
ജിദ്ദ: സഊദി അറേബ്യയില്‍ പൊതു സിനിമാ ശാലകള്‍ക്ക് അനുമതി നല്കാന് തീരുമാനം. സാംസ്കാരിക, വിവര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2018 മാര്‍ച്ചില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുമെന്നാണ് മന്ത്രാലയത്തില്‍ നിന്നുള്ള അറിയിപ്പ്.
മന്ത്രി അവാദ് അല്‍ അവാദിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. വാണിജ്യാടിസ്ഥാനത്തില്‍ സിനിമാ ശാലകള്‍ അനുവദിക്കുന്നതിനാണ് പ്രമേയം.
സിനിമാ മേഖല രാജ്യത്തിന്റെ ജി.ഡി.പിയിലേക്ക് 90 മില്യണ്‍ സഊദി റിയാല്‍ കൂട്ടിച്ചേര്‍ക്കുമെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇത് 2030 ഓടെ 30,000 സ്ഥിരം ജോലിയും 1,30,000 താല്‍ക്കാലിക ജോലിയും സൃഷ്ടിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
സിനിമയിലെ ഉള്ളടക്കം രാജ്യത്തിന്റെ വിവര നയത്തിന് വിധേയമായിട്ടായിരിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. സഊദിയുടെ മൂല്യത്തിനും പാരമ്പര്യത്തിനും ചേരുന്നതായിരിക്കണം അതെന്നും നിര്‍ദേശമുണ്ട്.