2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സഊദി ഹജ്ജ് എക്‌സ്‌പോ ജനുവരി 9-12 തീയതികളില്‍

ജിദ്ദ: ഈ വര്‍ഷത്തെ സഊദി ഹജ്ജ് എക്‌സ്‌പോ ജനുവരി 9-12 തീയതികളില്‍ ജിദ്ദയില്‍ നടക്കും. തീര്‍ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനുള്ള നൂതന സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും സേവനങ്ങളും പരിഹാരങ്ങളും അവലോകനം ചെയ്യുന്നതിനുമാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ഹജ്ജ്, ഉംറ സേവനങ്ങളുടെ പ്രദര്‍ശനവും സമ്മേളനങ്ങളും എക്‌സ്‌പോയുടെ പ്രത്യേകതയാണ്. വര്‍ക്ക്‌ഷോപ്പുകള്‍, പരിശീലന പരിപാടികള്‍ എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.

സല്‍മാന്‍ രാജാവിന്റെ ഉപദേശകനും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ മേല്‍നോട്ടത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൗദി വിഷന്‍ 2030ന്റെ ഭാഗമായി ഇരു ഹറമുകളിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്രകള്‍ മെച്ചപ്പെടുത്തുന്നതിനും അവരുടെ മതപരവും സാംസ്‌കാരികവുമായ അനുഭവങ്ങള്‍ സമ്പന്നമാക്കുന്നതിനും മന്ത്രാലയം ശ്രമങ്ങള്‍ നടത്തിവരികയാണ്. തീര്‍ഥാടകര്‍ക്ക് മികച്ച അനുഭവങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാനും നാല് ദിവസത്തെ ഇവന്റ് ലക്ഷ്യമിടുന്നു.

സാങ്കേതിക പുരോഗതികള്‍ ചര്‍ച്ച ചെയ്യുക, നൂതന സംവിധാനങ്ങള്‍ ആസൂത്രണം ചെയ്യുക, തീര്‍ഥാടകരുടെ ഭാവി ആവശ്യങ്ങള്‍ മുന്‍കൂട്ടി കാണുന്നതിന് പ്രാദേശിക-ആഗോള പങ്കാളിത്തങ്ങള്‍ക്കും കരാറുകള്‍ക്കും സംരംഭങ്ങള്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതും ഹജ്ജ് എക്‌സ്‌പോയുടെ ലക്ഷ്യങ്ങളില്‍ പെടുന്നു. തീര്‍ഥാടകര്‍ക്ക് സഊദി അറേബ്യ നല്‍കുന്ന പദ്ധതികളും സേവനങ്ങളും എക്‌സ്‌പോയില്‍ അവതരിപ്പിക്കുമെന്ന് ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു. ഹജ്ജും ഉംറയും സുഗമമാക്കുന്നതിനും സൗദി വിഷന്‍-2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായി സര്‍ഗ്ഗാത്മക ചിന്തകര്‍ക്ക് ഒത്തുചേരാനും അവരുടെ അറിവ് പങ്കിടാനുമുള്ള അവസരമാണിതെന്ന് മന്ത്രി വിശദീകരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.