റിയാദ്: ലോകകപ്പ് സീസണിൽ 60 ദിവസം വരെ സഊദിയിൽ ചെലവഴിക്കാൻ ഹയ്യ കാർഡ് കൈവശമുള്ള എല്ലാ ഫിഫ ലോകകപ്പ് ഖത്തർ 2022 ആരാധകർക്കും അനുമതി. 2022 നവംബർ, ഡിസംബർ മാസങ്ങളിലായാണ് ഖത്തറിലാണ് ലോകകപ്പ് നടക്കുക.
ചില വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സഊദിയിലേക്കുള്ള പ്രവേശന വിസയ്ക്കുള്ള അപേക്ഷ സ്വീകരിക്കുമെന്ന് സഊദി പ്രസ് ഏജൻസി നടത്തിയ പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു.
1- ഹയ്യ കാർഡ് ഉടമകൾക്ക് വിസകൾക്കായുള്ള ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് വിസ നേടിയ ശേഷം ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്പ് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകും. വിസ അപേക്ഷ എങ്ങനെ സമർപ്പിക്കാമെന്നും വിസ ലഭിക്കുന്നതിനുള്ള സംവിധാനവും മന്ത്രാലയം പിന്നീട് അറിയിക്കും.
2- എൻട്രി വിസയുള്ളവർക്ക് 60 ദിവസത്തേക്ക് രാജ്യത്ത് താമസിക്കാം.
3- വിസയുള്ളവർക്ക് വിസയുടെ സാധുത കാലയളവിൽ നിരവധി തവണ രാജ്യത്ത് പ്രവേശിക്കാനും പുറത്തുപോകാനും അനുമതിയുണ്ട്.
4- സഊദിയിൽ എത്തുന്നതിന് മുമ്പ് ഖത്തറിലേക്ക് മുൻകൂട്ടി പ്രവേശനം ആവശ്യമില്ല.
5- രാജ്യത്തേക്ക് വരുന്നതിന് മുമ്പ് മെഡിക്കൽ ഇൻഷുറൻസ് നേടണം.
2022-ലെ ഫിഫ ലോകകപ്പ് ഖത്തറിൽ പങ്കെടുക്കുന്നവർക്കുള്ള ഓൾറൗണ്ട് പെർമിറ്റായി വർത്തിക്കുന്ന ഒരു ഡിജിറ്റൽ കാർഡാണ് ഹയ്യ കാർഡ്. ലോകകപ്പ് ടിക്കറ്റുകൾ വാങ്ങിയ ശേഷം, മത്സരങ്ങളിൽ പങ്കെടുക്കാൻ ആരാധകർ നിർബന്ധമായും ഹയ്യ കാർഡിന് അപേക്ഷിക്കണം. മത്സര ദിവസങ്ങളിൽ ടിക്കറ്റ് എടുക്കുന്നവർക്ക് സൗജന്യ പൊതുഗതാഗതം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഇത് നൽകുന്നു.
2022 നവംബർ 1 നും 2023 ജനുവരി 23 നും ഇടയിൽ ലോകകപ്പ് സീസൺ സന്ദർശിക്കുന്ന എല്ലാ അന്താരാഷ്ട്ര സന്ദർശകർക്കും ഖത്തറിലേക്കുള്ള പ്രവേശനാനുമതിയായി ഇത് പ്രവർത്തിക്കും.
Comments are closed for this post.