
റിയാദ്: കൊവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക മേഖലയിലുണ്ടായ ഇടിവ് സഊദി ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയെ ബാധിച്ചു. സാമ്പത്തിക വരുമാനത്തിൽ കുത്തനെ ഇടിവാണ് സഊദി അരാംകോ നേരിട്ടത്. ഈ വർഷം മൂന്നാം പാദത്തിൽ വരുമാനം 44.6ശതമാനം ഇടിവാണ് കമ്പനി നേരിട്ടതെന്ന് കമ്പനി അറിയിച്ചു. കൊറോണ വൈറസ് പ്രതിസന്ധി മൂലം എണ്ണവിലയിൽ നേരിട്ട കനത്ത ഇടിവും ക്രൂഡ് ഓയിൽ വിലയും വിൽപ്പന ഇടിവുമാണ് വരുമാനത്തിൽ ഇടിവുണ്ടാകാൻ കാരണം. കമ്പനിയുടെ രാസവസ്തുക്കളുടെ വരുമാനത്തിലും ഇടിവ് ഉണ്ടായിട്ടുണ്ട്. സെപ്റ്റംബർ ഒടുവിലെ കണക്കുകൾ പ്രകാരം ഇത് 44.21 ബില്യൺ റിയാലായാണ് കുറഞ്ഞത്.
കഴിഞ്ഞ വർഷം നേടിയ 79.84 ബില്യൺ റിയാലിൽ നിന്നാണ് ഈ ഇടിവ്. മൂന്നാം പാദത്തിൽ 44.6 ബില്യൺ റിയാലിന്റെ അറ്റാദായം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് കനത്ത ഇടിവ് നേരിട്ടത്. മൂന്ന് അനലിസ്റ്റുകളിൽ നിന്നുള്ള ശരാശരി കണക്കനുസരിച്ച് മൂന്നാം പാദത്തിൽ 44.6 ബില്യൺ റിയാലിന്റെ അറ്റാദായമാണ് പ്രതീക്ഷിച്ചിരുന്നത്. ആഗോള ഊർജ്ജ വിപണികൾ നേരിടുന്ന മുന്നേറ്റങ്ങൾക്കിടയിലും മെച്ചപ്പെട്ട സാമ്പത്തിക പ്രവർത്തനം കാരണം വീണ്ടെടുക്കലിന്റെ ലക്ഷണങ്ങൾ മൂന്നാം പാദത്തിൽ ആദ്യ ഘട്ടത്തിൽ കണ്ടു തുടങ്ങിയിരുന്നുവെന്ന് സഊദി അരാംകോ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അമീൻ നാസർ പറഞ്ഞു.
2020 ൽ 75 ബില്യൺ ഡോളർ അടിസ്ഥാന ലാഭവിഹിതം നൽകാനുള്ള പദ്ധതിക്ക് അനുസൃതമായി ഈ വർഷം മൂന്നാം പാദത്തിൽ 18.75 ബില്യൺ ഡോളർ ലാഭവിഹിതം വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു. ലോകത്തിലെ ഏറ്റവും മികച്ച എണ്ണ ഉൽപാദന കമ്പനിയിൽ നിന്നുള്ള ലാഭ വിഹിതം സഊദി സർക്കാരിനെ ധനക്കമ്മി കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.