2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ജമാൽ ഖഷോഗി വധം: പ്രതികൾക്കെതിരെ അന്തിമ വിധി പ്രഖ്യാപിച്ചു; എട്ടു പ്രതികൾക്ക് 124 വർഷം തടവ്

     റിയാദ്: തുർക്കിയിലെ ഇസ്‌താംബൂളിലെ സഊദി എംബസിയിൽ വെച്ച് കൊല്ലപ്പെട്ട പ്രമുഖ മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി വധത്തിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചതായി സഊദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഖഷോഗിയുടെ കുടുംബം കൊലയാളികളോട് ക്ഷമിക്കുകയും വധശിക്ഷ മാറ്റിവയ്ക്കുകയും ചെയ്‌തു നാലുമാസത്തിനുശേഷമാണ് പുതിയ വിധി പ്രഖ്യാപിച്ചത്. റിയാദ് ക്രിമിനൽ കോർട്ട് പ്രഖ്യാപിച്ച ശിക്ഷ പ്രകാരം എട്ട് പ്രതികൾ ആകെ 124 വർഷം ജയിൽ ശിക്ഷ അനുഭവിക്കണം. ശിക്ഷാ വിധി അന്തിമമാണെന്നും ഇത് നടപ്പാക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

     അഞ്ചു പ്രതികൾക്ക് 20 വർഷം വീതവും രണ്ട് പ്രതികൾക്ക് ഏഴ് വർഷം വീതവും ഒരാൾക്ക് പത്ത് വർഷം തടവ് ശിക്ഷയുമാണ് പ്രഖ്യാപിച്ചത്.  എന്നാൽ, ഇത് വരെ കുറ്റവാളികളെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. നേരത്തെ ഡിസംബറിൽ, വിചാരണയുടെ ആദ്യഘട്ടത്തിൽ, കൊലപാതകം മുൻകൂട്ടി തീരുമാനിച്ചതല്ലെന്നും എന്നാൽ, നിമിഷത്തിന്റെ വേഗതയിൽ ഇത് നടപ്പാക്കിയെന്നും വ്യക്തമാക്കി അഞ്ച് പേർക്ക് വധശിക്ഷയും മൂന്ന് പേർക്ക് ജയിൽ ശിക്ഷയും കോടതി വിധിച്ചിരുന്നു. എന്നാൽ, പിന്നീട് ഖഷോഗിയുടെ കുടുംബം മാപ്പ് നൽകിയതിനാൽ ഇവരുടെ വധ ശിക്ഷ മരവിപ്പിച്ചിരുന്നു.

     കഴിഞ്ഞ വർഷം ഒക്ടോബര്‍ രണ്ടിനാണ് വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് കൂടിയായ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ ഇസ്തംബൂളിലുള്ള സഊദി കാര്യാലയത്തില്‍ വച്ച് കൊല്ലപ്പെടുന്നത്. ആദ്യ ഭാര്യയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കാനായി എത്തിയതായിരുന്നു എംബസിയില്‍. ഖശോഗിയെ  രാജ്യത്തെത്തിക്കാനായിരുന്നു രഹസ്യാന്വേഷണ വിഭാഗം മുന്‍ ഉപ മേധാവിയുടെ നിര്‍ദേശം. ഇതിനിടെ, രേഖകൾക്കായി യു എസിൽ നിന്നും തുർക്കിയിലെത്തിയ ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. തുര്‍ക്കി സ്വദേശിയായ പ്രതിശ്രുത വധുവും എംബസിക്കു പുറത്തുവരെ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

      കോണ്‍സുലേറ്റിലെത്തിയപ്പോള്‍ ഇദ്ദേഹത്തോട് സഊദിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. നിഷേധിച്ചതോടെ പ്രതികള്‍ കൊന്ന് കഷ്ണങ്ങളാക്കി ഏജൻറിന് കൈമാറിയെന്നാണ് കേസ്. കൊലപാതകത്തില്‍ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉയര്‍ന്നിരുന്നു. അമേരിക്കയിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങളും വിമർശനങ്ങളും അരങ്ങേറിയിരുന്നു. സംഭവത്തില്‍ ദിവസങ്ങള്‍ക്കുശേഷമാണു കൊലപാതക വിവരം പുറത്തായത്. ഖഷോഗി എംബസിക്കകത്തുവച്ചു കൊല്ലപ്പെട്ടതായി തുര്‍ക്കി ആരോപിച്ചെങ്കിലും സഊദി തുടക്കത്തില്‍ ഇക്കാര്യം ശക്തമായി നിഷേധിച്ചിരുന്നു. പിന്നീട് വിഡിയോ, ശബ്ദരേഖകള്‍ അടക്കം ശക്തമായ തെളിവുകളുമായി തുര്‍ക്കി രംഗത്തെത്തിയതോടെ ഒടുവില്‍ സഊദി കുറ്റം സമ്മതിക്കുകയായിരുന്നു.     

    കൊലപാതകത്തില്‍ 11 പേര്‍ കുറ്റക്കാരെന്നാണ് കോടതി ആദ്യ ഘട്ടത്തിൽ കണ്ടെത്തിയത്. ചിലരെ കുറ്റക്കാരല്ലെന്നു കണ്ടെത്തി വിട്ടയച്ചിരുന്നു. 31 അംഗ സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിൽ 21 പ്രതികളെ അറസ്‌റ്റു ചെയ്യുകയും താൽകാലിക തടവിലായിരുന്ന 10 പേരെ അറസ്‌റ്റു ചെയ്യാതെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുകയും ചെയ്‌തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.