2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഊദി-ഖത്തർ പ്രശ്നം അവസാനിക്കാൻ സാധ്യത: പ്രാഥമിക കരാറിൽ ഉടൻ ഒപ്പ് വെച്ചേക്കും

വ്യോമ, കര അതിർത്തികൾ തുറന്നേക്കും

അനുരഞ്ജനത്തിൽ യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നിവ ഉൾപ്പെടുന്നില്ലെന്നും റിപ്പോർട്ട്  

 

 

     റിയാദ്: മൂന്നു വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന സഊദി-ഖത്തര്‍ പ്രതിസന്ധി ഉടൻ അവസാനിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഇതിനായി അമേരിക്കയുടെ മധ്യസ്ഥതയിൽ ചർച്ചകൾ സജീവമാണെന്നും പ്രശ്ന പരിഹാരത്തിനായുള്ള പ്രാഥമിക കരാറുകളിൽ ഇരു രാജ്യങ്ങളും ഉടൻ ഒപ്പ് വെച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

    അതേസമയം, ഖത്തറുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ച ചതുർ രാഷ്ട്ര സംഘത്തിൽ പെട്ട മറ്റു മൂന്നു രാജ്യങ്ങളായ ഈജിപ്തും ബഹ്‌റൈനും യു.എ.ഇയും കരാറിന്റെ ഭാഗമാകില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചില മേഖലകളിൽ ഖത്തറിന്റെ ഇടപെടൽ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതിനാൽ ബന്ധം പഴയത് പോലെയാകാൻ സാധ്യത ഏറെ വിദൂരമാണ്. ഇറാനുമായുള്ള ഖത്തർ ബന്ധമടക്കം ഏതാനും കാര്യങ്ങളാണ് പരിഹരിക്കപ്പെടാതെ കിടക്കുന്നത്. അതിനാലാണ് ആദ്യ ഘട്ടമെന്നോണം പ്രാഥമിക കരാർ ഒപ്പ് വെച്ച് ബന്ധം പുനഃരാരംഭിക്കാനുള്ള ശ്രമം സജീവമാക്കിയത്.

    ഗള്‍ഫ് മേഖല സന്ദര്‍ശിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും മധ്യപൗരസ്ത്യദേശത്തേക്കുള്ള ട്രംപിന്റെ ദൂതനുമായ ജരേദ് കുഷ്‌നര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ പുതിയ ചലനം ഉണ്ടായിരിക്കുന്നത്. കുവൈത്ത് മധ്യസ്ഥതയില്‍ മാസങ്ങളോളം നീണ്ടുനിന്ന തുടര്‍ച്ചയായ നയതന്ത്ര ശ്രമങ്ങളും പ്രശ്ന പരിഹാരം കാണാൻ കാരണമായിട്ടുണ്ട്..

   

    കര, വ്യോമ അതിര്‍ത്തികള്‍ വീണ്ടും തുറക്കല്‍, മാധ്യമ യുദ്ധം അവസാനിപ്പിക്കല്‍ എന്നിവ അടക്കം ഉഭയകക്ഷിബന്ധം ക്രമേണ പുനരാരംഭിക്കാനുള്ള വിശദമായ പദ്ധതിയുടെ ഭാഗമായി പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഖത്തറും സഊദി അറേബ്യയും തമ്മിലുള്ള ബന്ധത്തില്‍ അടുപ്പമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഉള്‍പ്പെടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

    അതേസമയം, പ്രശ്ന പരിഹാര സാധ്യതയെ കുറിച്ചുള്ള വാർത്തകളോട് ഖത്തറും സഊദിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.