റിയാദ്: സഊദി-ഖത്തർ അതിർത്തികൾ തുറന്നതോടെ ഖത്തറിൽ നിന്നും സഊദിയിലേക്ക് പ്രവേശിക്കുന്നവർക്കായി കൊവിഡ് കേന്ദ്രങ്ങൾ സജ്ജീകരിച്ചു. അതിർത്തികൾ തുറന്നതോടെ ഇരു രാജ്യങ്ങളിലുമായി കിടക്കുന്ന നിരവധി കുടുംബങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുകയും ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര ബന്ധങ്ങൾ ആരംഭിക്കുകയും ചെയ്യുന്നതോടെ സൽവ അതിർത്തി സജീവമായിത്തുടങ്ങും. ഇതിനുള്ള മുന്നോടിയായാണ് നിരവധി കൊവിഡ് പരിശോധന കേന്ദ്രങ്ങൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
ഖത്തറിൽ നിന്നും സഊദിയിൽ പ്രവേശിക്കുന്നവർ പിസിആർ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും മൂന്ന് ദിവസം ഹോം ക്വാറന്റൈനിൽ കഴിയണമെന്നും നിർദേശമുണ്ട്. ഖത്തറിൽ നിന്നെത്തുന്നവരെ പരിശോധിക്കാനായി ആരോഗ്യ മന്ത്രാലയ പ്രവർത്തകർ സൽവ അതിർത്തിയിൽ ഉണ്ടാകുമെന്നും ഹോം ക്വാറന്റൈനിൽ കഴിയണമെന്ന സത്യവാങ്മൂലത്തിൽ യാത്രക്കാർ ഒപ്പ് വെക്കണമെന്നും അധികൃതർ വ്യക്തമാക്കി.
മൂന്നര വർഷത്തെ ഇടവേളക്ക് ശേഷം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സഊദി അറേബ്യ ഉപരോധം പിൻവലിച്ച് ഖത്തറിലേക്കുള്ള അതിർത്തികൾ തുറന്നത്. ഇതോടെ ഖത്തറിന് കര മാർഗ്ഗമുള്ള ഏക പാതയായ സഊദിയുമായി പങ്കിടുന്ന സൽവ അതിർത്തി വീണ്ടും സജീവമായിത്തുടങ്ങും.
Comments are closed for this post.