2021 January 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇസ്‌റാഈലുമായി സഊദി ബന്ധം സ്ഥാപിക്കൽ ഫലസ്‌തീൻ രാഷ്‌ട്രമെന്ന വ്യവസ്ഥയിൽ മാത്രം; സഊദി വിദേശ കാര്യ മന്ത്രി

      റിയാദ്: ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കാനായുള്ള സഊദിയുടെ പ്രധാന വ്യവസ്ഥ സ്വതന്ത്ര പലസ്‌തീൻ രാഷ്‌ട്രമെന്നതാണെന്ന് സഊദി വിദേശ കാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ. അറബ് രാഷ്‌ട്രങ്ങളായ യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ഇസ്‌റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിനു പിന്നാലെ സഊദി അറേബ്യയും ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണെന്ന വാർത്തകൾക്കിടെയാണ് സഊദി അറേബ്യ ശനിയാഴ്ച്ച വീണ്ടും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സഊദിയെ സംബന്ധിച്ചിടത്തോളം പലസ്തീൻ സ്വതന്ത്ര രാഷ്‌ട്രം പൂവണിയലാണ് ഇസ്‌റാഈൽ ബന്ധം പുലർത്താനുള്ള വ്യവസ്ഥയെന്ന് മന്ത്രി വ്യക്തമാക്കി.

    ഞങ്ങൾ ഇസ്‌റാഈലുമായി പൂർണ്ണ തോതിലുള്ള ബന്ധത്തിനായി കാത്തിരിക്കുന്നുവെന്നും മേഖലയിൽ ഇസ്‌റാഈൽ അതിന്റെ സ്ഥാനം നേടുമെന്നും ഞങ്ങൾ കരുതുന്നു. എന്നാൽ, അത് സംഭവിക്കുന്നതിനും സുസ്ഥിരമാകുന്നതിനും വേണ്ടി പലസ്തീനികൾക്ക് അവരുടെ രാഷ്ട്രം ലഭിക്കേണ്ടതും പ്രശ്‌നം പരിഹരിക്കേണ്ടതുമുണ്ട് എന്നാണ് സഊദി വിദേശ കാര്യ മന്ത്രി വെളിപ്പെടുത്തിയത്. മനാമ അന്താരാഷ്‌ട്ര സെക്യൂരിറ്റി സ്‌റ്റഡീസ്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇസ്‌റാഈലിനെയും ഫലസ്തീനികളെയും ചർച്ചക്കായി ഒരു മേശക്ക് ചുറ്റുമെത്തിക്കുകയെന്നത് പ്രധാനമാണ്. പലസ്തീൻ രാഷ്ട്രം ഈ മേഖലയിൽ യഥാർത്ഥ സമാധാനം നൽകും, അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

     ഇക്കഴിഞ്ഞ സെപ്തംബറിലാണ് അമേരിക്കയുടെ മേൽനോട്ടത്തിൽ അബ്രഹാം ഉടമ്പടിയെന്ന പേരിൽ ഇസ്‌റാഈലുമായി കരാറിൽ പ്രമുഖ രണ്ട് ഗൾഫ് രാജ്യങ്ങൾ ഒപ്പ് വെച്ചത്. യുഎഇയാണ് ആദ്യമായി ജൂണിൽ ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കുമെന്ന് വെളിപ്പെടുത്തിയത്. പിന്നീട് ബഹ്‌റൈനും ഇത് പ്രഖ്യാപിക്കുകയായിരുന്നു. 1979 ലും 1994 ലും ഈജിപ്തും ജോർദാനുമാണ് ആദ്യമായി ഇസ്‌റാഈലുമായി സമാധാന ഉടമ്പടിയിൽ ഒപ്പ് വെച്ചത്. പിന്നീട് രണ്ടര പതിറ്റാണ്ടിന് ശേഷമാണ് മറ്റു രണ്ടു അറബ് രാജ്യങ്ങൾ കൂടി ഇസ്‌റാഈലുമായി കരാറിൽ ഏർപ്പെടുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.