
റിയാദ്: രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അനുഭവപ്പെട്ട കാലാവസ്ഥാ വ്യതിയാനം ജനജീവിതം ദുസ്സഹമാക്കി. രണ്ട് ദിവസമായി തുടരുന്ന പൊടിക്കാറ്റ് മൂലം സഊദിയിലെ വിവിധ പ്രവിശ്യകള്‍ പൊടിയില്‍ മുങ്ങിയതിനെ തുടര്‍ന്ന് കര, ജല, ഗതാഗത രംഗത്തും കനത്ത നാശ നഷ്ടമുണ്ടായി. പലയിടങ്ങളിലും ദൂരക്കാഴ്ച നന്നേ കുറവായിരുന്നതിനാല്‍ ഗതാഗതത്തെ സാരമായി ബാധിച്ചു.
ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ കപ്പലുകളുടെ സഞ്ചാരത്തെയും പൊടിക്കാറ്റ് ബാധിച്ചു. കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറവായതിനാല്‍ കപ്പലുകളുടെ നീക്കം നിര്‍ത്തിവച്ചു. കൂടാതെ, വിമാന സര്‍വിസുകളെയും പൊടിക്കാറ്റ് സാരമായി ബാധിച്ചിട്ടുണ്ട്. ഹായിലില്‍ നിന്ന് റിയാദ്, തബൂക്ക്, അറാര്‍, അല്‍ജൗഫ് , മദീന എന്നിവിടങ്ങളിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദ് ചെയ്തിരുന്നു. പലയിടങ്ങളിലും വിമാന സര്‍വ്വീസുകള്‍ താളം തെറ്റിയാണ് യാത്ര തുടര്‍ന്നത്.
ജിദ്ദയില്‍ നിന്നു മക്കയിലേക്കുള്ള എക്സ്പ്രസ് വേയില്‍ 12 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലാണ് പൊടിക്കാറ്റ് വീശുന്നത്. വ്യാഴാഴ്ച മുതല്‍ കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്നും കനത്ത പൊടക്കാറ്റ് ജനജീവിതം ദുസഹമാകുമെന്നും നേരത്തെ മന്നറിയിപ്പു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് വിവിധ പ്രവിശ്യകളിലെ വിദ്യഭ്യാസ സ്ഥാപനതള്ക്ക് അവധി പ്രഖ്യാപിച്ചു.
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കീഴില്‍ ആവശ്യമായ മുന്‍കരുതല്‍ എടുത്തിരുന്നു. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്കി. പൊടിക്കാറ്റിനെ തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ അസുഖകങ്ങളും വ്യാപകമായിട്ടുണ്ട്. ശ്വാസകോശ രോഗമുള്ളവര്‍ പുറത്തിറങ്ങരുതെന്നും അത്യാവശ്യങ്ങള്‍ക്ക് പുറത്തുപോകുന്നവര്‍ മാസ്ക് ധരിച്ചിരിക്കണമെന്നും സഊദി റെഡ്ക്രസന്റ് ഉണര്‍ത്തുന്നുണ്ട്.
റോഡ് സുരക്ഷ വകുപ്പ് , ട്രാഫിക്, റെഡ്ക്രസന്റ്, ആരോഗ്യവകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പുകള്‍ അടിയന്തിരഘട്ടം നേരിടുന്നതിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. പൊടിക്കാറ്റ് അനുഭവപ്പെടുന്ന മേഖലയിലെ റോഡുകളിലെ വാഹന ഗതാഗതം പരമാവധി കുറക്കണമെന്നും കഴിയുന്നതും യാത്ര ഒഴിവാക്കണമെന്നും ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്കി.