
റിയാദ്: വെസ്റ്റ് ബാങ്കിൽ 800 സെറ്റിൽമെന്റ് യൂണിറ്റുകൾ സ്ഥാപിക്കാനുള്ള ഇസ്റാഈൽ തീരുമാനത്തിനെതിരെ ശക്തമായി അപലപിച്ച് സഊദി അറേബ്യ. ഇസ്റാഈൽ നടപടിയെ ശക്തമായി അപലപിക്കുന്നതായും അന്താരാഷ്ട്ര നിയമസാധുതയുടെ തീരുമാനങ്ങളുടെ പുതിയ ലംഘനവും സമാധാനത്തിന് ഭീഷണിയും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ശ്രമങ്ങളെ തുരങ്കം വെക്കുന്നതുമാണ് ഇസ്റാഈൽ നടപടിയെന്ന് സഊദി വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് അധിനിവേശ വെസ്റ്റ് ബാങ്കിലെ 800 ഓളം ജൂത കുടിയേറ്റ വീടുകളുടെ നിർമാണ പദ്ധതികളുമായി പോകാൻ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടത്. സെറ്റിൽമെന്റ് അനുകൂല ട്രംപ് ഭരണകൂടത്തിന്റെ അവസാന ദിവസങ്ങളിൽ ഇത് നടപ്പാക്കാനാണ് നീക്കം. നിർമ്മാണത്തെ ഫലസ്തീനും അപലപിച്ചു. മിക്ക രാജ്യങ്ങളും ഇസ്റാഈൽ വാസസ്ഥലങ്ങൾ അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഫ്രാൻസും ഇസ്റാഈൽ നീക്കത്തെ അപലപിച്ചു. പദ്ധതി ഉപേക്ഷിക്കാൻ വിദേശകാര്യ മന്ത്രാലയം ഇസ്റാഈൽ അധികൃതരോട് ആവശ്യപെട്ടിട്ടുണ്ട്.
ജറുസലേമിന് വടക്ക് ബൈത് ഇൽ, ജിവത് സീവ് എന്നീ വാസസ്ഥലങ്ങളിലും വടക്കൻ ജറൂസലേം, വെസ്റ്റ് ബാങ്കിലെ തൽ മെനാഷെ, റെഹിലിം, ഷാവേ ഷോംറോൺ, ബർക്കൻ, കർനൈ ഷോംറോൺ എന്നിവിടങ്ങളിലും വീടുകൾ നിർമിക്കുവാനാണ് നെതന്യാഹുവിന്റെ ഉത്തരവ്. എന്നാൽ, ഇത് ആരംഭിക്കുന്നതിനുള്ള തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
കിഴക്കൻ ജറൂസലേം ആസ്ഥാനമായി വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലുമായി രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഫലസ്തീനികൾ. 1967 ലെ യുദ്ധത്തിൽ ഇസ്റാഈൽ പിടിച്ചടക്കിയ ഭാഗങ്ങളാണിതെല്ലാം.