2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുസ്‌ലിംകള്‍ അനര്‍ഹമായി വല്ലതും അടിച്ചുകൊണ്ടു പോവുന്നുണ്ടെങ്കില്‍ കണക്കുകള്‍ പുറത്തു വിടണം: സത്താര്‍ പന്തല്ലൂര്‍

 

കോഴിക്കോട്: കേരളത്തിലെ മുസ്ലിംകള്‍ അനര്‍ഹമായി അടിച്ചുകൊണ്ടു പോവുന്നു എന്ന് ആരോപിക്കുന്നവര്‍ യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടണമെന്ന് സുന്നിയുവജന സംഘടന നേതാവ് സത്താര്‍ പന്തല്ലൂര്‍. കേരളം നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നിലെത്തിനില്‍ക്കെ കേരളത്തിലെ മുസ് ലിം സമുദായത്തെ ലക്ഷ്യംവച്ചുകൊണ്ടാണ് പല പ്രചാരണങ്ങളും നടക്കുന്നത്. മുസ് ലിംകള്‍ അനര്‍ഹമായി പലതും അടിച്ചുമാറ്റുന്നു എന്നും സര്‍ക്കാറുകളില്‍ നിന്ന് പലതും അവിഹിതമായി കൈപറ്റുന്നു എന്നുമാണ് മുഖ്യപ്രചാരണം. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഞങ്ങള്‍ ഒന്നും അറിഞ്ഞില്ലേ എന്ന മനോഭാവത്തില്‍ നില്‍ക്കുകയാണ് സര്‍ക്കാറും പ്രമുഖ രാഷ്ട്രീയ കക്ഷികളും. തെരഞ്ഞെടുപ്പിന്റെ മുന്നില്‍ അത്തരമൊരു പ്രചാരണം നടന്നാല്‍ അത് തങ്ങളുടെ അധികാര വാഴ്ചക്ക് എളുപ്പമാകും എന്നതാണ് അവരുടെ കണക്കുകൂട്ടല്‍ എന്ന് ഈ മൗനം വ്യക്തമാക്കുന്നു. ഇത് അപകടകരമാണ്. നാടിന്റെ ഭാവിയെ കളങ്കപ്പെടുത്താനേ ഇത്തരം നീക്കങ്ങള്‍ ഇടവരുത്തൂ.
മുസ് ലിംകള്‍ക്ക് മറ്റൊരാളുടെയും അവകാശത്തില്‍ നിന്ന് മുടിനാരിഴ ആവശ്യമില്ല. പക്ഷേ, തങ്ങളുടെ അവകാശങ്ങളില്‍ നിന്ന് ഒരു കടുകുമണി മറ്റുള്ളവര്‍ക്ക് എടുത്തു കൊടുക്കുന്നതും ശരിയല്ല. തങ്ങള്‍ ഈ സംസ്ഥാനത്തിലെ ജനസംഖ്യയുടെ 27 ശതമാനമുണ്ട്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമ്പോഴടക്കം ഇക്കാര്യം എല്ലാവരും കണ്ണു തുറന്നു കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അടിച്ചു മാറ്റുന്ന മുസ്ലിംകള്‍

ഒരു നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നിലാണല്ലോ കേരളം. അധികാരത്തിലെത്താനുള്ള വഴികള്‍ ഓരോ പാര്‍ട്ടികളും തേടികൊണ്ടിരിക്കുകയും അതിനനുസരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരിക്കുന്ന സമയം. പതിവിന് വിരുദ്ധമായി നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വര്‍ഗീയ ചേരിതിരിവിനു വഴിമരുന്നിടുന്ന പ്രചാരണങ്ങള്‍ക്കാണ് മേല്‍ക്കൈ. സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി ഫേക്ക് അക്കൗണ്ടുകളിലൂടെ വ്യാജ പ്രചാരണങ്ങളും വിദ്വേഷവാര്‍ത്തകളും പടച്ചുവിടുകയാണ് പലരും.

