റിയാദ്: സെപ്റ്റംബർ 23ന് 93-ാമത് ദേശീയ ദിനം ആചരിക്കുന്ന സഊദി അറേബ്യയിൽ വിപുലമായ ആഘോഷങ്ങൾ ഒരുക്കും. പൊതുഅവധി ദിനമായ ഈ ദിവസത്തിൽ പ്രതിരോധ മന്ത്രാലയത്തിലിന്റെ നേതൃത്വത്തിൽ വ്യോമ, നാവിക പ്രദർശനങ്ങൾ ഒരുക്കും. ‘നമ്മൾ സ്വപ്നം കാണുന്നു, നമ്മൾ നേടുന്നു’ എന്ന പ്രമേയത്തിലാണ് ഇപ്രാവശ്യത്തെ ദേശീയ ദിനം ആചരിക്കുന്നത്.
രാജ്യത്തിന്റെ കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലകളിലും നാവിക സേന പരേഡുകളും, കപ്പൽ പരേഡുകളും പ്രദർശനങ്ങളും നടത്തും. ജിദ്ദ കടൽത്തീരത്ത് നാവികസേനയുടെ നാവിക കപ്പലുകളുടെ പരേഡ്, സ്പെഷ്യൽ മറൈൻ സെക്യൂരിറ്റി ഗ്രൂപ്പ് ബോട്ടുകളുടെ പരേഡ്, ഹെലികോപ്റ്റർ എയർ ഷോ, സൈനിക പരേഡ് എന്നിവയുണ്ടാകും.
സൈനിക വാഹനങ്ങളുമായുള്ള പരേഡ്, സായുധ സൈനിക പരേഡ്, സൈനിക നീക്കത്തിന്റെ ഡെമോ, ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനം എന്നിവയും ഉണ്ടായിരിക്കും. റിയാദിലെ നാവികസേന റൈഡർമാർക്കുള്ള പരേഡും ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുണ്ടാകും.
റോയൽ സഊദി എയർഫോഴ്സ് ആകാശത്ത് രാജ്യത്തിന്റെ പ്രൗഢി കാക്കുന്ന പ്രദർശനങ്ങളാകും ഒരുക്കുക. ടൈഫൂൺ, എഫ്-15എസ്, ടൊർണാഡോ, എഫ്-15സി തുടങ്ങിയ വിമാനങ്ങൾ ആകാശത്ത് അഭ്യാസ പ്രകടനം നടത്തും. റിയാദ്, ജിദ്ദ, ദമ്മാം, ദഹ്റാൻ, തായിഫ്, അൽ ബഹ, തബൂക്ക്, അൽ ജൗഫ്, ജുബൈൽ, അൽ അഹ്, അബഹ, ഖമീസ് മുഷൈത്ത്, അൽ ഖോബാർ എന്നീ 13 നഗരങ്ങളിലാകും പ്രദർശനങ്ങൾ നടക്കുക. സൗദി ഫാൽക്കൺസ് ടീമും വിവിധ നഗരങ്ങളുടെ ആകാശത്ത് എയർ ഷോകൾ അവതരിപ്പിക്കും.
പരമ്പരാഗത നാടോടി നൃത്തങ്ങൾ, പരമ്പരാഗത ആഘോഷങ്ങൾ എന്നിവക്കും വിവിധ ഇടങ്ങൾ വേദിയാകും. റോഡുകളും കെട്ടിടങ്ങളും സഊദി പതാകകളാൽ അലങ്കരിച്ച് വരികയാണ്. നമ്മൾ സ്വപ്നം കാണുന്നു, നമ്മൾ നേടുന്നു’ എന്ന പ്രമേയത്തിലാണ് ഇപ്രാവശ്യത്തെ ദേശീയ ദിനം ആചരിക്കുന്നത്.
1932-ൽ അബ്ദുല്ല അൽ-സൗദ് രാജാവിന്റെ രാജകൽപ്പനയിലൂടെ നെജ്ദ്, ഹെജാസ് രാജ്യങ്ങളെ സഊദി അറേബ്യ എന്ന പേരിൽ പുനർനാമകരണം ചെയ്തതിന്റെ ഓർമയിലാണ് രാജ്യം ദേശീയ ദിനം ആചരിക്കുന്നത്. 2007 മുതൽ ദേശീയ ദിനം രാജ്യത്ത് പൊതുഅവധിയാണ്. ഇത്തവണ ദേശീയ ദിനം ശനിയാഴ്‌ച ആയതിനാൽ വെള്ളിയാഴ്ചത്തെ അവധി ഉൾപ്പെടെ രണ്ട് ദിവസം തുടർച്ചായി അവധി ലഭിക്കും.
Comments are closed for this post.