്പടുക്കാനുള്ള അത്താണിയും പ്രതീക്ഷയുമായിരുന്നു ഈ രാജ്യം സമ്പന്നമല്ലാത്ത രാജ്യങ്ങളില്‍നിന്നുള്ള വിദേശികള്‍ക്ക്. അവിടെനിന്നു കിട്ടിയ പണം കൊണ്ടാണു കേരളം പോലുള്ള ദേശങ്ങളുടെ ജീവിതാന്തരീക്ഷത്തില്‍ ഹൈടെക് സൗകര്യങ്ങളുണ്ടായത്. ആ നാട് ഭാവിയില്‍ ഉപേക്ഷിച്ചുപോരേണ്ട ഗതികേടിലാണു മലയാളികളടക്കമുള്ള വിദേശികള്‍.
നിര്‍ബന്ധപൂര്‍വമായ സഊദിവല്‍ക്കരണം, ഉയര്‍ന്ന ജീവിതച്ചെലവ് തുടങ്ങി വിവിധ കാരണങ്ങളാല്‍ വിദേശികള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുകയാണ്. 2020 ആകുമ്പോഴേയ്ക്കും സഊദി തൊഴില്‍മേഖലയില്‍ നിന്നു വിദേശികളില്‍ നല്ലൊരു ശതമാനവും കൊഴിഞ്ഞു പോകേണ്ടിവരുമെന്നാണു കരുതുന്നത്. ഏറ്റവുമൊടുവില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം, പ്രാദേശിക എണ്ണ വില വര്‍ധനവും വൈദ്യുതി ചാര്‍ജ് വര്‍ധനവും മറ്റും ജീവിതച്ചെലവു കുത്തനെ ഉയരാന്‍ കാരണമാക്കും. ആദ്യഘട്ട സഊദിവല്‍ക്കരണം മുഹര്‍റം ഒന്നു മുതല്‍ നടപ്പിലായപ്പോള്‍ തന്നെ മലയാളികളടക്കമുള്ളവരുടെ ബിസിനസ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിക്കഴിഞ്ഞു. അടുത്ത നവംബറിലും ജനുവരിയിലും കൂടുതല്‍ മേഖലകള്‍ ഉള്‍പ്പെടുന്ന രണ്ടാംഘട്ട, മൂന്നാംഘട്ടവും സഊദിവല്‍ക്കരണം കൂടി നടപ്പാകുന്നതോടെ പ്രവാസികള്‍ സഊദിയില്‍ ഏറക്കുറേ ഇല്ലാതാകും.
സഊദി അറേബ്യ ഇന്ന് എണ്‍പത്തെട്ടാം ദേശീയദിനം ആഘോഷിക്കുമ്പോള്‍ ഈ വിഹ്വലതകളെല്ലാം മറന്നു വിദേശികളും അതില്‍ പങ്കാളികളാവുകയാണ്. അന്നം തരുന്ന രാജ്യത്തോടുള്ള കൂറാണത്. സ്വന്തം രാജ്യത്തെ യുവതീ യുവാക്കളുടെ തൊഴിലില്ലായ്മയ്ക്കു പരിഹാരം തേടാനുള്ള കര്‍ത്തവ്യം നിറവേറ്റുകയാണ് ആ രാജ്യം ചെയ്യുന്നതെന്നും അതിനെ പഴിക്കുന്നതില്‍ അര്‍ഥമില്ലെന്നും അവിടത്തെ വിദേശികള്‍ക്ക് അറിയാം. അതിലൂടെ തങ്ങള്‍ തൊഴില്‍രഹിതരാകുമ്പോഴും ഒരുകാലത്ത് തങ്ങളെ ഇല്ലായ്മയില്‍ നിന്നു കരകയറ്റാന്‍ അത്താണിയായ നാടിനെ നന്ദിയോടെയാണു പ്രവാസികള്‍ കാണുന്നത്.