റിയാദ്: മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം ശക്തമാക്കി സഊദി അറേബ്യ. ഇതിന്റെ ഭാഗമായി മയക്കുമരുന്ന് കണ്ടെത്താനും തടയാനും വേണ്ടി 512 ഉദ്യോഗസ്ഥരെ കൂടി നിയമിച്ചു. ലഹരിക്കെതിരെ പോരാടാനുള്ള പ്രത്യേക പരിശീലനം പ്രിൻസസ് നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അക്കാദമിയില്‍നിന്നും പൂർത്തിയാക്കിയാണ് 512 അംഗ ഉദ്യോഗസ്ഥ സംഘം പുറത്തിറങ്ങിയത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പ്രത്യേക സേനാവിഭാഗം പ്രവർത്തിച്ചു വരുന്നത്.
നൂതന സാങ്കേതിക വിദ്യയോട് കൂടിയ പരിശീലനമാണ് ഉദ്യോഗസ്ഥ സംഘം പൂർത്തിയാക്കിയത്. രാജ്യത്ത് നിന്നും ലഹരി ഉൽപന്നങ്ങൾ നിർമാർജനം ചെയ്യുന്നതിനാവശ്യമായ എല്ലാവിധ പരിശീലനവും ഇവർക്ക് നൽകിയിട്ടുണ്ടെന്നാണ് ഭരണകൂടം നൽകുന്ന വിശദീകരണം. ലഹരിക്കടത്ത് സംഘങ്ങൾ ലഹരി കടത്തുന്നതിനായി വ്യത്യസ്തങ്ങളായ മാർഗങ്ങൾ കണ്ടെത്തുന്നതിനാൽ അവരെ പിടികൂടാൻ സാങ്കേതിക വിദ്യയുടെ സഹായം ആവശ്യമാണ്.
പുതിയ നിയമനത്തിന് പിന്നാലെ രാജ്യത്തെ ഹൈവേകളിലും സംശയകരമായ പ്രദേശങ്ങളിലും ചെക് പോയിൻറുകളും നിരീക്ഷണം വർധിപ്പിച്ചിട്ടുണ്ട്. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ് തങ്ങളെന്ന് ഭരണകൂടം അറിയിച്ചു. ലഹരിക്കടത്തിന് പിടികൂടുന്നവർക്ക് വധശിക്ഷ ഉൾപ്പെടെ നിയമം നിലവിലുള്ള രാജ്യമാണ് സഊദി അറേബ്യ.
ഉദ്യോഗാർഥികളുടെ ഗ്രാജുവേഷന് പ്രോഗ്രാം ഡ്രഗ് കണ്ട്രോൾ ഡയറക്ടർ ജനറൽ മേജർ മുഹമ്മദ് അൽഖർനി നിർവഹിച്ചു. ഉദ്യോഗാർഥികൾക്ക് മേജർ ആശംസകൾ നേർന്നു സംസാരിച്ചു.
Comments are closed for this post.