റിയാദ്: രാജ്യത്തെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരു സ്വദേശിയേയും കൊലപ്പെടുത്തിയ പ്രതിക്ക് വധ ശിക്ഷ നൽകി. സഊദി അറേബ്യ റിയാദിൽ നടത്തിയ നരഹത്യക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന ശിക്ഷ തന്നെ നൽകിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂന്ന് പേരുടെ ജീവനാണ് പ്രതി കവർന്നത്.
പ്രതി സ്വദേശിയായ ഒരാളെ ബന്ദിയാക്കി തടഞ്ഞു വെച്ചതാണ് മൂന്ന് പേരുടെ ജീവനെടുക്കുന്ന സംഭവത്തിലേക്ക് എത്തിച്ചത്. തടഞ്ഞു വെച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ രക്ഷിക്കാൻ എത്തിയതായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. എന്നാൽ ഇയാൾ ഉദ്യോഗസ്ഥർ എത്തിയ ഉടനെ തന്നെ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
പ്രതി നടത്തിയ വെടിവെപ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ബന്ദിയാക്കിയ ഒരു സൗദി പൗരനും കൊല്ലപ്പെടുകയായിരുന്നു. വെടിവെപ്പിൽ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ പിന്നീട് സുരക്ഷാ സേന പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് വധ ശിക്ഷ നടപ്പാക്കിയത്.
Comments are closed for this post.