2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സഊദിയില്‍ ഒരാഴ്ചയ്ക്കിടെ 15,328 നിയമലംഘകര്‍ പിടിയില്‍; നേരത്തേ അറസ്റ്റിലായ 13,250 പേരെ നാടുകടത്തി

റിയാദ്: ഒരാഴ്ചയ്ക്കിടെ സഊദിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി താമസ-തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ച 15,328 ഓളം പേരെ അറസ്റ്റ് ചെയ്തു. ഡിസംബര്‍ 22 മുതല്‍ 28 വരെ സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്. നേരത്തേ അറസ്റ്റിലായ 13,250 പേരെ ഒരാഴ്ചയ്ക്കിടെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇഖാമ നിയമലംഘനത്തിന് 8,808 പേരും അതിര്‍ത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിച്ചതിന് 4,038 പേരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 2,482 പേരുമാണ് അറസ്റ്റിലായത്. രേഖകളില്ലാതെ അതിര്‍ത്തിയിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ 552 പേര്‍ അറസ്റ്റിലായി. ഇവരില്‍ 48% യെമനികളും 47% എത്യോപ്യക്കാരും 5% മറ്റ് രാജ്യക്കാരുമാണ്. രേഖകളില്ലാതെ സഊദിയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച് 116 പേരും പിടിക്കപ്പെട്ടു. താമസ, തൊഴില്‍ ചട്ടങ്ങള്‍ ലംഘിച്ചവര്‍ക്ക് യാത്രാ സൗകര്യമൊരുക്കല്‍, അഭയം നല്‍കല്‍, നിയമലംഘനം മറച്ചുവയ്ക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 10 പേരും ഇക്കാലയളവില്‍ അറസ്റ്റിലായി.

36,787 നിയമലംഘകരെ നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരികയാണ്. ഇവരില്‍ 1,640 പേര്‍ സ്ത്രീകളാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.