
റിയാദ്: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നതിനെ തുടർന്ന് വിലകുറക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് മറുപടിയായി ഒപെക്. എണ്ണയുത്പാദനം വെട്ടിക്കുറച്ച നേരത്തെയുള്ള നടപടി തുടരണമെന്ന ഒപെക് തീരുമാനത്തോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ആശങ്ക സമ്മാനിച്ചിരുന്ന്. ഇതിനിടെ ഒപെക് തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇത് തള്ളിയാണ് ഒപെക് പ്രതികരണം.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഏറ്റവും കുറഞ്ഞ കാലത്ത് ഇന്ത്യ വാങ്ങിക്കൂട്ടിയ കരുതൽ എണ്ണയിൽ നിന്ന് ഉപയോഗിക്കാനാണ് ഇന്ത്യയോട് സഊദി അറേബ്യ അറിയിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഥിരമായ എണ്ണവിലയെക്കുറിച്ചുള്ള വാഗ്ദാനം നിറവേറ്റുന്നതിനായി ഉൽപാദന നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് ഇന്ത്യയുടെ എണ്ണമന്ത്രി ധർമേന്ദ്ര പ്രധാൻ വ്യാഴാഴ്ച നടന്ന ഒപെക് യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര എണ്ണവില ഉയരുന്നത് സാമ്പത്തിക വീണ്ടെടുക്കലിനെയും ആവശ്യത്തെയും ബാധിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, ഇന്ത്യയുടെ അപേക്ഷയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി “കഴിഞ്ഞ വർഷം വളരെ വിലകുറഞ്ഞ രീതിയിൽ അവർ വാങ്ങിയ ചില അസംസ്കൃത എണ്ണ ഇന്ത്യ എടുക്കണമെന്നായിരുന്നു സഊദി ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ വ്യാഴാഴ്ച ഒപെക് തീരുമാനത്തിന് ശേഷം പത്രസമ്മേളനത്തിൽ പ്രതികരിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിൽ, മെയ് മാസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ വില ഏറ്റവും കുറഞ്ഞ സമയത്ത് 16.71 മില്യൺ ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യ വാങ്ങി കൂട്ടിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, മംഗലാപുരം, കർണാടകയിലെ പാദൂർ എന്നിവിടങ്ങളിലെ മൂന്ന് സ്ട്രാറ്റജിക് പെട്രോളിയം റിസർവുകളിലാണ് ഇത് ശേഖരിച്ച് വെച്ചിരിക്കുന്നത്. സെപ്റ്റംബർ 21 ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് ബാരലിന് 19 ഡോളറായിരുന്നുവെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി.