2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എണ്ണയിറക്കുമതി ട്രംപ് തടയുമെന്ന് റിപ്പോർട്ടുകൾ, അമേരിക്കയിലേക്കുള്ള എണ്ണക്കപ്പൽ റൂട്ട് സഊദി മാറ്റുന്നു

അബ്‌ദുസ്സലാം കൂടരഞ്ഞി

   റിയാദ്: ആഗോള എണ്ണ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ എണ്ണ വിതരണം തടയാൻ അമേരിക്ക ശ്രമിക്കുമെന്നും അതിനെതിരെ ലോകത്തെ ഏറ്റവും വലിയ എണ്ണകയറ്റുമതി രാജ്യമായ സഊദി അറേബ്യ ശ്രമം തുടങ്ങിയതായും റിപ്പോർട്ടുകൾ. ഷിപ്പിംഗ്, ട്രേഡിങ് കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് വാർത്തകൾ പുറത്ത് വന്നത്. സഊരിദിൽ നിന്നും അമേരിക്കയിലേക്ക് എണ്ണയുമായി പുറപ്പെട്ട കപ്പലുകൾ തടയാൻ നിലവിലെ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഉത്തരവിടുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തരമൊരു സാഹചര്യത്തിൽ കപ്പൽ സഞ്ചാര ദിശ മാറ്റാനുള്ള തീരുമാനവുമായാണ് സഊദി അധികൃതരെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമേരിക്കയിലെ എണ്ണ വിപണി കൂപ്പു കുത്തുകയും നെഗറ്റിവിൽ വ്യാപാരം നടക്കുകയും ചെയ്‌തതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

    സഊദിയിൽ നിന്നും നാൽപത് മില്യൺ ബാരൽ എണ്ണയാണ് അമേരിക്കയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. വരും ആഴ്ചകളിലും ഇവ അമേരിക്കയിൽ എത്തിച്ചേരുമെന്നതിനാൽ അമേരിക്കയിലെ എണ്ണവിപണി ഇതിനകം തന്നെ കടുത്ത നഷ്‌ടം നേടിരുന്ന അവസത്തിൽ കപ്പലുകളുടെ വരവ് തടയേണ്ടതിന്റെ ആവശ്യകത അമേരിക്കക്കുണ്ടെന്നും അതിനായി ട്രംപ് നിർദേശം നൽകുമെന്നുമാണ് റിപ്പോർട്ടുകൾ. സഊദി ക്രൂഡ് ഓയിൽ കയറ്റുമതി തടയുന്നതിനോ കയറ്റുമതിക്ക് തീരുവ ഏർപ്പെടുത്തുന്നതിനോ വാഷിംഗ്ടൺ ആലോചിക്കുന്നുണ്ടെന്ന് യുഎസ് അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ക്രൂഡ് ഓയിലുമായി കപ്പലുകൾ‌ ചാർ‌ട്ടർ‌ ചെയ്‌തപ്പോൾ‌ ടാങ്കർ‌ ഉടമകളിൽ‌ നിന്നും ചരക്കുകൾ‌ക്കായി സംഭരണ സംവിധാനം ഉണ്ടാക്കാൻ സഊദി ശ്രമം നടത്തിയിരുന്നെങ്കിലും ടാങ്കർ ഉടമകൾ ഉയർന്ന തുക ആവശ്യപ്പെട്ടതിനാൽ ഇത് വിജയം കണ്ടിരുന്നില്ല. 20 ലക്ഷം ബാരൽ ശേഷിയുള്ള 19 സൂപ്പർ ടാങ്കറുകൾ പ്രധാന യുഎസ് ടെർമിനലുകളിലേക്ക് യാത്ര ചെയ്യുന്നുവെന്നും സഊദി അറേബ്യ ചാർട്ടർ ചെയ്‌ത വേറെ മൂന്ന് ടാങ്കറുകൾ കൂടി നിലവിൽ യുഎസ് ഗൾഫ് തുറമുഖങ്ങൾക്ക് പുറത്ത് നങ്കൂരമിട്ടതായും ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നുണ്ട്.

     അമേരിക്ക ഇറക്കുമതി തടഞ്ഞാൽ ചരക്കുകൾ മറ്റെവിടെയെങ്കിലും തിരിച്ചുവിടാൻ സഊദി അറേബ്യ ശ്രമം തുടങ്ങിയതായി രണ്ടു കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. അതേസമയം, ക്രൂഡ് ഓയിൽ വാങ്ങുന്നതിന് ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ റിഫൈനറികളുമായി സഊദി അരാംകോ നീക്കങ്ങൾ നടത്തിയിട്ടുണ്ട്. കപ്പൽ സഞ്ചാര പാതകളിൽ ലക്ഷ്യസ്ഥാനങ്ങളിലെ മാറ്റങ്ങൾ പതിവാണെന്നും റോയിട്ടേഴ്‌സിന് നൽകിയ പ്രസ്‌താവനയിൽ കമ്പനി അറിയിച്ചു. സഊദി കപ്പലുകൾക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയാൽ നിലവിൽ യാത്രയിലുള്ള കപ്പലുകൾ യൂറോപ്പ്, ഏഷ്യ മേഖലകളിലെ മറ്റു വിപണികളിലേക്ക് തിരിച്ചുവിടാൻ സഊദി ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് രണ്ട് പ്രദേശങ്ങളിലെ സംഭരണ ടാങ്കുകളിൽ വലിയ സമ്മർദ്ദം ചെലുത്തുമെന്നും യൂറോപ്യൻ, ഏഷ്യൻ വിപണികളിലെ സജീവ എണ്ണ വ്യാപാരികൾ വെളിപെപ്പെടുത്തി. ഇതിനകം തന്നെ യൂറോപ്പിലെ എണ്ണസംഭരണികൾ നിറഞ്ഞിട്ടുണ്ട്. പക്ഷേ തീർച്ചയായും സഊദി അരാംകോ ഇത് കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുന്നുവെങ്കിൽ ഇവർ വീണ്ടും ഏറ്റെടുക്കുമെന്നും വ്യാപാരികൾ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.