മനാമ: ചരിത്രത്തിലാദ്യമായി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് സഊദി ആതിഥ്യമരുളും. 2027ലെ എ.എഫ്.സി കപ്പിന്റെ വേദിയായി ബുധനാഴ്ച മനാമയില്‍ നടന്ന 33ാമത് എ.എഫ്.സി കോണ്‍ഗ്രസിലാണ് സഊദിയെ തെരഞ്ഞെടുത്തത്. 24 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
2027ലെ വേദിക്കായി അവസാനഘട്ടത്തില്‍ ഇന്ത്യയും സഊദിയുമാണ് രംഗത്തുണ്ടായിരുന്നത്. 2020 ഫെബ്രുവരി ആറിന് ഏഷ്യന്‍ കപ്പിന്റെ 19ാമത് എഡിഷന് ആതിഥേയത്വം വഹിക്കാന്‍ സഊദി അപേക്ഷ സമര്‍പ്പിച്ചിരുന്നു. 2023ലെ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ചൈനയെ പിന്തള്ളി ഖത്തറിനാണ് ലഭിച്ചത്. ഇതോടെ ഇത്തവണ ഖത്തര്‍ അപേക്ഷ പിന്‍വലിച്ചു.
എ.എഫ്.സി കപ്പില്‍ സഊദി മൂന്ന് തവണ (1984, 1988, 1996) ചാമ്പ്യന്മാരായിരുന്നു. അവിസ്മരണീയമായ ഒരു മികച്ച ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതില്‍ രാജ്യം പ്രതിജ്ഞാബന്ധമാണെന്ന് സഊദി കായിക മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ പറഞ്ഞു. വേദി ലഭിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് നിരുപാധിക പിന്തുണ നല്‍കിയ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും സഊദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (സാഫ്) പ്രസിഡന്റ് യാസര്‍ അല്‍ മിസെഹല്‍ നന്ദി അറിയിച്ചു.
Comments are closed for this post.