റിയാദ്: തീവ്രവാദ ആക്രമണം നടത്തിയതിന് അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ. നാല് സഊദി പൗരന്മാരുടെയും ഒരു ഈജിപ്ഷ്യൻ പൗരന്റെയും വധശിക്ഷയാണ് നടപ്പിലാക്കിയത്. സഊദിയിലെ ആരാധനാലയത്തിന് നേരെ നടത്തിയ ആക്രമണ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. ഇവർ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതോടെ ഈ വർഷം സഊദി അറേബ്യ വധശിക്ഷ നൽകിയവരുടെ എണ്ണം 68 ആയി. തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് മെയ് മാസത്തിൽ മാത്രം 20 ലധികം വധശിക്ഷകൾ നടപ്പാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. മെയ് അവസാനത്തോടെ, ഭീകരപ്രവർത്തനത്തിന് ശിക്ഷിക്കപ്പെട്ട രണ്ട് ബഹ്‌റൈനികളെ വധിച്ചതായിരുന്നു ഇതിന് തൊട്ടുമുൻപുള്ള സംഭവം.
കഴിഞ്ഞ വർഷം, സഊദി അറേബ്യ മൊത്തം 147 പേരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. 2022-ൽ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് പിടിയിലായ 81 പേരുടെ വധശിക്ഷ ഒരൊറ്റ ദിവസം നടപ്പിലാക്കിയിരുന്നു. 2021 ൽ 69 പേരെയാണ് മൊത്തം വധശിക്ഷക്ക് വിധേയമാക്കിയത്.
മുൻപത്തെ അപേക്ഷിച്ച് വധശിക്ഷകൾ കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് സഊദി അറേബ്യ. കൊലപാതകം, നിരവധിപേരുടെ ജീവന് ഭീഷണിയാകൽ തുടങ്ങിയ കാര്യങ്ങൾക്ക് മാത്രമാണ് നിലവിൽ വധശിക്ഷകൾ നടപ്പിലാക്കി വരുന്നതെന്ന് സഊദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരത്തെ പറഞ്ഞിരുന്നു.
Comments are closed for this post.