കേരളത്തിലെ മുസ്ലിം സമുദായത്തെ ടാര്‍ഗറ്റ് ചെയ്തു കൊണ്ടാണ് പല പ്രചാരണങ്ങളും നടക്കുന്നത്. മുസ് ലിംകള്‍ അനര്‍ഹമായി പലതും അടിച്ചുമാറ്റുന്നു എന്നും സര്‍ക്കാറുകളില്‍ നിന്ന് പലതും അവിഹിതമായി കൈപറ്റുന്നു എന്നുമാണ് മുഖ്യ പ്രചാരണം. വിവിധ സ്‌കോളര്‍ഷിപ്പുകളും ആനുകൂല്യങ്ങളും മുസ് ലിംകള്‍ കുത്തകയാക്കുന്നു എന്നും ഇവര്‍ പറഞ്ഞു പരത്തുന്നുണ്ട്. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഞങ്ങള്‍ ഒന്നും അറിഞ്ഞില്ലേ എന്ന മനോഭാവത്തില്‍ നില്‍ക്കുകയാണ് സര്‍ക്കാറും പ്രമുഖ രാഷ്ട്രീയ കക്ഷികളും. തെരഞ്ഞെടുപ്പിന്റെ മുന്നില്‍ അത്തരമൊരു പ്രചാരണം നടന്നാല്‍ അത് തങ്ങളുടെ അധികാര വാഴ്ചക്ക് എളുപ്പമാകും എന്നതാണ് അവരുടെ കണക്കുകൂട്ടല്‍ എന്ന് ഈ മൗനം വ്യക്തമാക്കുന്നു. ഇത് അപകടകരമാണ്. നാടിന്റെ ഭാവിയെ കളങ്കപ്പെടുത്താനേ ഇത്തരം നീക്കങ്ങള്‍ ഇടവരുത്തൂ.

ഇവിടെ സര്‍ക്കാറിനും മുഖ്യധാര പാര്‍ടികള്‍ക്കും ഉത്തരവാദിത്വമുണ്ട്. ഇങ്ങനെ മുസ്ലിംകള്‍ അനര്‍ഹമായി വല്ലതും അടിച്ചു കൊണ്ടു പോവുന്നുണ്ടെങ്കില്‍, അതിന്റെ കണക്കുകള്‍ പുറത്തു വിടണം. വിവിധ സ്‌കോളര്‍ഷിപ്പുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ആരോപണങ്ങളുടെ വസ്തുതയും അത്തരം പദ്ധതികള്‍ നടപ്പിലാക്കാനുണ്ടായ പശ്ചാത്തലവും ഉറക്കെ പറയണം. സര്‍ക്കാര്‍ സര്‍വീസുകളിലും മറ്റും പ്രാതിനിധ്യമുള്ള മുസ്ലിംകളുടെയും മറ്റിതര വിഭാഗങ്ങളുടെയും ജാതിയും മതവും തിരിച്ചുള്ള ഏറ്റവും പുതിയ കണക്കുകളും പുറത്ത് പറയട്ടെ. ഈ നാട്ടില്‍ മൈത്രിയും സാഹോദര്യവും നിലനില്‍ക്കണമെന്ന് അതിയായി ആഗ്രഹിക്കുന്ന ഒരു സമുദായമെന്ന നിലക്ക് മുസ് ലിംകള്‍ അക്കാര്യം സര്‍ക്കാറിനോടും ബന്ധപ്പെട്ടവരോടും ആവശ്യപ്പെട്ടതാണ്.

അതിനു പകരം ഗുരുതരമായ മൗനങ്ങളുടെ വാല്‍മീകങ്ങളിലൊളിച്ച്, അധികാരം കൊയ്യാനാണ് തല്‍പര കക്ഷികളുടെ ഭാവമെങ്കില്‍ അത് അപകടകരമാണ്. താല്‍ക്കാലിക രാഷ്ട്രീയ ലാഭം സമ്മാനിച്ചാലും ഗുരുതര പ്രത്യാഘാതമായിരിക്കും അതിന്റെ ഫലം. ഒരു സമുദായമെന്ന നിലക്ക് മുസ് ലിംകള്‍ക്ക് ഈ നാട്ടിലെ രാഷ്ട്രീയ കക്ഷികളോടും സര്‍ക്കാറുകളോടും ഒന്നേ പറയാനുള്ളൂ. ഞങ്ങള്‍ക്ക് മറ്റൊരാളുടെയും അവകാശത്തില്‍ നിന്ന് മുടിനാരിഴ ആവശ്യമില്ല. പക്ഷേ, ഞങ്ങളുടെ അവകാശങ്ങളില്‍ നിന്ന് ഒരു കടുകുമണി മറ്റുള്ളവര്‍ക്ക് എടുത്തു കൊടുക്കുന്നതും ശരിയല്ല. ഞങ്ങള്‍ ഈ സംസ്ഥാനത്തിലെ 27 ശതമാനമുണ്ട്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്പോഴടക്കം ഇക്കാര്യം എല്ലാവരും കണ്ണു തുറന്നു കാണണം. അഥവാ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പാക്കാന്‍ ശ്രമിക്കണം. അങ്ങനെ ഈ നാട്ടില്‍ തുല്യനീതിയും മൈത്രിയും പുലര്‍ന്നു സാമുദായിക സന്തുലിതാവസ്ഥ നിലനില്‍ക്കണം. ബദ്ധപ്പെട്ടവരെല്ലാം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.