2022 July 06 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പ്രതിദിന എണ്ണയുൽപാദനം 85 ലക്ഷം ബാരലായി കുറക്കുമെന്ന് സഊദി അറേബ്യ, എണ്ണവില ബാരലിന് പത്തു ഡോളറായി കൂപ്പുകുത്തുന്നതിൽ നിന്ന് ഒപെക് പ്ലസ് ഗ്രൂപ്പ് കരാർ രക്ഷിച്ചതായി റഷ്യ

      റിയാദ്: അടുത്ത മാസം മുതൽ എണ്ണയുത്പാദനം 85 ലക്ഷം ബാരലായി കുറക്കുമെന്ന് സഊദി അറേബ്യ അറിയിച്ചു. തകർന്നടിഞ്ഞ ആഗോള എണ്ണവില ഉയർത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഒപെക് പ്ലസ് ഗ്രൂപ്പ് കൈകൊണ്ട പുതിയ തീരുമാന പ്രകാരമാണ് സഊദിയുടെ വിഹിതമായി പ്രതിദിന ഉത്പാദനം 85 ലക്ഷം ബാരലായി കുറക്കാൻ തീരുമാനിച്ചത്. മെയ്, ജൂൺ മാസങ്ങളിൽ പ്രതിദിന ഉൽപാദനത്തിൽ 97 ലക്ഷം ബാരലിന്റെ വീതം കുറവ് വരുത്തുന്നതിനാണ് ഒപെക് പ്ലസ് ഗ്രൂപ്പ് രണ്ടു ദിവസം മുമ്പ് ധാരണയിലെത്തിയിരുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ എണ്ണയാവശ്യം കുത്തനെ കുറഞ്ഞതോടെ 18 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ക്രൂഡോയിൽ വില കൂപ്പുകുത്തിയതിനെ തുടർന്ന് വിപണി തിരിച്ചു പിടിക്കാൻ വിപണിയിലെ അമിത ലഭ്യത കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒപെക് പ്ലസ് ഗ്രൂപ്പ് ഉൽപാദനം വൻതോതിൽ വെട്ടിക്കുറക്കാൻ ധാരണയിലെത്തിയത്.

      എണ്ണ വിപണിയിൽ സ്ഥിരതയുണ്ടാക്കുന്നതിന് അനിവാര്യമെങ്കിൽ ഒപെക് പ്ലസ് ഗ്രൂപ്പിലെ മറ്റു രാജ്യങ്ങളുമായി ചേർന്ന് കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിന് സഊദി അറേബ്യയും റഷ്യയും ഒരുക്കമാണെന്നും എണ്ണയുൽപാദനം കുറക്കുന്നതിനുള്ള കരാർ പാലിക്കുന്നതിന് രണ്ടു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും സഊദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും റഷ്യൻ ഊർജ മന്ത്രി അലക്‌സാണ്ടർ നൊവാകും തമ്മിൽ നടത്തിയ ടെലഫോൺ സംഭാഷണത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഉൽപാദനം വെട്ടിക്കുറക്കുന്നതിനുള്ള ഒപെക് പ്ലസ് ഗ്രൂപ്പ് കരാർ എണ്ണവില ബാരലിന് പത്തു ഡോളറായി കൂപ്പുകുത്തുന്നതിൽ നിന്ന് രക്ഷിച്ചതായി റഷ്യ പറഞ്ഞു.

       റഷ്യൻ, സഊദി നേതാക്കൾ നടത്തിയ വലിയ ശ്രമങ്ങളുടെ ഫലമായാണ് എണ്ണയുൽപാദനം കുറക്കുന്നതിനുള്ള കരാർ സാധ്യമായതെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സി.ഇ.ഒ കിരിൽ ദിമിത്രിയേവ് പറഞ്ഞു. ഒപെക് പ്ലസ് ഗ്രൂപ്പിനു പുറത്തുള്ള രാജ്യങ്ങളുടെ ക്വാട്ട കൂടി കണക്കിലെടുത്താൽ ആഗോള തലത്തിൽ പ്രതിദിന എണ്ണയുൽപാദനത്തിൽ ഒന്നര കോടിയോളം ബാരലിന്റെ കുറവാണുണ്ടാവുകയെന്നും കിരിൽ ദിമിത്രിയേവ് പറഞ്ഞു. ഊർജ വിപണിയിൽ സ്ഥിരതയുണ്ടാക്കുന്നതിന് നടത്തിയ ചർച്ചകളിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വലിയ പങ്കാണ് വഹിച്ചതെന്ന് സഊദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.