2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് 19: സഊദിയുടെ കാരുണ്യം, സ്വകാര്യ മേഖലകളുൾപ്പെടെ 120 ബില്യൺ റിയാലിന്റെ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചു

കേന്ദ്ര ബാങ്ക് 50 ബില്യൺ റിയാൽ സഹായവും പ്രഖ്യാപിച്ചു 
 
ലെവി നൽകാതെ മൂന്ന് മാസത്തേക്ക് ഇഖാമ പുതുക്കി നൽകും, 
 
സ്റ്റാമ്പ് ചെയ്യാത്ത തൊഴില്‍ വിസയുടെ പണം തൊഴിലുടമക്ക് തിരികെ നല്‍കുകയോ സ്റ്റാമ്പ് ചെയ്യാന്‍ മൂന്നു മാസം കൂടി സാവകാശം നല്‍കുകയോ ചെയ്യും
 
നാട്ടില്‍ പോകാന്‍ കഴിയാത്തവരുടെ റീ എന്‍ട്രി വിസ മൂന്നു മാസത്തേക്ക് നീട്ടിനല്‍കാന്‍ തൊഴിലുടമകള്‍ക്ക് സാധിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് സഊദി നടത്തിയത്. 

അബ്ദുസ്സലാം കൂടരഞ്ഞി 

   റിയാദ്: കൊവിഡ് 19 വൈറസ് വ്യാപന പശ്ചാത്തലത്തിൽ ആശ്വാസമേകാനായി സഊദി ഭരണകൂടം സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചു. സ്വകാര്യമേഖല ഉൾപ്പെടെയുള്ള രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ അടിയന്തിര നടപടികൾ നടപ്പിലാക്കുന്നതിനായി 120 ബില്യൺ സഊദി റിയാൽ ഉത്തേജക പാക്കേജുകൾക്കാണ് സഊദി ധനകാര്യ മന്ത്രി ആദിൽ അൽ ജദ്ആൻ പ്രഖ്യാപിച്ചത്. സ്വകാര്യമേഖലയെയും, പ്രത്യേകിച്ചും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും വൈറസ് ബാധിച്ച സാമ്പത്തിക പ്രവർത്തനങ്ങളെയും സഹായിക്കുന്നതിനാണ് സഹായം. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 70 ബില്യന്‍ റിയാലിന്റെ സഹായ പാക്കേജാണ് പ്രഖ്യാപിച്ചത്.
      ബാങ്കിംഗ് മേഖലയെയും ധനകാര്യ സ്ഥാപനങ്ങളെയും സഹായിക്കുന്നതിനായി  സഊദി കേന്ദ്ര ബാങ്കായ അറേബ്യൻ മോണിറ്ററി അതോറിറ്റി 50 ബില്യൺ റിയാലിന്റെ ഉത്തേജക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. 2020 ജൂൺ 30 വരെ ഇഖാമ തീരുന്നവർക്ക് ലെവി കൂടാതെ മൂന്ന് മാസത്തേക്ക് ഇഖാമ പുതുക്കി നൽകൽ, സഊദിയിലേക്ക് വിലക്ക് നിലവിൽ വന്നതിനാൽ വരാൻ കഴിയാതെ നിൽക്കുന്ന വിസയുടെ ചാർജ് മടക്കി നൽകൽ, പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്തിട്ടുണ്ടെങ്കിലും തിരിച്ചു നൽകുകയോ ഫീസ് ഈടാക്കാതെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി നൽകുകയോ ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്കാണ് ഉത്തേജക പാക്കേജ് സഹായം ചെയ്യുക. 
    കൂടാതെ, മൂല്യവർധിത നികുതി, എക്സൈസ് നികുതി, ആദായനികുതി, സകാത്ത് വിവരങ്ങൾ സമർപ്പിക്കൽ, സകാത് അടക്കൽ എന്നിവക്ക് ബിസിനസ്സ് ഉടമകൾക്ക് മൂന്ന് മാസത്തേക്ക് സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മുൻകൂർ തുക നൽകണമെന്ന വ്യവസ്ഥ ബാധകമാക്കാതെ 2019 സാമ്പത്തിക വർഷത്തേ സകാത്ത് സർട്ടിഫിക്കറ്റുകൾ നിയന്ത്രങ്ങളില്ലാതെ അനുവദിക്കാനും ജനറൽ അതോറിറ്റി ഓഫ് സകാത്ത്, ആദായനികുതി എന്നിവയിലേക്ക് തവണകളായി തുക അടക്കാനും അനുവദിക്കും. 
       കൂടാതെ, ചില സർക്കാർ സേവന ഫീസുകളും സ്വകാര്യമേഖലയിൽ അടയ്‌ക്കേണ്ട മുനിസിപ്പൽ ഫീസും മൂന്നുമാസത്തേക്ക് മാറ്റിവെക്കുകയും ചെയ്തതടക്കമുള്ള സമയ പരിധി ആശ്വാസ പാക്കേജുകളും സഊദി പ്രഖ്യാപിച്ചു. കോർപ്പറേറ്റ് സുസ്ഥിരതാ പ്രോഗ്രാം സംരംഭത്തിന് കീഴിൽ വായ്പ നൽകുന്നതിനും മറ്റ് തരത്തിലുള്ള ധനസഹായത്തിനും 2020 അവസാനം വരെ അനുവദിച്ച വായ്പകളുടെ ഫീസ്, തിരിച്ചടവ് എന്നിവ ഒഴിവാക്കുന്നതിനും ധനകാര്യ മന്ത്രാലയം അംഗീകാരം നൽകി.
       കൊറോണ വൈറസ് എന്ന ആഗോള മഹാമാരി പ്രതിസന്ധിയുടെ അഭൂതപൂർവമായ പ്രത്യാഘാതങ്ങളെയും പരിണതഫലങ്ങളെയും നേരിടാനാണ് സഊദി ശ്രമിക്കുന്നത്. അതിനായി  പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും  സാമ്പത്തിക ആഘാതം പരിഹരിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സാമ്പത്തിക ഉത്തേജക പാക്കേജുകളെന്നു ധനകാര്യ മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിന് സർക്കാർ അടിയന്തര സാമ്പത്തിക സ്രോതസ്സുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും മുൻകരുതലുകളും ശക്തമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വൈറസ്  വ്യാപനം തടയുന്നതിനും പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനുമുള്ള പ്രതിരോധ നടപടികളും ശക്തമാക്കുകയും ഉറപ്പാകുകയാണ് സർക്കാർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.