2022 July 02 Saturday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സഊദി പ്രിവിലേജ് ഇഖാമ വിതരണം അടുത്ത മാസം മുതല്‍; മുന്‍കൂട്ടി അടക്കുന്നവര്‍ക്ക് രണ്ടുശതമാനം ഇളവ്

നിസാര്‍ കലയത്ത്

ജിദ്ദ: സഊദിയില്‍ വിദേശികള്‍ക്ക് ദീര്‍ഘകാല താമസ സൗകര്യവും ആനൂകൂല്യങ്ങളും നല്‍കുന്ന പ്രിവിലേജ് ഇഖാമ വിതരണം അടുത്തമാസം ആരംഭിച്ചേക്കും. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ഇതിനോടകം തന്നെ അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്.

പദ്ധതി വഴി രാജ്യത്ത് പതിനായിരം കോടി റിയാലിന്റെ വിദേശ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ പകുതിയോടെ പ്രിവിലേജ് ഇഖാമയുടെ ആദ്യ ബാച്ച് വിതരണം ചെയ്‌തേക്കുമെന്നാണ് സൂചന. ഇക്കഴിഞ്ഞ ജൂണ്‍ 23 മുതലാണ് പ്രിവിലേജ് ഇഖാമക്കുളള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്. അതിന് ശേഷം ആയിരക്കണക്കിന് അപേക്ഷകളാണ് ഇത് വരെ ലഭിച്ചതെന്ന് പ്രീമിയം റസിഡന്‍സി സെന്റര്‍ സി.ഇ.ഒ ബന്ദര്‍ സുലൈമാന്‍ അല്‍ ആഈദ് പറഞ്ഞു.

ദീര്‍ഘകാല താമസത്തിന് എട്ട് ലക്ഷം സഊദി റിയാലും, ഹ്രസ്വകാല താമസത്തിന് വര്‍ഷം തോറും ഒരു ലക്ഷം റിയാല്‍ വീതവുമാണ് ഇതിന് ഫീസ് ഈടാക്കുന്നത്. അതേ സമയം ഒന്നില്‍ കൂടുതല്‍ വര്‍ഷത്തേക്കുള്ള പ്രിവിലേജ് ഇഖാമ അപേക്ഷകര്‍ക്ക് ഫീസില്‍ രണ്ടു ശതമാനം ഇളവുണ്ടായിരിക്കുമെന്ന് പ്രിവിലേജ് ഇഖാമ സെന്ററിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഒരു വര്‍ഷത്തേക്ക് ലക്ഷം റിയാലാണ് ഫീസ്. ഒന്നിലധികം വര്‍ഷത്തേക്ക് മുന്‍കൂട്ടി ഫീസ് അടക്കുന്നവര്‍ക്ക് രണ്ട് ശതമാനം ഇളവ് ലഭിക്കും. ഇതനുസരിച്ച് രണ്ടു വര്‍ഷത്തേക്ക് 1,98,039 റിയാല്‍ അടച്ചാല്‍ മതിയാകും.

മൂന്നു വര്‍ഷത്തേക്ക് 2,94,154 റിയാലും നാലു വര്‍ഷത്തേക്ക് 3,88,388 റിയാലും അഞ്ചു വര്‍ഷത്തേക്ക് 4,80,773 റിയാല്‍ വരെയുമായിരിക്കും. ആജീവനാന്ത പ്രിവിലേജ് ഇഖാമക്ക് 8,00,000 റിയാലാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

21 വയസ് പൂര്‍ത്തിയായ, കാലവധിയുള്ള പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് പ്രിവിലേജ് ഇഖാമക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ ഗുരുത ആരോഗ്യ പ്രശ്‌നങ്ങളുള്ളവരോ, ക്രിമിനല്‍ കേസുകളിലെ പ്രതിപട്ടികയിലുള്ളവരോ ആകാന്‍ പാടില്ല.

താമസ, വാണിജ്യ, വ്യാവസായിക ആവശ്യങ്ങള്‍ക്ക് സ്വന്തം പേരില്‍ സ്വത്തുക്കളും വാഹനങ്ങളും വാങ്ങുന്നതിനും, കുടുംബത്തേയും ബന്ധുക്കുളേയും വീട്ടുജോലിക്കാരെയും രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും ഇവര്‍ക്ക് അനുമതിയുണ്ട്. കൂടാതെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുക, ബിസിനസ്സ് നടത്തുക, റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പങ്കാളികളാവുക തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ക്ക് അര്‍ഹതയുണ്ടാവും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.