റിയാദ്: സഊദി അറേബ്യ തലസ്ഥാനമായ റിയാദിൽ ബസ് കാത്തിരിപ്പ് കേന്ദ്രം കത്തിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തതായി സഊദി പൊലിസ് അറിയിച്ചു. സഊദിയിൽ തീപിടിത്ത ആക്രമണങ്ങൾ വർധിച്ചെന്ന കണ്ടെത്തലിനിടെയാണ് പുതിയ സംഭവം ഉണ്ടായത്. ബസ് കാത്തിരിപ്പ് കേന്ദ്രം കത്തിക്കാനുണ്ടായ സാഹചര്യമെന്താണെന്ന് പൊലിസ് അറിയിച്ചിട്ടില്ല. പ്രതിയുടെ വിവരങ്ങളും പുറത്തുവിട്ടില്ല.
പ്രതി സഊദി പൗരൻ ആണെന്നാണ് നിഗമനം. പ്രതി ബസ് കാത്തിരിപ്പ് കേന്ദ്രം കത്തിക്കുന്നതായുള്ള വിഡിയോ പുറത്തുവന്നിട്ടുണ്ട്. പരമ്പരാഗത സൗദി വസ്ത്രം ധരിച്ച ഒരാൾ ആദ്യം ഒരു കുപ്പിയിൽ നിന്ന് ഇന്ധനം തളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ശേഷം കുറച്ച് കടലാസുകൾ നിലത്ത് വിതറുകയും ചെയ്യുന്നുണ്ട്. അതിന് ശേഷം ഇന്ധനം കൊണ്ടുവന്ന ഒരു കാനിന്റെ മുകളിൽ കടലാസ് വെച്ച് കത്തിക്കുകയും ശേഷം അത് നേരത്തെ ഇന്ധനം തളിച്ച ചുമരിലേക്ക് തട്ടിയിടുകയും ചെയ്യുന്നുണ്ട്.
യുഎഇ ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയാണ് ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. പ്രതിയുടെ മുഖം മാസ്ക് ചെയ്താണ് വിഡിയോ പങ്കുവെച്ചത്.
അതേസമയം, സമീപ വർഷങ്ങളിൽ തീപിടിത്ത ആക്രമണങ്ങളുടെ പേരിൽ സഊദി അധികൃതർ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ഉടമകളുമായുള്ള തർക്കത്തെത്തുടർന്ന് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ കത്തിച്ചതായി സംശയിക്കുന്ന ഒരു പൗരനെ കഴിഞ്ഞ ഡിസംബറിൽ സഊദി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. വടക്കൻ സഊദി അറേബ്യയിലെ അൽ ജൗഫ് മേഖലയിലെ അൽ ഖുറിയാത്ത് ഗവർണറേറ്റിലായിരുന്നു സംഭവം. കാർ ഉടമകളുടെ വീടിന് പുറത്ത് അവർ തമ്മിലുള്ള വഴക്കിനെ തുടർന്നാണ് സംഭവം നടന്നതെന്ന് പൊലിസ് അറിയിച്ചു.
2021 നവംബറിൽ, രണ്ട് പേർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് സഊദി പൗരന്റെ ഉടമസ്ഥതയിലുള്ള 100 തേനീച്ചക്കൂടുകൾ കത്തിച്ചിരുന്നു. സംഭവത്തിൽ യെമൻ സ്വദേശിയയായ പ്രവാസിയെ അറസ്റ്റ് ചെയ്തതായി സഊദി പൊലിസ് പറഞ്ഞു. സഊദി അറേബ്യയുടെ തെക്ക് പടിഞ്ഞാറൻ മേഖലയായ ജിസാനിലാണ് സംഭവം.
ഒരു മാസം മുമ്പ്, ജിസാനിൽ ജുമുഅ നമസ്‌കരിക്കുന്നതിനിടെ ഒരു സഊദി പൗരന്റെ കാർ കത്തിച്ചിരുന്നു. സമീപത്തെ കടകളിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് പ്രതിയെ പൊലിസ് പിന്നീട് പിടികൂടി.
Comments are closed for this post.