
അടുത്ത മുപ്പതു വര്‍ഷത്തിനുള്ളില്‍ സഊദിയുള്പ്പെടുന്ന പശ്ചിമേഷ്യ യൂറോപ്പായി മാറും
ദുബായ്: സഊദിയും ഖത്തറും തമ്മിലുള്ള ബന്ധത്തിലെ വിള്ളല്‍ കുറയുന്നതിന്റെ സൂചനകളുമായി സഊദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന്. ആഗോള നിക്ഷേപ സമ്മേളനത്തിനിടെയാണ് ഖത്തറിനെ രാജകുമാരന് വനോളം പുകഴ്ത്തിയത്.
ആഗോളനിക്ഷേപത്തില് ഖത്തര്‍ കൈവരിച്ച നേട്ടത്തെയാണ് സല്മാന് രാജകുമാരന് പുകഴ്ത്തിയത്. രാജകുമാരന്റെ വാക്കുകള്‍ക്ക് വേദിയില്‍ വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. ഇത് ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും സൗഹൃദം പൂത്തുലയുമെന്നതിനുള്ള ചുവടുവയ്പാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വ്യാഖ്യാനം. ഖത്തറിനുമേല്‍ സഊദി തീവ്രവാദ ബന്ധമാരോപിച്ചതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകരാന്‍ കാരണം. ഒരു വര്‍ഷത്തോളമായി ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധമില്ല. അതേസമയം, ഇത് പുതിയ മാറ്റത്തിനുള്ള ചുവടുവയ്പ്പാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വ്യാഖ്യാനം. ഖത്തറുമായുള്ള നയതന്ത്ര ബന്ധത്തില്‍ കൂടുതല്‍ അകല്‍ച്ച വരികയും ഖത്തറിനെതിരെ ഉപരോധമടക്കമുള്ള കാര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതിന് പിന്നില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനാണെന്നാണ് ആഗോളമാധ്യമങ്ങളടക്കം വിലയിരുത്തുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ കിരീടാവകാശിയുടെ മയപ്പെടുത്തിയും പുകഴ്ത്തിയുമുള്ള പ്രസംഗം മേഖലയിലെ മഞ്ഞുരുക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്. അതേസമയം, സഊദി മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ സഊദിക്കെതിരെയും കിരീടാവകാശിക്കെതിരെയും വാര്‍ത്തകള്‍ ശക്തമാകുകയും ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ നിലപാടെന്നതും ശ്രദ്ധേയമാണെന്നു ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത മുപ്പതു വര്‍ഷത്തിനുള്ളില്‍ സഊദിയുള്പ്പെടുന്ന പശ്ചിമേഷ്യ യൂറോപ്പായി മാറുമെന്നും പുതിയ യൂറോപ്പ് ഇവിടെയായിരിക്കുമെന്നും രാജകുമാരന് വേദിയില്‍ പറഞ്ഞു. അത് പൂര്‍ത്തീകരിക്കാതെ തന്റെ ജീവിതം അവസാനിക്കുകയില്ല. ഇപ്പോള്‍ നവോത്ഥാനം സഊദിയിലാണ്. ഞാനത് തുടങ്ങിവയ്ക്കുകയാണ്. അത് പൂര്‍ത്തീകരിച്ച ശേഷമേ ഞാന്‍ മരിക്കൂ. മേഖലയെ ഏറ്റവും മുന്‍നിരയില്‍ എത്തിക്കുന്ന യുദ്ധം പരാജയപ്പെട്ടേക്കാമെങ്കിലും രാജ്യത്തെ യുവാക്കള്‍ മലപോലെ ഉറച്ച നിലപാടുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് സമ്മേളനത്തില്‍ ‘മാറുന്ന അറബ് ലോകം’ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.