2021 June 23 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നജ്‌റാൻ വാഹനാപകടം; മലയാളി നഴ്‌സുമാരുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തും

റിയാദ്: സഊദി അറേബ്യയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങൾ ഞായറാഴ്ച നാട്ടിലെത്തിക്കും. നജ്റാൻ കിങ് ഖാലിദ് ആശുപത്രി നഴ്‌സുമാരായ കോട്ടയം കുഴിമറ്റം പാച്ചിറത്തോപ്പിൽ ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം നെയ്യാറ്റിൻകര താന്നിമൂട് ഹരേ രാമയിൽ അശ്വതി വിജയൻ (31) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച എത്തിക്കുന്നത്. നജ്‌റാനിൽ നിന്നും വെള്ളിയാഴ്ച വിമാനമാർഗം ജിദ്ദയിലെത്തുന്ന മൃതദേഹം അബുദാബി വഴിയാണ് ഞായറാഴ്ച തിരുവനന്തപുരത്തെത്തുക. 

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ ഇടപെടൽ വഴി ജിദ്ദയിലെ ഇന്ത്യൻ കോൺസലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ ഉദ്യോഗസ്ഥർ നജ്റാനിൽ നാല് ദിവസം അവിടെ ക്യാമ്പ് ചെയ്താണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. സാധാരണ ഗതിയിൽ പത്ത് ദിവസങ്ങൾ കൊണ്ടാണ് ഇത്തരം അപകട കേസുകളിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതശരീരം വിട്ടുനൽകുന്നത്.

അപകട വിവരം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ അറിയിക്കുകയും ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ശരിയായ വിവരങ്ങൾ യഥാസമയം കോൺസുലേറ്റ് ജനറലിനെയും കുടുംബങ്ങളെയും അറിയിക്കാനും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്ന നടപടി ക്രമങ്ങൾക്കും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സഊദി ഘടകം വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. യുഎൻഎ സഊദി കോ-ഓർഡിനേറ്റർ മൈജോ ജോൺ, സഊദി കോ-ഓർഡിനേറ്ററും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ ഏകോപന വിഭാഗം അംഗവുമായ സലിം, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹികക്ഷേമം ഏകോപന വിഭാഗം മെമ്പറും മക്ക യുഎൻഎ കോ-ഓർഡിനേറ്ററുമായ ഷമീം നരിക്കുനി, മറ്റു റീജിയണൽ കോർഡിനേറ്റർമാർ, നജ്‌റാൻ കോ-ഓർഡിനേറ്റർ അബൂബക്കർ, നജ്റാനിലെ ജീവകാരുണ്യ പ്രവർത്തകൻ അനിൽ രാമചന്ദ്രൻ എന്നിവരും സഹായങ്ങൾക്കായി വിവിധ ഘട്ടങ്ങളിലായി രംഗത്തുണ്ടായിരുന്നു.

പൂർണ പിന്തുണ നൽകിയ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ, ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, സാമൂഹിക ക്ഷേമ വിഭാഗം കോൺസൽ ഡോ: മുഹമ്മദ് അലീം, കിംഗ് ഖാലിദ് ഹോസ്പിറ്റൽ അധികൃതർ തുടങ്ങി സഹകരിച്ച എല്ലാവര്ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നതായി യുഎൻഎ സഊദി ഘടകം അറിയിച്ചു.

അപകടത്തിൽ പരിക്കേറ്റ് നജ്‌റാനിൽ ചികിത്സയിൽ കഴിയുന്ന മറ്റുള്ളവ നഴ്‌സുമാരുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി കൈവന്നിട്ടുണ്ടെന്നും അവർക്കു വേണ്ട എല്ലാ സഹായ സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്നും അടുത്ത കുടുംബങ്ങളെ ബന്ധപ്പെട്ടു രോഗ വിവരങ്ങൾ കൈമാറുന്നുണ്ടെന്നും നജ്‌റാൻ ഘടകം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.